എസ്‌യുവികളെ അരിഞ്ഞ്‌വീഴ്ത്തി നമ്പര്‍ 1 കാറായി എംപിവി! 7 പേര്‍ക്ക് കയറാം, 26 കി.മീ മൈലേജും
2024 സെപ്റ്റംബര്‍ മാസത്തെ കാര്‍ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടിരുന്ന കാറായി മാറിയ ടാറ്റ പഞ്ച് കഴിഞ്ഞ മാസം എട്ടാം സ്ഥാനത്തേക്ക് പതിച്ചിരിക്കുകയാണ്. ഓഗസ്റ്റിന് പിന്നാലെ സെപ്റ്റംബറിലും മാരുതി സുസുക്കി നഷ്ടപ്പെട്ട സിംഹാസനം നിലനിര്‍ത്തി. എന്നാല്‍ രാജാവ് മാറിയെന്ന് മാത്രം. ഓഗസ്റ്റില്‍ മാരുതി ബ്രെസയായിരുന്നുവെങ്കില്‍ സെപ്റ്റംബറില്‍ ഇന്ത്യില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കാറായി മാറിയത് മാരുതിയുടെ തന്നെ എര്‍ട്ടിഗ എംപിവിയാണ്. ഇന്ത്യയില്‍ കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ 10 കാറുകള്‍ ഏതൊക്കെയാണെന്നാണ് നമ്മള്‍ ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്.
7 പേരെ ഉള്‍ക്കൊള്ളുകയും കാര്യക്ഷമമായ പവര്‍ട്രെയിന്‍, മൈലേജ് എന്നിവയുടെ ബലത്തില്‍ വര്‍ഷങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടുന്ന കാറാണ് മാരുതി എര്‍ട്ടിഗ. 26 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്ന എര്‍ട്ടിഗയുടെ സിഎന്‍ജി വേരിയന്റുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡാണ്. 17,441 യൂണിറ്റുകള്‍ വിറ്റാണ് എര്‍ട്ടിഗ സെപ്റ്റംബര്‍ മാസത്തെ സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷം ഇതേ മാസം 13,528 യൂണിറ്റായിരുന്നു വില്‍പ്പന. വാര്‍ഷിക വളര്‍ച്ച 29 ശതമാനമാണ്. ടോപ് 10 കാറുകളുടെ പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ച നേടിയ മോഡലും എര്‍ട്ടിഗയാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ രണ്ടാമത്തെ കാര്‍ മാരുതി സ്വിഫ്റ്റ് ഹാച്ച്ബാക്കാണ്.
2023 സെപ്റ്റംബറില്‍ വിറ്റ 14,703 യൂണിറ്റില്‍ നിന്ന് സ്വിഫ്റ്റിന്റെ വില്‍പ്പന 16,241 യൂണിറ്റായി ഉയര്‍ന്നു. ഈ വര്‍ഷം മെയില്‍ പുതുതലമുറ പതിപ്പ് പുറത്തിറങ്ങിയത് സ്വിഫ്റ്റിന് 10.46 ശതമാനം വളര്‍ച്ച നേടാന്‍ സഹായിച്ചു. മാത്രമല്ല 32 കി.മീറ്ററിനടുത്ത് മൈലേജുള്ള സ്വിഫ്റ്റ് സിഎന്‍ജി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമാണെന്നതും കൂട്ടി വായിക്കണം.

പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത് ഹ്യുണ്ടായി ക്രെറ്റയാണ്. പോയ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട എസ്‌യുവിയും ക്രെറ്റയാണ്. 15,902 ക്രെറ്റ കാറുകളാണ് കഴിഞ്ഞ മാസം ഹ്യുണ്ടായി വിതരണം ചെയ്തത്. 2023 സെപ്റ്റംബറില്‍ വിറ്റ 12,717 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 25 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഓഗസ്റ്റിലെ ഒന്നാമനായ മാരുതി ബ്രെസ ഇക്കുറി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 15322 യൂണിറ്റായിരുന്നു സെപ്റ്റംബറില്‍ ബ്രെസയുടെ വില്‍പ്പന.
12 മാസം മുമ്പ് വിറ്റ 15001 യൂണിറ്റിനെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ചയുണ്ട്. സ്‌കോര്‍പിയോ N, ക്ലാസിക് മോഡലുകള്‍ ചേര്‍ത്ത് 14438 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര സ്‌കോര്‍പിയോ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. മുന്‍വര്‍ഷത്തെ 11846 യൂണിറ്റിനെ അപേക്ഷിച്ച് 22 ശതമാനമാണ് വളര്‍ച്ച. ടാറ്റ മോട്ടോര്‍സിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താന്‍ മഹീന്ദ്രയെ സഹായിച്ച മോഡലുകളില്‍ ഒന്നാണ് സ്‌കോര്‍പിയോ.

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയാണ് പട്ടികയില്‍ ആറാമത്. 2023 സെപ്റ്റംബറില്‍ 18417 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ബലേനോയുടെ 14292 യൂണിറ്റാണ് കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയത്. വില്‍പ്പന ഇടിഞ്ഞത് 22 ശതമാനമാണ്. ബലേനോയെ അടിസ്ഥാനമാക്കി നിര്‍മിച്ച കോംപാക്ട് എസ്‌യുവിയായ ഫ്രോങ്ക്‌സ് മറുവശത്ത് വില്‍പ്പന ഉയര്‍ത്തുകയാണ്. 21 ശതമാനം വളര്‍ച്ചയോടെ ഫ്രോങ്ക്‌സ് സെപ്റ്റംബറില്‍ 13874 യൂണിറ്റ് വില്‍പ്പന നേടി. 2023 സെപ്റ്റംബര്‍ മാസം ഫ്രോങ്ക്‌സിന്റെ വില്‍പ്പന 11455 യൂണിറ്റായിരുന്നു.
ഈ കലണ്ടര്‍ വര്‍ഷം ഒന്നിലേറെ മാസം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടാറ്റ പഞ്ച് സെപ്റ്റംബറില്‍ എട്ടാം സ്ഥാനത്തായി. 13711 പഞ്ച് കാറുകളാണ് ടാറ്റ കഴിഞ്ഞ മാസം വിറ്റത്. മുന്‍വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 5 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയതാണ് ആശ്വാസം. ആദ്യ പത്തില്‍ ഇടംനേടിയ ഏക ടാറ്റ കാറും പഞ്ച് ആണ്. മുമ്പ് സ്ഥിരമായി ടോപ് 10 കാറുകളുടെ പട്ടികയില്‍ ഉണ്ടായിരുന്ന നെക്‌സോണ്‍ പരിസരത്തെങ്ങുമില്ല.
മാരുതി വാഗണ്‍ആര്‍, ഇക്കോ വാര്‍ എന്നിവയാണ് പട്ടികയില്‍ ശേഷിച്ച സ്ഥാനങ്ങ നികത്തുന്നത്. ബലേനോക്ക് ശേഷം ഇടിവ് നേടിട്ട ഏക കാര്‍ വാഗണ്‍ആര്‍ ആണ്. 2023 സെപ്റ്റംബറില്‍ 16250 യൂണിറ്റായിരുന്നു വാഗണ്‍ആറിന്റെ വില്‍പ്പന. എന്നാല്‍ 2024 സെപ്റ്റംബറില്‍ 13339 പേരാണ് ടോള്‍ബോയ് ഹാച്ച് വാങ്ങാന്‍ എത്തിയത്. വില്‍പ്പന ഇടിവ് 18 ശതമാനം. മറുവശത്ത് ഇക്കോ വാന്‍ 2023 സെപ്റ്റംബറില്‍ വിറ്റതിനേക്കാള്‍ 7 ശതമാനം വളര്‍ച്ചയോടെ 11908 യൂണിറ്റുകള്‍ വിതരണം ചെയ്തു.


Click it and Unblock the Notifications








