ടൊയോട്ട ഉണ്ടാക്കുന്ന കാറെല്ലാം വിറ്റുപോകുന്നു! തുടര്‍ച്ചയായി നാലാം കൊല്ലവും ലോകത്ത് ഒന്നാം സ്ഥാനം
വില്‍പ്പനയില്‍ ഒന്നാം സ്ഥാനമില്ലെങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. ആഗോള തലത്തിലേക്ക് വന്നാല്‍ പക്ഷേ കളിമാറും. വിശ്വാസ്യതയുടെ കാര്യത്തില്‍ ഒന്നാമതുള്ള ടൊയോട്ട തന്നെയാണ് ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയിലും ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോകത്ത് ഒന്നാം സ്ഥാനത്തെത്തുന്നത്.
അതേസമയം ആഗോള ഇലക്ട്രിക് കാര്‍ വില്‍പ്പനയില്‍ ചെറിയൊരു ട്വിസ്റ്റുണ്ട്. അമേരിക്കന്‍ വാഹന ഭീമന്‍മാരായ ടെസ്‌ലയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഒന്നാം സ്ഥാനം കൈയ്യടക്കി. ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ 2023-ല്‍ ആഗോളതലത്തില്‍ 1.12 കോടി പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചതായി ജനുവരി 30-ന് അറിയിച്ചു. ആഗോള വില്‍പ്പനയില്‍ ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ വര്‍ഷം 7.2 ശതമാനം വളര്‍ച്ചയാണ് നേടിയത്.

ഫോക്‌സ്വാഗണ്‍ എജി ആണ് 2023 കലണ്ടര്‍ വര്‍ഷം ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് 92.4 ലക്ഷം യൂണിറ്റ് വില്‍പ്പന നടത്തി. 12 ശതമാനമായിരുന്നു ജര്‍മനിക്കാരുടെ വില്‍പ്പനയിലെ വളര്‍ച്ച. ചെറുകാര്‍ വില്‍ക്കുന്ന ഡൈഹാറ്റ്സു, ട്രക്ക് യൂണിറ്റായ ഹിനോ എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സ്ഥാപനങ്ങളും ടൊയോട്ടയുടെ വില്‍പ്പനക്ക് ഗണ്യമായ സംഭാവന നല്‍കി.
ഇൗ ബ്രാന്‍ഡുകളുടെ മികവില്‍ ടൊയോട്ട വിദേശ വിപണികളിലുള്ള വില്‍പ്പന 8.9 ദശലക്ഷം യൂണിറ്റാക്കി ഉയര്‍ത്തി. ടൊയോട്ടയുടെ ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.6 ശതമാനം വര്‍ധിച്ച് 2023-ല്‍ 11.5 ദശലക്ഷം യൂണിറ്റിലെത്തി. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളുമായി മല്ലിടുന്ന സാഹചര്യത്തില്‍ നിന്ന് മാറി നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളെല്ലാം ചൂടപ്പം പോലെ വിറ്റുപോകുന്ന സ്ഥിതിയിലേക്ക് ടൊയോട്ട മാറിയതായാണ് വിപണി വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.

വിതരണ ശൃംഖലയിലെ മെച്ചപ്പെട്ടതും വടക്കേ അമേരിക്ക, യൂറോപ്പ് തുടങ്ങിയ ചില പ്രധാന വിപണികളില്‍ തങ്ങളുടെ കാറുകള്‍ക്ക് വമ്പന്‍ ഡിമാന്‍ഡ് അനുഭവപ്പെടുന്നതുമാണ് ഉത്പാദനം വര്‍ധിപ്പിക്കാനും ലാഭം കൂട്ടാനും ടൊയോട്ടയെ സഹായിച്ചതെന്നാണ് പ്രമുഖ മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഗോള ഓട്ടോമൊബൈല്‍ വ്യവസായം സീറോ-എമിഷന്‍ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ടൊയോട്ടയുടെ ഈ മിന്നും പ്രകടനം.
എന്നിരുന്നാലും ആഗോള കാര്‍ വില്‍പ്പനയിലെ ഒന്നാം സ്ഥാനക്കാര്‍ ബാറ്ററി ഇവികളിലേക്കുള്ള മാറ്റത്തിന്റെ കാര്യത്തില്‍ അല്‍പ്പം അമാന്തം കാണിക്കുന്നതായി നമുക്ക് മനസ്സിലാക്കാം. ഇലക്ട്രിക് കാറുകള്‍ക്ക് പകരം ഹൈബ്രിഡ് വാഹനങ്ങളിലാണ് ടൊയോട്ടയുടെ ശ്രദ്ധ. പ്യുവര്‍ ഇവി സെഗ്മെന്റില്‍ പിന്നിലാണെങ്കിലും ടൊയോട്ടയുടെ ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്ത്യയടക്കം ലോകത്തെ ഒട്ടുമിക്ക വിപണികളിലും വമ്പന്‍ ഡിമാന്‍ഡാണ്.

ടൊയോട്ടയുടെ കാര്‍ വില്‍പ്പനയുടെ മൂന്നില്‍ ഒന്നും ഹൈബ്രിഡുകളാണ്. ഇവികളോട് അത്ര അടുപ്പം കാണിക്കാതിരിക്കുമ്പോഴും മറ്റ് ഗ്രീന്‍, ക്ലീനര്‍ പവര്‍ട്രെയിന്‍ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കുന്നുണ്ട് ടൊയോട്ട. കഴിഞ്ഞ വര്‍ഷം ടൊയോട്ട 104,018 യൂണിറ്റ് ബാറ്ററി ഇവികളാണ് വിറ്റത്. ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇലകട്രിക് വാഹനങ്ങളുടെ വില്‍പ്പന.
2024 സാമ്പത്തിക വര്‍ഷത്തില്‍ 202,000 യൂണിറ്റ് ഇവികള്‍ വില്‍ക്കാനായിരുന്നു ജാപ്പനീസ് വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. എന്നാല്‍ വിതരണ ശൃംഖലയും ഡിമാന്‍ഡ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറില്‍ ലക്ഷ്യം 123,000 ആയി കുറച്ചു. 2026-ഓടെ പ്രതിവര്‍ഷം 15 ലക്ഷം യൂണിറ്റും 2030-ഓടെ 35 ലക്ഷം യൂണിറ്റും ബാറ്ററി ഇവി വില്‍ക്കാനാണ് ടൊയോട്ടയുടെ പദ്ധതി. ഇലക്ട്രിക് കാര്‍ വിഭാഗത്തിലേക്ക് വന്നാല്‍ ഇന്ത്യയിലടക്കം കഴിഞ്ഞ വര്‍ഷം ഒരുപാട് വാര്‍ത്തകള്‍ സൃഷ്ടിച്ച കമ്പനിയാണ് BYD.

ഇലക്ട്രിക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡുകളും മാത്രം വില്‍ക്കുന്ന ചൈനീസ് ബ്രാന്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായി വിലസുകയായിരുന്ന ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ സിംഹാസനത്തില്‍ നിന്ന് താഴെയിറക്കി. പോയവര്‍ഷം BYD ഏകദേശം 30.2 ലക്ഷം ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളാണ് ഡെലിവറി ചെയ്തത്. അതേസമയം അമേരിക്കന്‍ ബ്രാന്‍ഡിന്റെ 2023-ലെ ഇലക്ട്രിക് കാര്‍ വില്‍പ്പന 18.1 ലക്ഷം യൂണിറ്റായിരുന്നു.


Click it and Unblock the Notifications








