മിനി മേബാക്കോ ഇത്? ഡ്യുവൽ ടോൺ കളർ സ്കീമിൽ കിടിലൻ ലുക്കിൽ ഹൈറൈഡർ സിഗ്നേച്ചർ എഡിഷൻ
ഈ ഉത്സവ സീസണിൽ, വിൽപ്പന വർധിപ്പിക്കുന്നതിനായും ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായി നിരവധി നിർമ്മാതാക്കൾ വിപുലമായ കിഴിവുകളും ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിക്കുന്നത് നാം ഇതിനോടകം കണ്ടിട്ടുണ്ട്. എന്നാൽ വെറും ഓഫറുകളിൽ നിന്ന് ചില ബ്രാൻഡുകൾ ഒരു പടി കൂടി മുന്നോട്ട് കടന്നുകൊണ്ട്, പ്രത്യേക ഉത്സവ സീസൺ പതിപ്പുകൾ അവതരിപ്പിച്ചിട്ടുമുണ്ട്. ജാപ്പനീസ് വാഹന ഭീമനായ ടൊയോട്ടയും സമാനമായ സമീപനം സ്വീകരിച്ചിരിക്കുകയാണ്, ഫോർച്യൂണർ, ഇന്നോവ ഹൈക്രോസ്, ഹൈറൈഡർ, ഗ്ലാൻസ എന്നിവയിൽ 'സിഗ്നേച്ചർ എഡിഷൻ' എന്ന പേരിൽ ഒരു കോസ്മെറ്റിക് അപ്പ്ഡേറ്റുകളുമായി സ്പെഷ്യൽ ലിമിറ്റഡ് എഡിഷനുകൾ പുറത്തിറക്കിയിരിക്കുന്നു എന്ന് റിപ്പോർട്ടുകളുണ്ട്.
'ദി കാർ ഷോ' യുട്യൂബിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു വീഡിയോ ഹൈറൈഡർ സിഗ്നേച്ചർ പതിപ്പിനെ വളരെ വിശദമായി കാണിക്കുന്നു. സാധാരണയായി എസ്‌യുവി E, S, G, V എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ലഭ്യമാണ്. എന്നാൽ ബേസ് മോഡൽ E വേരിയന്റിന് സിഗ്നേച്ചർ എഡിഷൻ ലഭിക്കാൻ സാധ്യത കുറവായിരിക്കും.

S, G വേരിയൻ്റുകൾക്ക് സ്പെഷ്യൽ എഡിഷൻ ലഭിക്കുന്നത് വീഡിയോ കാണിക്കുന്നു. ടോപ്പ്-സ്പെക്ക് V വേരിയൻ്റും ഈ അപ്പ്ഡേറ്റിനൊപ്പം വരും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മേബാക്ക്, ബിഎംഡബ്ല്യു i7 തുടങ്ങിയ ഹൈ-എൻഡ് ആഡംബര കാറുകളോട് വളരെയധികം സാമ്യമുള്ള ഡ്യുവൽ-ടോൺ കളർവേയാണ് ഈ പതിപ്പിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് ഒറ്റ നോട്ടത്തിൽ നമുക്ക് മനസിലാക്കാം.
മുകളിലെ ഭാഗം ഒരു കളറിൽ വരുമ്പോൾ, താഴത്തെ ഭാഗം വ്യത്യസ്തമായ ഷേഡിൽ പൂർത്തിയാക്കുന്നു. അടിസ്ഥാന നിറം/ കളർ എന്നത് ഗ്രേ ആണ്, അതോടൊപ്പം നേവി ബ്ലൂ, വൈൻ റെഡ് എന്നിവ ലീഡ് നിറങ്ങളായി ഉപഭോക്താക്കൾക്ക് ലഭിക്കും. സൈഡ് പ്രൊഫൈലിൽ, ഈ രണ്ട് പെയിൻ്റുകളും കൂടിച്ചേരുന്ന ഒരു വൃത്തിയുള്ള ലൈനുമുണ്ട്.

എക്സ്റ്റീരിയറിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രീമിയം ഗ്ലോസി ട്രിമ്മുകളും ഫിനിഷുകളും ലഭിക്കുന്നതായി കാണാം. ഹെഡ്‌ലാമ്പുകൾക്ക് ഗ്ലോസ് ബ്ലാക്ക് സറൗണ്ട് ലഭിക്കുന്നു, കൂടാതെ പുതിയ അലോയി വീലുകളും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. ഒന്നിലധികം 'സിഗ്നേച്ചർ എഡിഷൻ' ബാഡ്ജുകളും വാഹനത്തിന് ലഭിക്കുന്നു. ബ്ലൂ കളർവേയിൽ ടീൽ ഷെയ്ഡുള്ള ബ്രേക്ക് ഡിസ്കുകളാണ് വരുന്നത്.
അകത്തളത്തിൽ, സ്പെഷ്യൽ എഡിഷന് പുതിയ സോഫ്റ്റ് -ടച്ച് മെറ്റീരിയലുകളും ലെതർ അപ്ഹോൾസ്റ്ററിയും ലഭിക്കുന്നു. ഡോർ പാഡുകൾ, ഡാഷ്‌ബോർഡ്, സെൻട്രൽ കൺസോൾ തുടങ്ങിയവയ്ക്ക് പുറമേയുള്ള ലെഡ് ഷെയ്ഡിന് സമാനമായ നിറത്തിൽ സോഫ്റ്റ് ടച്ച് ലെതർ ഫിനിഷ് നൽകിട്ടുണ്ട്. ഇതിനർത്ഥം, നിങ്ങൾ ഒരു ബ്ലൂ-സിൽവർ എക്സ്റ്റീരിയർ കളർവേ തിരഞ്ഞെടുക്കുകയാണെങ്കിൽ, ക്യാബിനിൽ ഇതിന് ഇളം നീല നിറമായിരിക്കും.

സ്റ്റിയറിംഗ് വീലിലും നമുക്ക് ബ്ലീ ഷെയ്ഡ് കണ്ടെത്താം. (വൈൻ റെഡ് പതിപ്പിൽ കാലിപ്പറുകൾ റെഡ് നിറത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്, പക്ഷേ പുതിയ അലോയി വീലുകൾ ഇതിൽ നഷ്‌ടപ്പെടുന്നു.) സ്റ്റാർട്ട്/ സ്റ്റോപ്പ് ബട്ടണിൽ പോലും ഈ ഷേഡിൽ പൂർത്തീകരിച്ചരിക്കുന്നു. വാഹനത്തിന്റെ ഓവറോൾ ലുക്കിന്റെ കാര്യത്തിൽ ഇവ വലിയ മാറ്റം തന്നെയാണ് വരുത്തുന്നത്.
വാഹനത്തിന്റെ പ്ലാറ്റ്ഫോം, എഞ്ചിൻ അല്ലെങ്കിൽ ട്രാൻസ്മിഷൻ ചോയിസുകൾ എന്നീ മെക്കാനിക്കലുകളിൽ മാറ്റങ്ങളൊന്നും നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്ന കാർ സ്ട്രോംഗ് ഹൈബ്രിഡ് പതിപ്പാണ്. 91 bhp മാക്സ് പവറും 122 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ, ത്രീ -സിലിണ്ടർ, ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്.
കൂടാതെ 100 bhp പവറും 135 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 നാച്ചുറലി ആസ്പിറേറ്റഡ് ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിൻ അടങ്ങുന്ന മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനിനൊപ്പവും S വേരിയന്റിലെ സിഗ്നേച്ചർ എഡിഷനും ലഭിക്കുമെന്നും വീഡിയോ പരാമർശിക്കുന്നു. എന്നാൽ ഇവ എപ്പോൾ മുതൽ വിപണിയിൽ ലഭ്യമാവും എന്ന് ടൊയോട്ട വ്യക്തമാക്കിയിട്ടില്ല.
അതോടൊപ്പം മറ്റൊരു കാര്യം, ഈ ലേഖനം എഴുതുന്ന സമയത്ത്, ടൊയോട്ടയിൽ നിന്ന് ഇത് ഫാക്ടറി ഫിറ്റഡ് സ്പെഷ്യൽ എഡിഷനാണ് എന്ന് സ്ഥിരീകരിക്കുന്ന ഔദ്യോഗിക റിപ്പോർട്ടുകൾ ഒന്നും തന്നെ ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. സിഗ്നേച്ചർ എഡിഷൻ ഒരു ഡീലർ -ലെവൽ അപ്പ്ഡേഷൻ ആവാനും സാധ്യതയുണ്ട്.


Click it and Unblock the Notifications








