27 കി.മീ മൈലേജുള്ള 'ബേബി ക്രിസ്റ്റ'യില്‍ 7 പേര്‍ക്ക് സുഖയാത്ര! ഈ വിലക്ക് കണ്ണുംപൂട്ടി വാങ്ങാം ടൊയോട്ട കാര്‍
യാത്രസുഖത്തിന്റെയും വിശ്വാസ്യതയുടെയും പര്യായമാണ് ടൊയോട്ട കാറുകള്‍. വിലകൂടിയ കാറുകള്‍ മാത്രം വിറ്റിരുന്ന ടൊയോട്ട ഇപ്പോള്‍ മാരുതി സുസുക്കിയുമായുള്ള കൂട്ടുകെട്ടിന്റെ ബലത്തില്‍ സാധാരണക്കാരുമായും ചങ്ങാത്തത്തിലായിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയിലെ നമ്പര്‍ 1 കാറായിരുന്നു മാരുതി എര്‍ട്ടിഗ എംപിവി. എര്‍ട്ടിഗ മോഡല്‍ റൂമിയോണ്‍ എന്ന പേരില്‍ ടൊയോട്ട റീബാഡ്ജ് ചെയ്ത് വില്‍ക്കുന്നുണ്ട്. മികച്ച ഡിമാന്‍ഡാണ് റൂമിയോണിനും അനുഭവപ്പെടുന്നത്. എര്‍ട്ടിഗ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ ആയപ്പോള്‍ റൂമിയോണ്‍ വാങ്ങാന്‍ എത്ര പേര്‍ എത്തി എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടാകും. 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ ടൊയോട്ട റൂമിയോണ്‍ നേടിയ വില്‍പ്പന കണക്കുകള്‍ ഈ ലേഖനത്തില്‍ നോക്കാം.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടൊയോട്ട റൂമിയോണ്‍ (Toyota Rumion) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഒരു വര്‍ഷക്കാലം സ്ഥിരമായി തരക്കേടില്ലാത്ത വില്‍പ്പന റൂമിയോണ്‍ ടൊയോട്ടക്ക് നേടിക്കൊടുക്കുന്നുണ്ട്. പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ എംപിവി ലഭ്യമാണ്. മികച്ച മൈലേജുള്ള സിഎന്‍ജി പതിപ്പിനായുള്ള വന്‍ തള്ളിക്കയറ്റം കാരണം ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തേണ്ട സാഹചര്യം വരെ വന്നിരുന്നു.

എര്‍ട്ടിഗയെ (Maruti Ertiga) പോലെ റൂമിയോണിനും 2024 സെപ്റ്റംബര്‍ മികച്ച മാസമായിരുന്നു. 2024 സെപ്റ്റംബറില്‍ 1,968 റുമിയോണ്‍ കാറുകളാണ് ടൊയോട്ട വിറ്റത്. 2023 സെപ്റ്റംബറില്‍ വിറ്റ 1461 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ 34.70 ശതമാനം വളര്‍ച്ച കൈവരിച്ചു. മാത്രമല്ല 2024 ഓഗസ്റ്റില്‍ വിറ്റ 1721 യൂണിറ്റുമായി തട്ടിച്ച്‌നോക്കുമ്പോള്‍ വില്‍പ്പന 14.35 ശതമാനം കൂടിയിട്ടുണ്ട്. മാരുതിയില്‍ നിന്ന് ലഭിക്കുന്ന കാറുകള്‍ റീബാഡ്ജ് ചെയ്യുന്നതിനാല്‍ തന്നെ ഇത് മികച്ച വില്‍പ്പന സംഖ്യയാണ്.
റൂമിയോണിനെ കുറിച്ച് പറയുമ്പോള്‍ ഈ കാറിന് 103 PS പവറും 137 Nm ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. റൂമിയോണിന്റെ സിഎന്‍ജി പതിപ്പിന്റെ പവര്‍ ഔട്ട്പുട്ട് 88 PS/121.5 Nm മാത്രമാണ്. സിഎന്‍ജി പതിപ്പിന് എഞ്ചിന്‍ പവര്‍ ഔട്ട്പുട്ട് കുറവാണെങ്കിലും മികച്ച മൈലേജുണ്ട്. റൂമിയോണിന്റെ പെട്രോള്‍ പതിപ്പുകള്‍ 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ വാങ്ങാം.

അതേസമയം സിഎന്‍ജി വേരിയന്റ് 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുക. റൂമിയോണിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് നല്‍കും. അതേസമയം ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20.11 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. റൂമിയോണ്‍ സിഎന്‍ജി കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
മറ്റ് ടൊയോട്ട കാറുകളെ പോലെ ഫീച്ചര്‍ സമ്പന്നമാണ് റൂമിയോണിന്റെ ക്യാബിന്‍. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ സൗകര്യങ്ങള്‍ 7 സീറ്റര്‍ എംപിവിയില്‍ ഒരുന്നിയിട്ടുണ്ട്. 6 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍ എന്നിവയും ടൊയോട്ട റൂമിയോണില്‍ വരുന്ന ഫീച്ചറുകളാണ്.

സേഫ്റ്റിയുടെ കാര്യത്തിലും ഈ ടൊയോട്ട കാര്‍ ഒട്ടും പിറകിലല്ല. 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സുരക്ഷ സവിശേഷതകള്‍ റൂമിയോണില്‍ വരുന്നുണ്ട്. 10.44 ലക്ഷം രൂപ മുതലാണ് റൂമിയോണിന്റെ വില ആരംഭിക്കുന്നത്. ടോപ് വേരിയന്റിന് 13.73 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്.
ടൊയോട്ടയില്‍ നിന്നുള്ള ഒരു ഫാമിലി കാര്‍ നോക്കുന്നവര്‍ക്ക് മുന്നിലുള്ള ഏക ഓപ്ഷന്‍ മുമ്പ് ഇന്നോവയായിരുന്നു. എന്നാല്‍ ഇന്ന് ബേബി ക്രിസ്റ്റ ലുക്കിലുള്ള കാര്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്നുണ്ട്. ഉയര്‍ന്ന മൈലേജും താങ്ങാവുന്ന വിലയുമുള്ള 7 സീറ്റര്‍ കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ടൊയോട്ട റൂമിയോണ്‍. ടൊയോട്ട എന്ന ബ്രാന്‍ഡിന്റെ വിശ്വാസ്യത ഇതിന് പ്ലസാണ്.


Click it and Unblock the Notifications








