വിതച്ചത് മാരുതി, കൊയ്യുന്നത് ടൊയോട്ട! 2023-ല്‍ ഷോറൂമിലേക്ക് ഒഴുകിയത് ലക്ഷങ്ങള്‍, കണ്ണുതള്ളിക്കുന്ന വളര്‍ച്ച
ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡാണ് ടൊയോട്ട. ഇന്ത്യക്കാരും ടൊയോട്ടയുടെ കാറുകള്‍ വിശ്വസിച്ച് വാങ്ങുന്നു. എന്നാല്‍ വില്‍പ്പനയുടെ കാര്യത്തില്‍ രാജ്യത്ത് ടൊയോട്ടയുടെ തലവര മാറിയത് മാരുതിയുമായുണ്ടാക്കിയ പങ്കാളിത്തമാണ്. 2023 ഡിസംബറിലെയും കലണ്ടര്‍ വര്‍ഷത്തിലെ മൊത്തം വില്‍പ്പന കണക്കുകളും പുറത്തു വരുമ്പോള്‍ അത് പ്രകടമാണ്.
2023 ഡിസംബറില്‍ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ 22,000 യൂണിറ്റിലധികം വില്‍പ്പന നേടി. 2022 ഡിസംബറിനെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് വളര്‍ച്ച. കൃത്യമായി പറഞ്ഞാല്‍ 119 ശതമാനം അധിക വളര്‍ച്ച രേഖപ്പെടുത്തി. 2023 ഡിസംബറില്‍ കമ്പനി മൊത്തം 22,867 വിതരണം ചെയ്തു. മുന്‍വര്‍ഷത്തെ ഇതേമാസത്തെ അപേക്ഷിച്ച് 2023 ഡിസംബറില്‍ 12,446 യൂണിറ്റ് അധികം വില്‍ക്കാന്‍ സാധിച്ചു. 2022 ഡിസംബറില്‍ ടൊയോട്ട മൊത്തം 10,421 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍ ആയിരുന്നു വിറ്റത്.

2023 ഡിസംബറിലെ ടൊയോട്ടയുടെ ആഭ്യന്തര വില്‍പ്പന 21,372 യൂണിറ്റുകളാണ്. ഇന്ത്യയില്‍ നിന്നും അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ ചില വിദേശ വിപണികളിലേക്ക് കയറ്റി അയക്കുന്നുണ്ട്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണിത്. പോയ മാസം 1495 യൂണിറ്റ് ഹൈറൈഡര്‍ ടൊയോട്ട ഇന്ത്യയില്‍ നിന്ന് കപ്പല്‍ കയറ്റി അയച്ചു.
ഇനി ടൊയോട്ട 2023 കലണ്ടര്‍ വര്‍ഷം വിറ്റ മൊത്തം വാഹനങ്ങളുടെ കണക്കുകള്‍ നോക്കാം. മൊത്തം 2,33,346 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ട കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്. 45.52 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു വര്‍ഷത്തില്‍ ടൊയോട്ട രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 2022-ല്‍ 1,60,346 യൂണിറ്റുകള്‍ വിറ്റതായിരുന്നു മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ടൊയോട്ടക്ക് 2023-ല്‍ 73,000 യൂണിറ്റുകള്‍ അധികം ഷോറൂമില്‍ നിന്ന് ഇറക്കാന്‍ സാധിച്ചു. 2022-ല്‍ മൊത്തം 1,60,346 യൂണിറ്റ് വാഹനങ്ങളാണ് ടൊയോട്ടക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ സാധിച്ചിരുന്നത്. 2023-ല്‍ ടൊയോട്ടയുടെ ആഭ്യന്തര വില്‍പ്പന 2,21,356 യൂണിറ്റാണ്. ഒപ്പം 11,984 യൂണിറ്റുകള്‍ കയറ്റുമതി ചെയ്തതായും കമ്പനി പുറത്തുവിട്ട ഡേറ്റ വെളിപ്പെടുത്തുന്നു.
ഓരോ മാസവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്നതും കാറുകള്‍ക്ക് വര്‍ധിച്ചുവരുന്ന ഡിമാന്‍ഡുമെല്ലാമാണ് വളര്‍ച്ചക്ക് കാരണമായതെന്നാണ് ടൊയോട്ട പറയുന്നത്. പുത്തന്‍ ലോഞ്ചുകളായ വെല്‍ഫയറും റൂമിയോണും റെക്കോഡ് നേട്ടം സ്വന്തമാക്കുന്നതിന് സഹായിച്ചതായും കമ്പനി വ്യക്തമാക്കി. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കിയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ നേട്ടം കൊയ്യുകയാണ് ടൊയോട്ട.

എന്നാല്‍ ടൊയേട്ടയുടെ ഹൈബ്രിഡ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതിക വിദ്യകള്‍ മാരുതിക്കും വമ്പന്‍ നേട്ടമാണ്. നിരവധി മോഡലുകള്‍ രണ്ട് ബ്രാന്‍ഡുകളും റീബാഡ്ജ് ചെയ്ത് അവതരിപ്പിച്ചിരുന്നു. രണ്ട് കമ്പനികളും ബലേനോ, ഗ്ലാന്‍സ, എര്‍ട്ടിഗ, റൂമിയോണ്‍, ഇന്നോവ ഹൈക്രോസ്, ഇന്‍വിക്‌റ്റോ എന്നിവയടക്കം ഒരുപിടി മോഡലുകള്‍ റീബാഡ്ജിംഗ് നടത്തി പുറത്തിറക്കുന്നു. എന്നാല്‍ തങ്ങളുടെ ഐക്കണിക് മോഡലുകളായ സ്വിഫ്റ്റും ജിംനിയും റീബാഡ്ജ് ചെയ്യാന്‍ നല്‍കില്ലെന്നാണ് മാരുതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ജിംനിയും സ്വിഫ്റ്റും റീബബാഡ്ജ് ചെയ്യാന്‍ ടൊയോട്ട ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും തങ്ങള്‍ അത് വിനയപൂര്‍വം നിരസിച്ചു എന്നാണ് സുസുക്കി വ്യക്തമാക്കിയത്. രണ്ട് മോഡലുകളും തങ്ങളുടെ ബ്രാന്‍ഡ് ഐഡന്റിറ്റിയില്‍ ഒന്നാമത് നില്‍ക്കുന്നവയാണ്. ജിംനിയുടെ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറവാണെങ്കിലും വോളിയം വര്‍ധിപ്പിക്കുന്നതിനായി ടൊയോട്ടയുമായി പങ്കിടാന്‍ കമ്പനി ഒരുക്കമല്ലെന്നാണ് അവര്‍ പറയുന്നത്.

ലാന്‍ഡ് ക്രൂയിസറിന്റെ ബാഡ്ജ് എഞ്ചിനീയര്‍ ചെയ്യാന്‍ ടൊയോട്ടയോട് ആവശ്യപ്പെടുന്നത് പോലെയാണിതെന്നും പ്രധാന ഹൈലൈറ്റ് മോഡലുകള്‍ പങ്കിടാന്‍ ഉദ്ദേശിക്കുന്നില്ല എന്നുമാണ് മാരുതിയുടെ ഭാഗത്ത് നിന്നുളള പ്രതികരണം. .അതേസമയം മാരുതിയുടെ കന്നി ഇലക്ട്രിക് കാര്‍ ടൊയോട്ട ബാഡ്ജിംഗില്‍ പുറത്തിറങ്ങും. ടൊയോട്ട അര്‍ബന്‍ ക്രാസ്ഓവര്‍ കണ്‍സെപ്റ്റ് അടുത്തിടെ ജാപ്പനീസ് ബ്രാന്‍ഡ് അടുത്തിടെ പ്രദര്‍ശിപ്പിച്ചിരുന്നു.
മാരുതി ഇവിക്ക് തൊട്ടുപിന്നാലെ അടുത്ത വര്‍ഷം ടൊയോട്ടയുടെ ഇവിയും തെരഞ്ഞെടുത്ത വിപണികളില്‍ പുറത്തിറക്കും. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ ഉത്പാദനം 2024 സാമ്പത്തിക വര്‍ഷം തന്നെയുണ്ടാകുമെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. അതിനാല്‍ 2025 ആദ്യ പകുതിയില്‍ എപ്പോള്‍ വേണമെങ്കിലും ഇവി ലോഞ്ച് ചെയ്‌തേക്കാം.


Click it and Unblock the Notifications








