29 കി.മീ മൈലേജുള്ള മറ്റൊരു വണ്ടിയില്ല! സെഗ്‌മെന്റ് ഇനി ടൊയോട്ടയുടെ 'ഫ്രോങ്ക്‌സ്' ഭരിക്കും
അര്‍ബന്‍ ക്രൂയിസര്‍ വിടവാങ്ങിയതോടെ കാലിയായിക്കിടന്ന സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ വിടവ് ടൈസര്‍ എന്ന മോഡലിലൂടെ നികത്തിയിരിക്കുകയാണ് ടൊയോട്ട. സുസുക്കി-ടൊയോട്ട പങ്കാളിത്തത്തിന് കീഴില്‍ പിറന്ന ഏറ്റവും പുതിയ മോഡല്‍ ഫ്രോങ്ക്‌സ് ക്രോസ്ഓവറിന്റെ റീബാഡ്ജ്ഡ് പതിപ്പാണ്. പുതുതയായി വിപണിയിലെത്തിയ കാറിന്റെയും അതിന്റെ സെഗ്‌മെന്റിലെ എതിരാളികളുടെയും ഇന്ധനക്ഷമത കണക്കുകള്‍ താരതമ്യം ചെയ്യുകയാണ് ചുവടെ.
E, S, S+, G, V എന്നിങ്ങനെ മൊത്തം 5 വേരിയന്റുകളിലാണ് ടൊയോട്ട ടൈസര്‍ വിപണിയിലെത്തുന്നത്. 7.74 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് ടൊയോട്ട ടൈസറിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ ടൊയോട്ട ടൈസര്‍ കാര്‍ ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. 2024 മെയ് മാസം മുതല്‍ എസ്‌യുവിയുടെ ഡെലിവറി തുടങ്ങുമെന്നാണ് വിവരം.

ഫ്രോങ്ക്‌സിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായതിനാല്‍ അതേ പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ടൈസര്‍ വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസര്‍ വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി ഓപ്ഷനോടൊപ്പവും വാഗ്ദാനം ചെയ്യുന്നു. മാരുതി മോഡലിന്റെ പവര്‍ട്രെയിനുകള്‍ ലഭിക്കുന്നതിനാല്‍ സമാനമായ ഇന്ധനക്ഷമത കണക്കുകളും ഈ മോഡല്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എങ്കിലും എസ്‌യുവിയുടെ ARAI ക്ലെയിംഡ് ഇന്ധനക്ഷമത കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ വേരിയന്റുകള്‍ ലിറ്ററിന് 21.7 കിലോമീറ്റര്‍ മുതല്‍ 22.8 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ വേരിയന്‍ുകള്‍ ലിറ്ററിന് 21.5 കിലോമീറ്റര്‍ മൈലേജ് നല്‍കും. അതേസമയം ഈ എഞ്ചിനുമായി വരുന്ന ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 20 കിലോമീറ്റര്‍ മൈലേജാണ് ലഭിക്കുക.

ഫ്രോങ്ക്‌സിനെ പോലെ തന്നെ ടൈസറിന്റെ സിഎന്‍ജി പതിപ്പും ഓഫറിലുണ്ട്. ഫ്രോങ്ക്സ് സിഎന്‍ജി മോഡലിന്റെ ഇന്ധനക്ഷമത കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ ആണെന്നാണ് അവകാശവാദം. എതിരാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി ഓപ്ഷന്‍ വരുന്ന ഏക സബ് കോംപാക്ട് എസ്‌യുവി മാരുതി ബ്രെസയാണ്. ഇത് കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ മൈലേജ് തരുന്നു. ബ്രെസയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 18.89 കിലോമീറ്ററും ഓട്ടോമാറ്റിക് വേരിയന്റ് 19.80 കിലോമീറ്ററും മൈലേജ് നല്‍കുന്നുവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.
ഫ്രോങ്ക്‌സും ടൈസറുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രെസക്ക് മൈലേജ് കുറവാണെങ്കിലും അല്‍പ്പം കൂടി വലിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പ് പകരുന്നത്. മറ്റൊരു എതിരാളിയായ കിയ സോനെറ്റിന്റെ മൈലേജ് പരിശോധിക്കുമ്പോള്‍ ഇതിന്റെ പെട്രോള്‍ മാനുവല്‍ വേരിയന്റ് 18.83 കിലോമീറ്റര്‍ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. iMT ഗിര്‍ബോക്‌സുമായി വരുനന വേരിയന്റിന് 18.7 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു.

സെഗ്‌മെന്റിലെ മറ്റൊരു ജനപ്രിയ മോഡലാണ് ടാറ്റ നെക്‌സോണ്‍. എസ്‌യുവിയുടെ പെട്രോള്‍ MT വേരിയന്റുകള്‍ 17.44 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 17.0 കിലോമീറ്റര്‍ മുതല്‍ 17.18 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ടൈസറിന്റെ എതിരാളികളില്‍ ഏറ്റവും കുറച്ച് മൈലേജ് നല്‍കുന്ന കാര്‍ മഹീന്ദ്ര XUV300 ആണ്. ഈ കോംപാക്ട് എസ്‌യുവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് ലിറ്ററിന് 17 കിലോമീറ്ററാണ് മൈലേജ്.
അതേസമയം പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 18.83 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമതയുണ്ടെന്നാണ് പറയപ്പെടുന്നത്. ഏതായാലും നിലവില്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ ടൊയോട്ട ടൈസറിനെ മറികടക്കാന്‍ സെഗ്‌മെന്റിലെ മറ്റ് എതിരാളികള്‍ക്ക് സാധിക്കുന്നില്ല. എതായാലും ARAI ക്ലെയിംഡ് മൈലേജ് കണക്ക് വരുന്നത് വരെ നമുക്ക് കാത്തുനില്‍ക്കാം. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവരാണെങ്കില്‍ ടൈസര്‍ വാങ്ങുമോ?. അഭിപ്രായം അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്. അവ കമന്റ് ബോക്‌സിലൂടെ അറിയിക്കൂ.


Click it and Unblock the Notifications








