29 കി.മീ മൈലേജുമായി കുറഞ്ഞ വിലയിലൊരു ടൊയോട്ട കാര്‍! ആളുകള്‍ ഇപ്പോഴേ ക്യൂവില്‍
ഇന്ത്യക്കാര്‍ക്ക് ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൊയോട്ട. അടുത്ത കാലത്തായി ജാപ്പനീസ് വാഹന നിര്‍മാതാക്കളില്‍ നിന്ന് പുതുതായി ഒരു വാഹനം വരാന്‍ പോകുന്നുവെന്ന് കേട്ടാല്‍ വണ്ടിപ്രാന്തന്‍മാരുടെ മനസ്സില്‍ ഉയരുന്ന ചോദ്യങ്ങളില്‍ ഒന്ന് ഏത് മാരുതി മോഡലിന്റെ റീബാഡ്ജ്ഡ് പതിപ്പാണെന്നതായിരിക്കും. ജാപ്പനീസ് ബ്രാന്‍ഡായ സുസുക്കിയുമായുണ്ടക്കിയ കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുബ്രാന്‍ഡുകളും പ്ലാറ്റ്‌ഫോമുകളും ടെക്‌നോളജിയും പരസ്പരം കൈമാറി റീബാഡ്ജ് ചെയ്ത് പുറത്തിറക്കുന്നുണ്ട്.
നിലവില്‍ ഇതിന്റെ ഗുണം കൂടുതലായി അനുഭവിക്കുന്നത് ടൊയോട്ടയാണ്. ബലേനോ ഗ്ലാന്‍സയെന്ന പേരിലും എര്‍ട്ടിഗ റൂമിയോണ്‍ എന്ന പേരിലും ടൊയോട്ട വില്‍ക്കുന്നു. കമ്പനിയുടെ വില്‍പ്പനയുടെ 40 ശതമാനത്തിനടുത്ത് റീബാഡ്ജ്ഡ് കാറുകളാണ് സംഭാവന ചെയ്യുന്നതെന്നാണ് കണക്കുകള്‍. അതേസമയം ടൊയോട്ടയുടെ ഇന്നോവ ഹൈക്രോസ് ഇന്‍വിക്‌റ്റോ എന്ന പേരില്‍ മാരുതിയും വിറ്റഴിക്കുന്നു. ഇക്കൂട്ടത്തില്‍ ചേരാന്‍ പോകുന്ന ഏറ്റവും പുതിയ മോഡലാണ് ടെയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍.

മാരുതി സുസുക്കി ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണിത്. മാരുതി ഫ്രോങ്ക്‌സ് വില്‍പ്പന ചാര്‍ട്ടുകള്‍ കുലുക്കിക്കൊണ്ട് വന്‍ ഹിറ്റായി മാറിയതോടെ ടൈസറിന്റെ വരവ് കാത്തിരിക്കുകയായിരുന്നു വാഹന ലോകം. ഇപ്പോള്‍ ക്രേസ്ഓവറിന്റെ വരവിന് കാഹളം മുഴക്കിക്കൊണ്ട് ടൈസറിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ടൊയോട്ട. 2024 ഏപ്രില്‍ മൂന്നിന് ടെയോട്ട ഈ കാര്‍ ഇന്ത്യന്‍ വിപണിക്ക് പരിചയപ്പെടുത്തും. വരാനിരിക്കുന്ന ക്രോസ്ഓവറിന്റെ എക്‌സ്റ്റീരിയറിനെ കുറിച്ചുള്ള പ്രിവ്യൂ ടീസര്‍ ചിത്രം നല്‍കുന്നുണ്ട്.
പുതിയ ഡിസൈന്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ചുവന്ന നിറത്തിലുള്ള കാറാണ് ടീസറില്‍ കാണപ്പെടുന്നത്. ടൊയോട്ടയുടെ ഡിസൈന്‍ ഭാഷയിലുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലും മറ്റ് ചില കോസ്‌റ്റെറ്റിക് പരിഷ്‌കാരങ്ങളും കാറിന് ലഭിക്കുന്നു. അപ്ഡേറ്റഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, നവീകരിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, പുതുക്കിപ്പണിത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, ഒരു പുതിയ സെറ്റ് അലോയ് വീലുകള്‍ എന്നിവയായിരിക്കും ഫ്രോങ്ക്‌സില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ടൈസറില്‍ വരുത്തുന്ന മാറ്റങ്ങള്‍.

മാരുതി സുസുക്കി ഫ്രോങ്ക്‌സിന് സമാനമായ സ്‌ക്വാറിഷ് വീല്‍ആര്‍ച്ചുകളും കൂപ്പെ ശൈലിയിലുള്ള ചെരിഞ്ഞ റൂഫും ക്രോസ്ഓവറിനുണ്ടാകുമെന്നാണ് ടീസര്‍ ചിത്രം സൂചിപ്പിക്കുന്നത്. ക്രോസ്ഓവറിന്റെ അകത്തളത്തില്‍ എന്തൊക്കെ ഒരുക്കിയിരിക്കുന്നു എന്നതിനെ കുറിച്ചുള്ള യാതൊരു സൂചനകളും ടൊയോട്ട ഇതുവരെ നല്‍കിയിട്ടില്ല. അര്‍ബന്‍ ക്രൂയിസര്‍ ടൈസറിന്റെ ഇന്റീരിയര്‍ ഫ്രോങ്ക്്സിന് സമാനമായിരിക്കും. ഫ്രോങ്ക്‌സില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്നതിനായി സീറ്റും അപ്‌ഹോള്‍സ്റ്ററിയും ടൊയോട്ട മാറ്റുന്നതായിരിക്കും.
ഫ്രോങ്ക്‌സിനെ പോലെ തന്നെ കൈനിറയെ ഫീച്ചറുകളുമായിട്ടാകും ടൈസറും വരികയെന്ന് നമുക്ക് ഉറപ്പിച്ച് പറയാം. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള വലിയ ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഹെഡ് അപ്പ് ഡിസ്പ്ലേ (HUD), ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷതകള്‍ ക്യാബിനില്‍ പ്രതീക്ഷിക്കാം.

പവര്‍ട്രെയിനുകളും ടൈസര്‍ ഫ്രോങ്ക്‌സില്‍ നിന്ന് കടംകൊള്ളാനാണ് സാധ്യത. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനുകളിലും ടൈസര്‍ ലഭ്യമാകും. 89 bhp പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 99 bhp പവറും 148 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റും ഇതില്‍ ഉള്‍പ്പെടുന്നു.
രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാണ് വരുന്നത്. അതേസമയം 1.0 ലിറ്റര്‍ എഞ്ചിന് ഓപ്ഷണലായി 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുമ്പോള്‍ 1.2 ലിറ്റര്‍ യൂണിറ്റില്‍ 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സും സജ്ജീകരിക്കാം. ഫ്രോങ്ക്‌സിന്റെ പെട്രോള്‍ ഓട്ടോമാറ്റക് വേരിയന്റുകള്‍ക്ക് 22.89 കിലോമീറ്ററും മാനുവല്‍ വേരിയന്റുകള്‍ക്ക് 21.79 കിലോമീറ്ററുമാണ് മൈലേജ് പറയുന്നത്.

അതേസമയം ഫ്രോങ്ക്‌സ് സിഎന്‍ജിക്ക് കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ മൈലേജ് കിട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും ടൊയോട്ടയുടെ ഫ്രോങ്ക്‌സിനും സമാനമായ മൈലേജ് കിട്ടുമെന്ന് പ്രതീക്ഷിക്കാം. 7.51 ലക്ഷം മുതല്‍ 13.04 ലക്ഷം രൂപ വരെയാണ് ഫ്രോങ്ക്‌സിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ടൊയോട്ടയിലേക്ക് വരുമ്പോള്‍ ഇതിന്റെ വില അല്‍പ്പം ഉയര്‍ന്നേക്കാം.
വിപണിയില്‍ എത്തുമ്പോള്‍ ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, കിയ സോനെറ്റ്, ടാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്‌നൈറ്റ്, കിയ കൈഗര്‍ തുടങ്ങിയ എതിരാളികളുമായി മത്സരിക്കും. പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് റെക്കോഡ് വില്‍പ്പന നേടാന്‍ ടെയോട്ടക്ക് സാധിച്ചിരുന്നു. ഇതിനോടകം ജനപ്രിയമായ ഫ്രോങ്ക്‌സിന്റെ റീബാഡ്ജ്ഡ് പതിപ്പ് കൂടി പുറത്തിറങ്ങുന്നതോടെ ഷോറൂമിലേക്ക് വീണ്ടും ആളെക്കൂട്ടാമെന്നാണ് ടൊയോട്ട പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








