ഫോർച്ച്യൂണറിനും ഇന്നോവയ്ക്കും ഗുഡ്ബൈ! ഇന്ത്യൻ വാഹന ലോകത്തിന് സങ്കടവാർത്തയായി ഗഡ്ഗരിയുടെ പ്രഖ്യാപനം
നിലവിൽ ശാന്തമായി പോവുന്ന ഇന്ത്യൻ വാഹന വിപണിയിൽ അടുത്ത ഒരു തിരയിളക്കത്തിന് വഴിയൊരുക്കുകയാണ് കേന്ദ്ര ഗതാഗത മന്ത്രാലം. വരാനിരിക്കുന്ന ബിഎസ് (ഭാരത് സ്റ്റേജ്) VII മാനദണ്ഡങ്ങൾക്കായി തയ്യാറെടുക്കുന്നത് ആരംഭിക്കാൻ കാർ നിർമ്മാതാക്കൾക്ക് അടുത്തിടെ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി ശക്തമായ മുന്നറിയിപ്പ് നൽകി. എന്നിരുന്നാലും, ബിഎസ് VII മാനദണ്ഡങ്ങൾ എപ്പോൾ പുറത്തിറങ്ങും എന്നും എന്നുമുതൽ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ വ്യക്തമല്ല! എന്നാൽ ഇത് 2025 മുതൽ ആഗോളതലത്തിൽ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന യൂറോ VII മാനദണ്ഡങ്ങളെ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്പോൾ, വരാനിരിക്കുന്ന പുതിയ മാറ്റങ്ങളും പരിഷ്കരണങ്ങളും എന്തെല്ലാമാണ്? ഈ പുതുക്കിയ നിയമങ്ങൾ മൂലം നമ്മുടെ പ്രിയപ്പെട്ട കാറുകൾ ഇനിയും നഷ്ടപ്പെടുമോ? മുമ്പ് ബിഎസ് VI മാനദണ്ഡങ്ങൾ നിലവിൽ വന്നപ്പോൾ സംഭവിച്ചതു പോലെ തലങ്ങും വിലങ്ങും എല്ലാം വൻ അഴിച്ചുപണിയും നവീകരണങ്ങളും ഉണ്ടാവുമോ എന്ന് നമുക്ക് നോക്കാം.

പൂർണമായും യൂറോ VI മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ബിഎസ് VI ചട്ടങ്ങളെ പോലെ, വരാനിരിക്കുന്ന ബിഎസ് VII ചട്ടങ്ങളും യൂറോ VII മാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിക്കും. ഡീസൽ വാഹനങ്ങളുടെ കാര്യത്തിൽ പിരി മുറുകും, ഇവയിൽ നിന്നുള്ള മലിനീകരണത്തിന്റെ കാര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾ നമുക്ക് പ്രതീക്ഷിക്കാം.
ഈ പുതിയ ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ ലൈവ് എമിഷൻ അളക്കാൻ പുതിയ സവിശേഷതകൾ അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഇന്ത്യ ബിഎസ് VI മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിലാണ്, എന്നാൽ ഉടൻ തന്നെ മന്ത്രാലയം ബിഎസ് VII മാനദണ്ഡങ്ങളിലേക്ക് ചുവടു വെയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ എങ്കിൽ എന്ത് സംഭവിക്കും?
2025 പകുതി മുതൽ യൂറോ VII മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് യൂറോപ്യൻ രാജ്യങ്ങൾ ഇതിനോടകം പ്രസ്താവിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നത് കൂടുതൽ കഠിനമായതിനാൽ പല കാർ നിർമ്മാതാക്കളും രാജ്യങ്ങളും ഈ തീരുമാനത്തെ എതിർത്തിട്ടുണ്ട. ഇത് ഉറപ്പായും ഉൽപ്പാദന ചെലവ് വർധിപ്പിക്കുകയും തൽഫലമായി പുറത്തിറങ്ങുന്ന വാഹനത്തിന്റെ മൊത്തത്തിലുള്ള മൂല്യം വർധിപ്പിക്കുകയും ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതിനാൽ, കാറുകൾക്ക് കുത്തനെയുള്ള വില വർധനവ് ഉണ്ടാവും എന്ന കാര്യവും നിസംശയം പറയാം. കൂടാതെ, ബിഎസ് VII കംപ്ലയിന്റ് എഞ്ചിൻ ഘടിപ്പിച്ചിട്ടില്ല, എങ്കിൽ പല കാറുകളും നിർത്തലാക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. ബിഎസ് VI മാനദണ്ഡങ്ങൾ പാട്ടും പാടി അതിജീവിച്ച പല മോഡലുകളും ഈ പുത്തൻ മാനദണ്ഡങ്ങൾക്കു മുന്നിൽ അടിപതറാൻ സാധ്യതയുണ്ട്.

എന്നിരുന്നാലും, ഇത് പ്രാബല്യത്തിൽ എത്തിക്കുന്നതിനു മുമ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും ചർച്ച ചെയ്യാൻ കേന്ഗ്ര ഗതാഗത മന്ത്രി എല്ലാ കാർ നിർമ്മാതാക്കളുമായും ഒരു കൂടിക്കാഴ്ച നടത്തും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ചില കാറുകളും എഞ്ചിനുകളും ഈ ചട്ടങ്ങൾ നിലവിൽ വന്നാൽ നിർത്തലാക്കപ്പെടുമെന്നതാണ് സങ്കടകരമായ വസ്തുത. നിർത്തലാക്കപ്പെടാൻ സാധ്യതയുള്ള കാറുകളും എസ്‌യുവികളും ഏതെല്ലാം എന്ന് നോക്കിയാലോ?
ടൊയോട്ടയുടെ ഉയർന്ന ശേഷിയുള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിനാവും ഇക്കൂട്ടത്തിൽ ആദ്യം ബാധിക്കപ്പെടുന്നത് എന്നത് ശ്രദ്ധിക്കണം, അതിനാൽ ജാപ്പനീസ് വാഹന ഭീമൻ ഇത് നിർത്തലാക്കും എന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ ഫോർച്യൂണറിലും ഇന്നോവ ക്രിസ്റ്റയിലുമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. പുത്തൻ ചട്ടങ്ങൾ നിലവിൽ വന്നാൽ ഈ വാഹനങ്ങളെ നമുക്ക് ഇന്നത്തെ പ്രൗഡിയിൽ ഇനി കാണാൻ കഴിഞ്ഞെന്നു വരില്ല.

പുതിയ ബിഎസ് VII മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ബ്രാൻഡ് വികസിപ്പിച്ചെടുത്ത പുതിയ ലോ കപ്പാസിറ്റി എഞ്ചിൻ അല്ലെങ്കിൽ അടുത്തിടെ കണ്ടെത്തിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിനാവും ഭാവിയിൽ നമുക്ക് ഈ ജനപ്രിയ മോഡലുകളിൽ കാണാൻ കഴിയുക. കരുത്തരിൽ നിന്ന് ബലഹീനരിലേക്കാവും ഈ മോഡലുകളുടെ പോക്ക്.
ബിഎസ് VII മാനദണ്ഡങ്ങൾക്കനുസരിച്ച് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഇനി നവീകരിക്കില്ല എന്ന് ഫിയറ്റ് ഇതിനകം തന്നെ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ ടാറ്റ ഹാരിയർ, സഫാരി, ജീപ്പ് മെറിഡിയൻ, എംജി ഹെക്ടർ എന്നിവയാണ് ഈ എഞ്ചിൻ ഉപയോഗിക്കുന്നത്. അതിനാൽ പുതിയ ഡീസൽ എഞ്ചിനുകൾ ഈ മോഡലുകളിൽ അതത് നിർമ്മാതാക്കൾ സജ്ജീകരിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
പുത്തൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാർ ബ്രാൻഡുകൾ കുറഞ്ഞ എമിഷൻ പുറപ്പെടുവിക്കുന്ന പുതിയ എഞ്ചിനുകൾ അവതരിപ്പിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട് എങ്കിലും, അവയ്ക്ക് കരുത്ത് കുറവായിരിക്കും. ഇതിനകം മുകളിൽ സൂചിപ്പിച്ചതുപോലെ, ബിഎസ് VII മാനദണ്ഡങ്ങൾ എപ്പോൾ നിലവിൽ വരുമെന്ന് വ്യക്തമല്ല. എന്നാൽ ഇത് യൂറോ VII-നെ പിന്തുടർന്ന് 2025 ജൂലൈ 1 -ന് പുറത്തിറങ്ങിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








