മഹീന്ദ്രക്ക് കേന്ദ്രത്തില്‍ നല്ല പിടിയാ, ഇവി റിവ്യൂ ചെയ്യുന്നത് വരെ മന്ത്രിമാര്‍! ടാറ്റക്ക് പറ്റുമോ ഇതൊക്കെ
നിലവില്‍ XUV 400 എന്ന ഒറ്റ മോഡല്‍ മാത്രമുള്ള തങ്ങളുടെ ഇലക്ട്രിക് വാഹന ലൈനപ്പ് അടുത്തിടെ മഹീന്ദ്ര വലുതാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ XEV 9e, BE 6 ഇലക്ട്രിക് എസ്‌യുവികള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. കൂട്ടത്തില്‍ ചെറുതായ BE 6 18.90 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം അല്‍പ്പം പ്രീമിയം ഇവിയായ XEV 9e 21.90 ലക്ഷം രൂപ പ്രാരംഭ വിലയില്‍ പുറത്തിറക്കി. പൊതുവേ കാറുകള്‍ പുറത്തിറങ്ങിയാല്‍ വിദഗ്ധരായ മാധ്യമപ്രവര്‍ത്തകരും ഇന്‍ഫ്‌ലുവന്‍സേഴ്‌സുമെല്ലാമാണ് റിവ്യൂ പറയാറുള്ളത്. ഈ ഒരു ഘട്ടം രണ്ട് ഇവികളുടെയും കാര്യത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മഹീന്ദ്ര XEV 9e ഇവി ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ രാജ്യത്തെ ഒരുപിടി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ വീഡിയോയിലൂടെ ലോകം മൊത്തം കണ്ടതാണ്. ഇപ്പോള്‍ മഹീന്ദ്രയുടെ ഇവികള്‍ റിവ്യൂ ചെയ്യുന്നത് വിഐപികളാണ്. ഒരേ ദിവസം രണ്ട് കേന്ദ്രമന്ത്രിമാരുടെ പ്രശംസക്ക് പാത്രമായിരിക്കുകയാണ് മഹീന്ദ്ര ഇവികള്‍. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് പിന്നാലെ ഡല്‍ഹിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയലും രണ്ട് ഇവികളും പരിശോധിച്ച് 'റിവ്യൂ' ചെയ്തു.

പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ പ്രതികരണംഅറിയിച്ചു. XEV 9e, BE 6 എന്നീ ഇവികളുടെ പ്രവര്‍ത്തനം മഹീന്ദ്ര മന്ത്രിക്ക് മുന്നില്‍ കാണിച്ചു. അദ്ദേഹം അത് സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. 'അതിശയകരമായ ഈ ഇലക്ട്രിക് വാഹനങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ മോദി സര്‍ക്കാര്‍ ലോകത്തിലെ ഏറ്റവും മികച്ച ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്നു' പിയൂഷ് ഗോയല്‍ എക്‌സില്‍ എഴുതി.
പുതിയ മഹീന്ദ്ര XEV 9e, മഹീന്ദ്ര BE 6e എന്നിവ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായുള്ള ഉപ ബ്രാന്‍ഡുകളായ XEV, ബോണ്‍ ഇലക്ട്രിക് (BE) എന്നിവയ്ക്ക് കീഴിലുള്ള കന്നി ഉല്‍പ്പന്നങ്ങളാണ്. മോഡുലാര്‍ ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ INGLO ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാണ് ഇവി പണികഴിപ്പിക്കുന്നത്.

മഹീന്ദ്ര BE 6e, മഹീന്ദ്ര XEV 9e ഇവികള്‍ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളില്‍ ലഭ്യമാകും. 59 kWh , 79 kWh പായ്ക്കുകളില്‍ ചെറിയ ബാറ്ററി ഘടിപ്പിച്ച വേരിയന്റാണ് ഇപ്പോള്‍ പുറത്തിറക്കിയത്. വലിയ 79 kWh ബാറ്ററി പായ്ക്ക് പ്രൊപ്പല്‍ഡ് വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും. 79 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
ഈ എസ്‌യുവിയിലെ ഇലക്ട്രിക് പവര്‍ട്രെയിന്‍ 288 bhp പീക്ക് പവറും 380 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കാന്‍ പ്രാപ്തമാണ്. കൂടാതെ ഇതിന് 6.7 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 175 kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ 20-80 ശതമാനം ടോപ്പ്-അപ്പ് ചെയ്യാന്‍ അനുവദിക്കുന്ന ഫാസ്റ്റ് ചാര്‍ജിംഗ് ഫംഗ്ഷനുമുണ്ട്.

ടു-സ്‌പോക്ക് മള്‍ട്ടിഫംഗ്ഷന്‍ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, പനോരമിക് സണ്‍റൂഫ്, ലെവല്‍ 2 ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്‌ബോര്‍ഡില്‍ മൂന്ന് സ്‌ക്രീന്‍ സജ്ജീകരണം, പുതിയ ഗിയര്‍ ലിവര്‍, ഒരു റോട്ടറി ഡയല്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 16-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം, ഓട്ടോ പാര്‍ക്ക് ഫംഗ്ഷന്‍, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, ഏഴ് എയര്‍ബാഗുകള്‍, ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവയാണ് XEV 9e ഇവിയിലെ പ്രധാന ഫീച്ചറുകള്‍.
മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹൈ-എന്‍ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ടെക് എന്നിവയടക്കം നിരവധി നൂതന സവിശേഷതകള്‍ BE 6 ഇവിക്ക് ലഭിക്കുന്നു. പുതിയ മഹീന്ദ്ര XEV 9e, മഹീന്ദ്ര BE 6e ഇലക്ട്രിക് എസ്‌യുവികള്‍ ടാറ്റ കര്‍വ് ഇവി, എംജി ZS ഇവി, BYD അറ്റോ 3, ഹ്യുണ്ടായി അയോണിക് 5 തുടങ്ങിയ മോഡലുകളുമായി ഏറ്റുമുട്ടും.
മാരുതി സുസുക്കി ഇവിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇവി തുടങ്ങിയ ഉടന്‍ വരാനിരിക്കുന്ന ഇവികളെയും ഇത് നേരിടേണ്ടതായുണ്ട്. മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവികളും അടുത്ത വര്‍ഷം ജനുവരി മുതല്‍ ഷോറൂമുകളില്‍ ലഭ്യമാകും. അതേസമയം ഡെലിവറി ഫെബ്രുവരി അവസാനമോ 2025 മാര്‍ച്ച് ആദ്യമോ ആയിരിക്കും ആരംഭിക്കും.


Click it and Unblock the Notifications








