30 കി.മീ മൈലേജുള്ള കാര്‍ മുതല്‍ മലയാളി പേരിട്ട എസ്‌യുവി വരെ! നവംബര്‍ ബമ്പറാക്കാനെത്തുന്ന മോഡലുകള്‍
ഉത്സവ സീസണിന് പരിസമാപ്തിയായതോടെ പുത്തന്‍ ലോഞ്ചുകളും അവതരണങ്ങളും കുറയാറാണ് പതിവ്. എന്നാല്‍ ഈ വര്‍ഷം നവംബറില്‍ രാജ്യം കാത്തിരിക്കുന്ന ഏതാനും ചില കാറുകളുടെ മൂടുപടമഴിക്കാന്‍ പോകുകയാണ്. കോംപാക്ട് സെഡാന്‍, സബ് 4 മീറ്റര്‍ എസ്‌യുവി, ആഡംബര സെഡാന്‍ എന്നിങ്ങനെ വിവിധ ബോഡി സ്‌റ്റൈലിലും വില നിലവാരത്തിലുമുള്ള കാറുകള്‍ വരുന്നുണ്ട്. ഈ മാസം ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചില കാറുകളുമുണ്ട്. അടുത്ത വര്‍ഷമായിരിക്കും അവയുടെ ലോഞ്ച്. 2024 നവംബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന കാറുകള്‍ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.
സ്‌കോഡ കൈലാക്ക്: ചെക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കള്‍ നവംബര്‍ ആറിന് അതായത് മറ്റന്നാള്‍ കൈലാക്ക് എസ്‌യുവി അവതരിപ്പിക്കാന്‍ പോകുകയാണ്. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് എന്നീ വമ്പന്‍മാര്‍ മാറ്റുരയ്ക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് ഈ കാര്‍ മത്സരിക്കാനെത്തുന്നത്. MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന കൈലാക്ക് കുഷാക്കുമായി ഘടകങ്ങള്‍ പങ്കിടുന്നു.

സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റ്, ബ്ലാക്കൗട്ട് അലോയ് വീലുകള്‍, വലിയ ടച്ച്‌സ്‌ക്രീന്‍, ഡിജിറ്റല്‍ കോക്പിറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകള്‍ കാറിന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 114 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് കൈലാക്കിന് കരുത്തേകുന്നത്. കാസര്‍ഗോഡ് സ്വദേശി പേര് നല്‍കിയ ഈ മോഡല്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാകുന്ന സ്‌കോഡ കാര്‍ ആയി മാറും.
പുതുതലമുറ മാരുതി ഡിസയര്‍: മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നവംബര്‍ 11-ന് പുതിയ തലമുറ ഡിസയര്‍ സെഡാന്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ പോകുകയാണ്. പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ഭാഗവും നവീകരിച്ച അലോയ് വീലുകളും പുനര്‍രൂപകല്‍പ്പന ചെയ്ത പിന്‍ഭാഗവും കാണിക്കുന്ന കാറിന്റെ സ്‌പൈ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. സണ്‍റൂഫ് അടക്കം നിരവധി സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുമായി വരുന്ന ന്യൂജെന്‍ ഡിസയര്‍ കോംപാക്ട് സെഡാന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ചേക്കും.

2024 മാരുതി സ്വിഫ്റ്റിലൂടെ അരങ്ങേറിയ പുതിയ 1.2 ലിറ്റര്‍ Z സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ ഡിസയറിന് കരുത്തേകുക. 80 bhp പവറും 112 Nm ടോര്‍ക്കും പുറത്തെടുക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഈ എഞ്ചിന്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടൊപ്പം വരും. ഡിസയറിന്റെ സിഎന്‍ജി വേരിയന്റും ഓഫറിലുണ്ടാകും. ഇതിന് ഏകദേശം കിലോഗ്രാമിന് 30 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കുന്നു.
മെര്‍സിഡീസ് AMG C 63 E പെർഫോമൻസ്: ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പവര്‍ പായ്ക്ക് സെഡാന്‍ നവംബര്‍ 12-ന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തും. ഈ കലണ്ടര്‍ വർഷം മെര്‍സിഡീസ് ബെൻസ് ഇന്ത്യയിലെത്തിക്കുന്ന 14-ാമത്തെയും അവസാനത്തെയും കാറായിരിക്കും മെര്‍സിഡീസ് AMG C 63 E പെർഫോമൻസ്.

മൈല്‍ഡ്-ഹൈബ്രിഡ് മോട്ടോറുള്ള 4 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. 670 bhp പവറും 1200 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഇത് ലോകത്തിലെ ഏറ്റവും ശക്തമായ ഫോര്‍-പോട്ട് എഞ്ചിന്‍ എന്ന് വിളിക്കപ്പെടുന്നു. ബ്രാന്‍ഡിന്റെ 4Matic ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകളിലേക്കും പവര്‍ അയക്കുന്നു.
മഹീന്ദ്ര XUV.e8: കുറച്ച് നാളായി തങ്ങളുടെ രണ്ടാമത്തെ ഓള്‍-ഇലക്ട്രിക് വാഹനം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര. കമ്പനിയുടെ മുന്‍നിര മോഡലായ XUV700 അടിസ്ഥാനമാക്കിയുള്ള ഇവിയായ XUV.e8 ഈ മാസം മൂടുപടമഴിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഐസിഇ മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാനും കൂടുതല്‍ കാര്യക്ഷമമാക്കാനും ഇതിന് ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റ് ബാറുകള്‍, പുതിയ ടു-സ്‌പോക് സ്റ്റിയറിംഗ് വീല്‍ എന്നിവയടക്കം ഒത്തിരി മാറ്റങ്ങള്‍ ഇലക്ട്രിക് എസ്‌യുവിയില്‍ കാണാനാകും. 80 kWh ബാറ്ററി ശേഷിയുള്ള ഒരു ഓള്‍-വീല്‍ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവി ആയിരിക്കും എന്നത് ഒഴിച്ച് മറ്റ് സാങ്കേതിക സവിശേഷതകള്‍ ഒന്നും ലഭ്യമല്ല. നവംബര്‍ 26-നായിരിക്കും ഇവി അരങ്ങേറുക.


Click it and Unblock the Notifications








