10 ലക്ഷം ബജറ്റില്‍ വരാന്‍ പോകുന്നത് എസ്‌യുവികളുടെ നിര! ഇനിയെന്തിന് ഹാച്ച്ബാക്ക് വാങ്ങണം?
സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) വിപണി വിഹിതം ഓരോമാസവും കൂടിക്കൊണ്ടിരിക്കുകയാണ്. മറുവശത്ത് ഹാച്ച്ബാക്കുകൾ ഉൾപ്പെടെ ചെറുകാര്‍ വില്‍പ്പനയില്‍ ഇടിവും നേരിടുകയാണ്. ഈ സാഹചര്യത്തില്‍ എസ്‌യുവി പോര്‍ട്‌ഫോളിയോ വിപുലീകിക്കുന്നതാണ് ബുദ്ധിയെന്ന തിരിച്ചറിവിലാണ് മാരുതി സുസുക്കി (Maruti Suzuki) അടക്കമുള്ള മുന്‍നിര വാഹന നിര്‍മാതാക്കള്‍.
വരും മാസങ്ങളില്‍ നിരവധി പുതിയ കാറുകള്‍ സബ്-4 മീറ്റര്‍ കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. അവയില്‍ പലതും സമീപഭാവിയില്‍ തന്നെ വിപണിയിലെത്തും. നിങ്ങള്‍ ഒരു പുതിയ കോംപാക്റ്റ് എസ്‌യുവി കാറിനായി തിരയുന്ന ആളാണെന്ന് വെക്കുക. 10 ലക്ഷം രൂപ ബജറ്റില്‍ വരാനിരിക്കുന്ന ചില കോംപാക്റ്റ് എസ്‌യുവികള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്താം.

മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റ്: സബ് 4 മീറ്റര്‍ എസ്‌യുവി മുഖംമിനുക്കി വിപണിയിലെത്തിക്കനുള്ള തയാറെടുപ്പിലാണ് മഹീന്ദ്ര. ഫെയ്സ്ലിഫ്റ്റഡ് മഹീന്ദ്ര XUV300 എസ്‌യുവിക്ക് അപ്ഡേറ്റഡ് ഡിസൈനും പുതിയ ഫീച്ചറുകളും ലഭിക്കും. ബ്രാന്‍ഡിന്റെ വരാനിരിക്കുന്ന BE സീരീസ് എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതായിരിക്കും സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഡിസൈന്‍.
അടുത്തിടെ XUV400 ഇവി പ്രോ റേഞ്ചില്‍ ഉള്‍ക്കൊള്ളിച്ച പുതിയ 10.25 ഇഞ്ച് ഫ്രീസ്റ്റാന്‍ഡിംഗ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ ഡിസ്‌പ്ലേ എന്നിവ ക്യാബിനില്‍ കൊണ്ടുവരും. 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലിറ്റര്‍ tGDi പെട്രോള്‍ യൂണിറ്റ് എന്നിവയുള്‍പ്പെടെയുള്ള നിലവിലെ എഞ്ചിന്‍ ഓപ്ഷനുകള്‍ മഹീന്ദ്ര XUV300 ഫെയ്സ്ലിഫ്റ്റില്‍ തുടരും. 1.2 ലിറ്റര്‍ tGDi പെട്രോള്‍ എഞ്ചിന് പുതിയ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിച്ചേക്കും.

ടൊയോട്ട ടൈസര്‍: മാരുതി സുസുക്കി ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയുടെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പാണ് ടൊയോട്ട ടൈസര്‍. ഫ്രോങ്ക്‌സിന്റെ അതേ പവര്‍ട്രെയിനും അണ്ടര്‍പിന്നിംഗുകളുമായിട്ടായിരിക്കും ടൈസറും വരിക. അതേസമയം ഡിസൈനിംഗില്‍ ചില്ലറ മാറ്റങ്ങള്‍ ഉണ്ടാകും. ബമ്പറുകളിലും ഫ്രണ്ട് ഗ്രില്ലിലും അലോയ് വീലുകളിലുമായിരിക്കും സൂക്ഷ്മമായ മാറ്റങ്ങള്‍.
അപ്‌ഹോള്‍സ്റ്ററിയിലെ ചില ചെറിയ മാറ്റങ്ങള്‍ ഒഴികെ അകത്തളത്തില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാകില്ല. പെട്രോള്‍, സിഎന്‍ജി ഓപ്ഷനുകളില്‍ ലഭ്യമായ 1.2 ലിറ്റര്‍ K12C എഞ്ചിനിനൊപ്പം ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ മോട്ടോറും ടൈസറിന് തുടിപ്പേകാന്‍ എത്തും. എസ്‌യുവി പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.

കിയ ക്ലാവിസ്: തങ്ങളുടെ മോഡല്‍ നിരയില്‍ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ ഒരു കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാന്‍ പോകുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. അടുത്തിടെ കിയ ക്ലാവിസ് ദക്ഷിണ കൊറിയന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഐസി എഞ്ചിന്‍ പതിപ്പുകള്‍ക്കൊപ്പം എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും പുറത്തിറങ്ങും. 2024 അവസാനത്തോടെ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ മോഡല്‍ 2025-ല്‍ ഇന്ത്യയിലെത്തും.
പുതിയ സ്‌കോഡ കോംപാക്ട് എസ്‌യുവി: സ്‌കോഡയുടെ ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള കോംപാക്റ്റ് എസ്‌യുവി 2025-ല്‍ പുറത്തിറക്കിയേക്കും. ഇന്ത്യ 2.5 പദ്ധതിയുടെ ഭാഗമായി നിര്‍മിക്കപ്പെടുന്ന എസ്‌യുവി ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതിനൊപ്പം വിദേശ മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും. MQB A0 IN പ്ലാറ്റ്‌ഫോമില്‍ ഒരുന്ന ഈ എസ്‌യുവി കുറഞ്ഞ വിലയില്‍ വില്‍ക്കാനായി 90 ശതമാനത്തിലധികം പ്രാദേശികവല്‍ക്കരണം നടത്തും.

പരിചിതമായ 1.0-ലിറ്റര്‍ TSI എഞ്ചിന്‍ ആയിരിക്കും വരാന്‍ പോകുന്ന എസ്‌യുവിക്ക് തുടിപ്പേകുക. 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ് ഈ എഞ്ചിന്‍. 2025 ജനുവരിയോടെ പുതിയ സ്‌കോഡ കോംപാക്ട് എസ്‌യുവിയുടെ ഉത്പാദനം ആരംഭിക്കും. വരുംദിവസങ്ങളില്‍ പുതിയ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ചെക്ക് കമ്പനി പുറത്തുവിടും.
മാരുതി സുസുക്കി മൈക്രോ എസ്‌യുവി: ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റര്‍ എന്നീ മോഡലുകളുടെ എതിരാളിയായി ഒരു പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ പോകുകയാണ് മാരുതി സുസുക്കി. ബ്രാന്‍ഡിന്റെ ഉല്‍പ്പന്ന നിരയില്‍ ബ്രെസയ്ക്ക് താഴെയാകും Y43 എന്ന് ആന്തരികമായ കോഡ് നാമം ലഭിച്ച പുതിയ മൈക്രോ എസ്‌യുവി സ്ഥാനം പിടിക്കുക. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ വിരളമാണെങ്കിലും വരും ദിവസങ്ങളില്‍ മാരുതി കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








