പുറത്തെ സ്പോർട്ടിനെസ് ഒരു പടിപോലും കുറയാതെ അകത്തും; ക്രെറ്റ N -ലൈനിന്റെ ഇന്റീരിയറും ഫീച്ചറുകളും ഇങ്ങനെ
2024 മാർച്ച് 11 -ന് ക്രെറ്റ N -ലൈൻ സ്‌പോർട്ടി എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി ഇന്ത്യ തയ്യാറെടുക്കുകയാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇതിനോടകം തന്നെ 25,000 രൂപ ടോക്കൺ തുക നൽകി ഓൺലൈനിലോ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ പുതിയ ഹ്യുണ്ടായി ക്രെറ്റ N -ലൈൻ ബുക്ക് ചെയ്യാം സാധിക്കുന്നതാണ്.
വാഹനത്തിന്റെ എക്സ്റ്റീരിയർ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ N -ലൈൻ സ്‌പോർട്ടി എസ്‌യുവിയുടെ ഇൻ്റീരിയർ ചിത്രങ്ങളും സവിശേഷതകളും ഹ്യുണ്ടായി ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ്. ഹ്യുണ്ടായി ക്രെറ്റ N -ലൈൻ ഇൻ്റീരിയർ: സ്‌പോർട്ടി ക്രെറ്റ N -ലൈനിൽ വ്യത്യസ്‌തമായ റെഡ് ഇൻസെർട്ടുകളുള്ള ഓൾ ബ്ലാക്ക് ഇൻ്റീരിയർ സ്‌കീമാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

ഡാഷ്‌ബോർഡ് ലേയൗട്ട്, എയർ കണ്ടീഷൻ വെൻ്റുകൾ, ഗിയർ ലിവർ എന്നിവയിൽ റെഡ് ഇൻസെർട്ടുകൾ നമുക്ക് കാണാം. അതുപോലെ, സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, ലെതറെറ്റ് സീറ്റുകൾ എന്നിവയിൽ റെഡ് സ്റ്റിച്ചിംഗും കമ്പനി ചേർത്തിട്ടുണ്ട്. ഗിയർ നോബിലും ഫ്രണ്ട് സീറ്റുകളിലും "N" ബാഡ്ജിംഗും നമുക്ക് വ്യക്തമായി കാണാനാവും.
ഹ്യുണ്ടായി ക്രെറ്റ N -ലൈൻ സ്റ്റാൻഡേർഡ് പതിപ്പിൽ നിന്നുള്ള മിക്ക സവിശേഷതകളും ഷെയർ ചെയ്യുന്നു. ഇൻഫോടെയിൻമെൻ്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെൻ്റ് കൺസോളിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകളാണ് ഇതിൽ കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. വോയ്‌സ് കമാൻഡിനൊപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ ഇൻഫോടെയിൻമെൻ്റ് യൂണിറ്റ് സപ്പോർട്ട് ചെയ്യും.

ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, 360 -ഡിഗ്രി സറൗണ്ട് ക്യാമറ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എട്ട് തരത്തിൽ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ബോസ് സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളോടെയാണ് എസ്‌യുവി വരുന്നത്.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ അസിസ്റ്റ്, കൊളീഷൻ അവോയിഡൻസ് സംവിധാനം, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് തുടങ്ങിയ സവിശേഷതകളുള്ള ലെവൽ 2 ADAS സിസ്റ്റത്തോടെയാണ് പുതിയ ക്രെറ്റ N -ലൈൻ വരുന്നത്. സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉൾപ്പെടുന്നു.

അവയോടൊപ്പം ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ABS + EBD, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയും കമ്പനി നൽകുന്നുണ്ട്. ഇതിന് ഓട്ടോമാറ്റിക് വൈപ്പറുകളും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും ലഭിക്കും എന്നതും ശ്രദ്ധേയമാണ്. അങ്ങനെ ആകെ മൊത്തം ഫീച്ചർ പായ്ക്ക്ഡ് തന്നെയാണ് പുത്തൻ ക്രെറ്റ N -ലൈൻ എന്ന് ഒറ്റ നോട്ടത്തിൽ പറയാം.
എക്‌സ്‌റ്റീരിയർ സ്‌റ്റൈലിംഗ്: കൂടുതൽ സ്‌പോർട്ടി & അഗ്രസ്സീവ് ഫ്രണ്ട് ഫാസിയയോടെയാണ് പുതിയ എസ്‌യുവി വരുന്നത്, പുതിയ ഗ്രില്ലും പുതിയ ബമ്പറും വൈഡ് എയർ ഇൻടേക്കുകളും, അതോടൊപ്പം ബുൾ ബാർ പോലുള്ള എലമെന്റും ഇത് ഫീച്ചർ ചെയ്യുന്നു. സൈഡ് പ്രൊഫൈലിൽ റെഡ് ആക്‌സൻ്റുകളുള്ള ബോൾഡ് സ്കേർട്ടുകളും N -ലൈൻ ബാഡ്ജിംഗും നൽകിയിട്ടുണ്ട്.
ലോ പ്രൊഫൈൽ ടയറുകളാൽ റാപ്പ് ചെയ്ത വലിയ 18 ഇഞ്ച് വീലുകളാണ് എസ്‌യുവിയിൽ വരുന്നത്. ബ്രേക്കുകൾ റെഡ് നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു, ഇത് സ്പോർട്ടി ഫീൽ വർധിപ്പിക്കുന്നു. പിന്നിൽ, എസ്‌യുവിക്ക് വലിയ റൂഫ് മൗണ്ടഡ് സ്‌പോയിലറും വളരെ സ്ട്രൈക്കിംഗായ ഡിഫ്യൂസറുള്ള ഒരു പുതിയ ബമ്പറും ലഭിക്കുന്നു. ബ്ലാക്ക് റൂഫ് കളർ ഓപ്‌ഷനോടുകൂടിയ പുതിയ തണ്ടർ ബ്ലൂ ഷെയ്ഡിലും എസ്‌യുവി ലഭ്യമാണ്.
ഹ്യുണ്ടായി ക്രെറ്റ N -ലൈൻ സ്പെസിഫിക്കേഷനുകൾ: 158 bhp പവറും 253 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ട്രാൻസ്മിഷൻ ചോയിസുകളിൽ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. റീട്യൂൺ ചെയ്ത സസ്‌പെൻഷൻ സെറ്റപ്പ്, സ്‌പോർട്ടിയർ ട്വിൻ എക്‌സ്‌ഹോസ്റ്റ് ടിപ്പ് തുടങ്ങിയവയും ഇതിൽ ലഭ്യമാകും.


Click it and Unblock the Notifications








