ഇവി സെഗ്മെന്റിൽ ടാറ്റയ്ക്ക് മുട്ടൻ പണിയുമായി മഹീന്ദ്ര; അണിയറയിൽ ഒരുങ്ങുന്നത് സ്കോർപിയോ ഇവി മുതൽ വമ്പന്മാർ
ഇവികൾക്ക് ഇന്ന് വളരെയധികം ജനപ്രീതി ഏറി വരുന്ന സമായമാണ്, അതിനാൽ തന്നെ പ്രമുഖ ഇന്ത്യൻ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്രയും സമീപഭാവിയിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് ചുവടുവെയ്ക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനായി, പുതിയ ഇലക്ട്രിക് എസ്‌യുവികളുടെ ഒരു വമ്പൻ നിരയുടെ വികസനത്തിൽ കമ്പനി സജീവമായി പ്രവർത്തിക്കുകയാണ്. മാത്രമല്ല തങ്ങളുടെ നിലവിലെ മോഡലുകളുടെ നിരയും വൈദ്യുതീകരിക്കാനും നിർമ്മാതാക്കൾ പദ്ധതിയിടുന്നുണ്ട്. ഒട്ടനേകം മോഡലുകളാണ് ഇതിനോടകം അണിയറയിൽ ഒരുങ്ങുന്നത്. ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന ഇലക്ട്രിക് എസ്‌യുവികൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
മഹീന്ദ്ര സ്കോർപിയോ.e: ഈ പട്ടികയിലെ ആദ്യ എസ്‌യുവി എന്നത് മഹീന്ദ്ര സ്‌കോർപിയോ -N -ൻ്റെ ഇലക്ട്രിക് പതിപ്പാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇതിന് സ്കോർപിയോ.e എന്ന പേര് ലഭിച്ചേക്കാം. വരാനിരിക്കുന്ന ഈ എസ്‌യുവി ബ്രാൻഡിന്റെ INGLO പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്റേണലായി P1 എന്ന കോഡ് നെയിമുള്ള ഈ പ്ലാറ്റ്ഫോം 2,775 mm മുതൽ 2,975 mm വരെ വീൽബേസിനെ സപ്പോർട്ട് ചെയ്യുന്നതാണ്.

കൂടുതൽ ആധുനികവും മികവുറ്റതുമായ സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനായി പുതിയ സ്കോർപിയോ.e പരമ്പരാഗത ലാഡർ-ഫ്രെയിം ഷാസി ഒഴിവാക്കും എന്നാണ് റിപ്പോർട്ട്. നിലവിൽ, സ്കോർപിയോ.e -യുടെ പവർട്രെയിനിനെക്കുറിച്ചുള്ള കൃത്ത്യമായ വിശദാംശങ്ങൾ കമ്പനി പങ്കിട്ടിട്ടില്ല. എന്നിരുന്നാലും, വാഹനത്തിൻ്റെ ബാറ്ററിയും ഇലക്ട്രിക് മോട്ടോറുകളും ഥാർ.e കൺസെപ്റ്റുമായി പങ്കിടും എന്ന് പ്രതീക്ഷിക്കുന്നു.
അതിനാൽ 109 bhp മാക്സ് പവറും 135 Nm പീക്ക് torque ഉം നൽകുന്ന ഫ്രണ്ട് -മൗണ്ടഡ് മോട്ടോറും AWD കപ്പാസിറ്റി നൽകുന്ന 286 bhp പവറും 535 Nm torque ഉം സൃഷ്ടിക്കുന്ന ഒരു റിയർ മോട്ടോറും ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിക്കാം എന്നാണ് ഇതിനർഥം. സിംഗിൾ ചാർജിൽ 325-450 കിലോമീറ്റർ ആയിരിക്കാം പ്രതീക്ഷിക്കാവുന്ന റേഞ്ച്. 60 kWh മുതൽ 80 kWh വരെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്ന ബാറ്ററി കപ്പാസിറ്റി.
മഹീന്ദ്ര ബൊലേറോ.e: മഹീന്ദ്രയിൽ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലായ ബൊലേറോയ്ക്കും ഇലക്ട്രിക് പരിവേഷം ലഭിക്കും. സ്കോർപിയോ പോലെ, ഇതിനെ ബൊലേറോ.e എന്ന നെയിപ്ലേറ്റ് ലഭിച്ചേക്കാം. സ്കോർപിയോയ്ക്ക് പറഞ്ഞ അതേ പരിഷ്കരിച്ച INGLO പ്ലാറ്റ്ഫോം ഇതിലും ഉപയോഗിക്കും. നിലവിലെ തലമുറ ബൊലേറോയ്ക്ക് 2,680 mm വീൽബേസാണ് ഉള്ളത്.
എന്നാൽ പുതിയ പ്ലാറ്റ്ഫോം ലോംഗ് വീൽബേസ് അനുവദിക്കും. റിപ്പോർട്ടുകൾ പ്രകാരം, ബൊലേറോ.e 325 കിലോമീറ്റർ മുതൽ 450 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന അതേ ബ്രാക്കറ്റിൽ പെടുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഇതിനും 60 kWh മുതൽ 80 kWh വരെ കപ്പാസിറ്റിയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളും മഹീന്ദ്ര നൽകാം.

മഹീന്ദ്ര XUV.e8: നിലവിൽ, വികസനത്തിൻ്റെ ഏറെ കുറെ ഫിനിഷ് ലൈനിനോട് ഏറ്റവും അടുത്തുള്ള ഇലക്ട്രിക് എസ്‌യുവി എന്നത് മഹീന്ദ്ര XUV.e8 ആണ്. മഹീന്ദ്ര XUV700 -യുടെ ഓൾ-ഇലക്‌ട്രിക് പതിപ്പാണിത് എന്നത് ശ്രദ്ധിക്കണം. ഈ എസ്‌യുവി രാജ്യത്ത് നിരവധി അവസരങ്ങളിൽ പരീക്ഷണം നടത്തുന്നത് ക്യാമറയിൽ പെട്ടിട്ടുണ്ട്. അകത്ത് ഒരു ത്രീ സ്‌ക്രീൻ സെറ്റപ്പോടെ വാഹനം വരുമെന്ന് അടുത്തിടെ സ്പൈ ചിത്രങ്ങൾ സ്ഥിരീകരിച്ചിരുന്നു. ഇത് കമ്പനിയുടെ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
കൂടാതെ 80 kWh ബാറ്ററി പായ്ക്ക് മഹീന്ദ്ര ഇതിൽ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവിംഗ് റേഞ്ചിനെ സംബന്ധിച്ചിടത്തോളം ഇത് ഒറ്റ ചാർജിൽ ഏകദേശം 450-500 കിലോമീറ്റർ വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോറുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ, ഇത് മിക്കവാറും ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെ വന്നേക്കാം. ഈ കോൺഫിഗറേഷൻ 230 bhp മുതൽ 350 bhp വരെ പവർ ഔട്ട്പുട്ടുകൾ നൽകാൻ ഇടയുണ്ട്. ഈ വർഷം അവസാനത്തോടെ ഇവി വിപണിയിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര ഥാർ.e: കഴിഞ്ഞ വർഷം, മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ലൈഫ്‌സ്‌റ്റൈൽ ഓഫ് -റോഡർ മോഡലായ ഥാറിൻ്റെ ഇലക്ട്രിക് പതിപ്പ് പ്രദർശിപ്പിച്ചിരുന്നു, ഇതിനെ ഥാർ.e എന്നാണ് കമ്പനി വിളിക്കുന്നത്. ബ്രാൻഡിൽ നിന്ന് വരാനിരിക്കുന്ന മറ്റെല്ലാ ഇലക്ട്രിക് എസ്‌യുവികളെയും പോലെ, ഇത് INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും. എന്നിരുന്നാലും, ഓഫ്-റോഡ് കഴിവുകളെ സപ്പോർട്ട് ചെയ്യുന്നതിനായി ഇത് പ്രത്യേകമായി പരിഷ്കരിക്കും.
ഇതിൻ്റെ വീൽബേസ് 2,775 mm -നും 2,975 mm -നും ഇടയിലായിരിക്കും വരുന്നത്, ഇതൊരു ഫൈവ് ഡോർ മോഡലായിരിക്കും. 109 bhp പവർ, 135 Nm torque എന്നീ ഔട്ട്പുട്ട് നൽകുന്ന ഫ്രണ്ട് മോട്ടോറും AWD ശേഷിയുള്ള 286 bhp പവറും 535 Nm torque ഉം പുറപ്പെടുവിക്കുന്ന റിയർ മോട്ടോറും അടങ്ങുന്ന ശക്തമായ ഡ്യുവൽ മോട്ടോർ സജ്ജീകരണത്തോടെയാണ് ഈ എസ്‌യുവിയുടെ കൺസെപ്റ്റ് മോഡൽ മഹീന്ദ്ര പ്രദർശിപ്പിച്ചത്.
മുകളിൽ സൂചിപ്പിച്ച മറ്റ് എസ്‌യുവികളെപ്പോലെ ബാറ്ററി പാക്ക് ഓപ്ഷനുകളും 60 kWh മുതൽ 80 kWh വരെയാവാം. ഡ്രൈവിംഗ് റേഞ്ചിന് സംബന്ധിച്ചിടത്തോളം, ചെറിയ ബാറ്ററി പായ്ക്ക് ഏകദേശം 325 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്തേക്കാം, അതേസമയം, 80 kWh പായ്ക്കിന് 435-450 കിലോമീറ്റർ വളരെ റേഞ്ച് വാഗ്ദാനം ചെയ്യാൻ കഴിയും.


Click it and Unblock the Notifications








