35+ കി.മീ മൈലേജുള്ള 'ഫാമിലി കാര്‍' വരുന്നു! ബൈക്കുകളുടെ കച്ചോടം പൂട്ടിക്കുമല്ലോ മാരുതി
ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ മറ്റേത് ബോഡിടൈപ്പിലുള്ള വാഹനങ്ങളേക്കാളും ആധിപത്യം പുലര്‍ത്തുന്നത് സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ അഥവാ എസ്യുവികളാണ്. അതേസമയം എംപിവി (മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍) അല്ലെങ്കില്‍ ഫാമിലി കാര്‍ വിഭാഗവും സ്ഥിരത പുര്‍ത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മാരുതി സുസുക്കി എര്‍ട്ടിഗ, ടൊയോട്ട റൂമിയോണ്‍, കിയ കാരെന്‍സ്, ടൊയോട്ട ഇന്നോവ തുടങ്ങിയ ജനപ്രിയ മോഡലുകളാണ് എംപിവി വിഭാഗം നയിക്കുന്നത്.
പ്രായോഗികത, വിശാലമായ ഇന്റീരിയറുകള്‍, സിറ്റി ഡ്രൈവിംഗിനുള്ള സുഖം എന്നിവയാണ് എംപിവികളെ പ്രിയപ്പെട്ടതാക്കുന്നത്. പ്രായോഗികതയും താങ്ങാനാവുന്ന വിലയും ആഗ്രഹിക്കുന്നവര്‍ക്കായി ഒന്ന് രണ്ട് എംപിവികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താങ്ങാനാകുന്ന വില പ്രതീക്ഷിക്കുന്ന ഒരു മാരുതി മോഡലും അക്കൂട്ടത്തിലുണ്ട്. അതിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഏതെല്ലാം മോഡലുകള്‍ പുറത്തിറക്കണമെന്നതിനെ കുറിച്ച് മാരുതി സുസുക്കിക്ക് കൃത്യമായ പ്ലാനുണ്ട്. ഈ വര്‍ഷം രാജ്യം കാത്തിരിക്കുന്ന മാരുതി കാര്‍ ലോഞ്ചുകള്‍ പുതിയ തലമുറ സ്വിഫ്റ്റ്, ഡിസയര്‍ എന്നിവയാണ്. ഇതിനോടകം ജാപ്പനീസ് വിപണിയില്‍ അരങ്ങേറിയ ന്യൂജെന്‍ സ്വിഫ്റ്റ് കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സെഡാന്‍ പതിപ്പായ ഡിസയര്‍ വര്‍ഷത്തിന്റെ അവസാന പകുതിയില്‍ വിപണിയില്‍ എത്തിയേക്കും.
മാത്രമല്ല ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന മാരുതി സുസുക്കിയുടെ കന്നി ഇലക്ട്രിക് കാറായ eVX-ന്റെ അരങ്ങേറ്റവും ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. YY8 സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്ഫോമില്‍ വരുന്ന ഇലക്ട്രിക് കാറിന്റെ ടൊയോട്ട റീബാഡ്ജ്ഡ് പതിപ്പും പിന്നാലെയെത്തും. ഇതിലൊന്നും മാരുതിയുടെ പുത്തന്‍ മോഡലുകളുടെ വരവ് നില്‍ക്കില്ല. ജനപ്രിയ മിഡ്‌സൈസ് എസ്‌യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പും ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വികസിപ്പിക്കുന്നുണ്ട്.

Y17 എന്നറിയപ്പെടുന്ന ഗ്രാന്‍ഡ് വിറ്റാരയുടെ 7 സീറ്റര്‍ പതിപ്പ് 2025-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. eVX കണ്‍സെപ്റ്റിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ ഒരു മൈക്രോ എസ്‌യുവിയും ഇലക്ട്രിക് എംപിവിയും കൊണ്ടുവരാന്‍ മാരുതി സുസുക്കിക്ക് പദ്ധതികളുണ്ട്. ഇവക്ക് പുറമെയാണ് നമ്മള്‍ തുടക്കത്തില്‍ പറഞ്ഞ സബ് 4 മീറ്റര്‍ എംപിവിയും അണിയറയില്‍ ഒരുങ്ങുന്നത്. ജപ്പാനിലെ സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും വരാനിരിക്കുന്ന ഈ എംപിവി.
ഇന്ത്യക്കാര്‍ ഇപ്പോള്‍ ഏറെ പ്രിയം കാണിക്കുന്ന ഹൈബ്രിഡ് ഹൃദയവുമായിട്ടാകും പുതിയ ഫാമിലി കാര്‍ വരികയെന്നാണ് സൂചന. മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ച ഹൈബ്രിഡ് സിസ്റ്റമായിരിക്കും എംപിവിയില്‍ ഉള്‍ക്കൊള്ളിക്കുക. മാരുതിയുടെ സ്വന്തം ഹൈബ്രിഡ് ടെക് പരീക്ഷിക്കുന്ന ആദ്യ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന ഫ്രോങ്ക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് ആയിരിക്കും. അതിന് ശേഷം വരാന്‍ പോകുന്ന നാലോളം മോഡലുകളില്‍ ഈ പവര്‍ട്രെയിന്‍ സജ്ജീകരിക്കും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായ ബലേനോയുടെ അടുത്ത തലമുറ പതിപ്പ്, സ്വിഫ്റ്റ് അഞ്ചാം തലമുറ പതിപ്പ് എന്നിവയടക്കം ഹൈബ്രിഡ് ആയി മാറും. മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികളില്‍ കാണപ്പെടുന്ന സ്‌ട്രോംഗ് ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും മാരുതി സുസുക്കിയുടെ പുതിയ ഇന്‍-ഹൗസ് ഹൈബ്രിഡ് സിസ്റ്റം. നിസാന്‍ ഇ-പവര്‍ സാങ്കേതികവിദ്യക്ക് സമാനമായിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.
അതായത് ഇവിടെയും പവര്‍ട്രെയിന്‍ ഒരു ജനറേറ്ററായി പ്രവര്‍ത്തിക്കും. ഈ വര്‍ഷം പുതിയ സ്വിഫ്റ്റില്‍ അരങ്ങേറുന്ന Z-സീരീസ് 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പായ്ക്കും ചേര്‍ന്ന് HEV സിസ്റ്റം രൂപീകരിക്കും. കണ്ണ്തള്ളിക്കുന്ന മൈലേജാണ് ഇതിന്റെ വാഗ്ദാനം. മാരുതിയുടെ HEV സിസ്റ്റം ലിറ്ററിന് 35 കിലോമീറ്ററിലധികം ഇന്ധനക്ഷമത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. വരാനിരിക്കുന്ന 7 സീറ്റര്‍ എംപിവിക്ക് YDB എന്നാണ് ആന്തരികമായി കോഡ് നാമം നല്‍കിയിരിക്കുന്നത്.

ഈ കോംപാക്റ്റ് എംപിവിയെ ജപ്പാനില്‍ വിളിക്കുന്ന 'സ്പേഷ്യ' എന്ന അതേ പേര് വിളിക്കുമോ എന്ന കാര്യം ഉറപ്പില്ല. മാരുതി സുസുക്കിയുടെ മോഡല്‍ നിരയില്‍ എര്‍ട്ടിഗയ്ക്ക് താഴെയായിരിക്കും പുതിയ വാഹനത്തിന്റെ സ്ഥാനം. മിക്കവാറും നെക്സ ഡീലര്‍ഷിപ്പ് ശൃംഖല വഴിയായിരിക്കും ഈ മോഡല്‍ റീട്ടെയില്‍ ചെയ്യുക. ഈ വാഹനം എപ്പോള്‍ ലോഞ്ച് ചെയ്യുമെന്ന് കൃത്യമായ വിവരമൊന്നും ലഭ്യമല്ല. എങ്കിലും ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്ന് ആരും പ്രതീക്ഷിക്കേണ്ട.


Click it and Unblock the Notifications








