സ്വിഫ്റ്റ് കോണ്ട് തീർന്നില്ല, മാരുതിയുടെ ആവനാഴിയിൽ ഇനിയും മോഡലുകൾ ബാക്കി; ലിസ്റ്റിൽ ഇവിയും ഹൈബ്രിഡും
പുത്തൻ സ്വിഫ്റ്റിന്റെ ലോഞ്ചോടെ മാരുതി ഈ വർഷം പരിപാടി നിർത്തി എന്ന് കരുതേണ്ട, വരും മാസങ്ങളും വർഷങ്ങളും മാരുതി സുസുക്കിയിൽ നിന്നുള്ള ലോഞ്ചുകളാൽ നിറഞ്ഞതായിരിക്കും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുതുപുത്തൻ മോഡലുകളുമായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ തങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് പുറത്തു വരാനുള്ള തയ്യാറെടുപ്പിലാണ്.
പല പുത്തൻ അപ്പ്ഡേറ്റുകൾക്ക് ഒപ്പം നിരവധി പുതിയ ഇലക്ട്രിക്, സ്ട്രോംഗ് ഹൈബ്രിഡ് കാറുകൾ രാജ്യത്ത് അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. അതിനാൽ, മാരുതിയുടെ അണിയറയിൽ ഏതൊക്കെ കാറുകളാണ് പുറത്തിറങ്ങാൻ ഒരുങ്ങുന്നത് എന്ന് അറിയാൻ താൽപ്പര്യമുണ്ടെങ്കിൽ, അവയുടെ ലോഞ്ച് ടൈംലൈനുകളെ കുറിച്ചുള്ള വിശദമായ ലിസ്റ്റ് ഇതാ.

ഡിസയർ: മാരുതി സുസുക്കി പുതിയ ഫോർത്ത് ജെൻ സ്വിഫ്റ്റ് അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതിനുപുറമെ, ഈ പുതിയ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള 2024 ഡിസയറിന്റെ ലോഞ്ചിനായി കമ്പനി ഇപ്പോൾ കാര്യമായി തയ്യാറെടുക്കുകയാണ്. ഈ മോഡൽ രാജ്യത്ത് നിരവധി അവസരങ്ങളിൽ പരീക്ഷണയോട്ടം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ജൂണിൽ ഇത് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. പുതിയ ഡിസയർ, പറഞ്ഞതുപോലെ, പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എന്നിരുന്നാലും, ഇത് ഒരു പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ റിയർ എൻഡ് ഡിസൈൻ, ഒരു ഓൾ ന്യൂ ഇന്റീരിയർ എന്നിവ വാഗ്ദാനം ചെയ്യും. സിംഗിൾ പ്ലെയിൻ ഇലക്ട്രിക് സൺറൂഫ് പോലുള്ള സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഇതിൽ മാരുതി സജ്ജീകരിച്ചിരിക്കുന്നു.

ബലേനോ ഫെയ്‌സ്‌ലിഫ്റ്റ്: പുതിയ ഡിസയർ വിപണിയിൽ എത്തിച്ചതിന് പിന്നാലെ കമ്പനി പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിക്കും. ബലേനോ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് ഈ വർഷം സെപ്റ്റംബറിൽ ഉണ്ടാവും എന്നാണ് പറയപ്പെടുന്നത്. വിപണിയിലെ മറ്റ് കോംപറ്റീഷനുമായി പിടിച്ചു നിൽക്കാൻ ഇത് അനിവാര്യമാണ്.
റിപ്പോർട്ടുകൾ പ്രകാരം, കമ്പനി വാഹനത്തിന് അല്പം അപ്‌ഡേറ്റ് ചെയ്ത എക്സ്റ്റീരിയർ ഡിസൈൻ വാഗ്ദാനം ചെയ്യും. മിക്കവാറും, ഇതിന് ഒരു സെറ്റ് പുതിയ ബമ്പറുകളും അലോയി വീലുകളും നൽകും. കൂടാതെ, ഇത് ADAS, വെന്റിലേറ്റഡ് സീറ്റുകൾ, സ്റ്റാൻഡേർഡ് ഫിറ്റ്മെന്റായി ആറ് എയർബാഗുകൾ, മറ്റ് ചില പ്രീമിയം ഫീച്ചറുകൾ എന്നിവയോടൊപ്പം വരാൻ സാധ്യതയുണ്ട്.

eVX ഇലക്ട്രിക് എസ്‌യുവി: മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX ഇലക്ട്രിക് എസ്‌യുവി 2025 -ന്റെ ആദ്യ പാദത്തിൽ തന്നെ ഔദ്യോഗികമായി അവതരിപ്പിക്കും. ഈ വർഷം സെപ്റ്റംബറിലാണ് eVX -ന്റെ പ്രൊഡക്ഷൻ ആരംഭിക്കാൻ ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പ്ലാൻ ചെയ്തിരുന്നത്, എന്നിരുന്നാലും പല കാരണങ്ങളാൽ ഇത് ഇപ്പോൾ 2025 ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ബാറ്ററി ഡിസ്ട്രിബ്യൂഷനും സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാരുതി സുസുക്കി നിലവിൽ ചില വെല്ലുവിളികൾ നേരിടുകയാണ്. MSIL -ൽ നിന്നുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായ eVX-നൊപ്പം 45 kWh, 60 kWh എന്നിങ്ങനെ രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇവ യഥാക്രമം 415 കിലോമീറ്ററും 550 കിലോമീറ്റർ റേഞ്ചും നൽകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 25 ലക്ഷം രൂപയിൽ താഴെയുള്ള വിലയ്ക്കാവും ഇത് ലോഞ്ച് ചെയ്യുക.
ഗ്രാൻഡ് വിറ്റാര ഏഴ് സീറ്റർ: ഇന്റേണലായി Y17 എന്ന കോഡ് നെയിമിൽ അറിയപ്പെടുന്ന പുതിയ ഗ്രാൻഡ് വിറ്റാര സെവൻ സീറ്റർ പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുകയാണ്. ഈ വരാനിരിക്കുന്ന എസ്‌യുവി 2025 -ൽ വിപണിയിൽ ലോഞ്ച് ചെയ്യപ്പെടും, മിക്കവാറും ആദ്യ പാദത്തിൽ തന്നെയുണ്ടാവും.
ഫൈവ് സീറ്റർ ഹൈബ്രിഡ് എസ്‌യുവിയുമായി ഗ്രാൻഡ് വിറ്റാര സെവൻ സീറ്റർ അതിന്റെ ഡിസൈനും പവർട്രെയിനും മറ്റ് ഘടകങ്ങളും പങ്കിടും. ടൊയോട്ട, ഗ്രാൻഡ് വിറ്റാര ഫൈവ് സീറ്ററിനെ അടിസ്ഥാനമാക്കിയുള്ള തങ്ങളുടെ അർബൻ ക്രൂയിസർ ഹൈറൈഡറിലും ഇതേ സജ്ജീകരണം പിന്തുടർന്ന് ഒരു സെവൻ സീറ്റർ അവതരിപ്പിക്കും.
eWX (മിനി ഇവി): eVX -ന്റെ ലോഞ്ചിന് ശേഷം 2026 -ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന eWX എന്നത് മാരുതി സുസുക്കിയിൽ നിന്നുള്ള ഒരു മിനി ഇലക്ട്രിക് കാർ മോഡലായിരിക്കും. ഈ പുതിയ മോഡൽ വാഗൺആർ പോലെ ഒരു ടോൾ ബോയ് രൂപകൽപ്പനയുമായി വരും, കൂടാതെ പുതിയ K-EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഇന്ത്യയിൽ വളരെ മത്സരാധിഷ്ഠിതമായി വിലനിർണ്ണയത്തോടെ എത്തും. എംജി കോമെറ്റ്, ടാറ്റ ടിയാഗോ ഇവി എന്നിവയാവും പ്രധാന എതിരാളികൾ.
25 kWh ബാറ്ററി പായ്ക്കോടുകൂടിയായിരിക്കും ഇന്തോ ജാപ്പനീസ് ബ്രാൻഡ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഏകദേശം 230 കിലോമീറ്റർ റേഞ്ച് സിംഗിൾ ചാർജിൽ വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച്, ഇത് കനത്ത രീതിയിൽ പ്രാദേശികവൽക്കരിച്ച യൂണിറ്റായിരിക്കും. ഈ കാറിന്റെ കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
ഫ്രോങ്ക്സ് ഹൈബ്രിഡ്: മാരുതി സുസുക്കി അടുത്തിടെയാണ് തങ്ങളുടെ പുതിയ സീരീസ് ഹൈബ്രിഡ് സിസ്റ്റം അവതരിപ്പിച്ചത്. ഈ സംവിധാനത്തിൽ, ബാറ്ററി പാക്ക് ചാർജ് ചെയ്യുന്നതിനുള്ള ഒരു ജനറേറ്ററായിട്ടാണ് എഞ്ചിൻ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും, വാഹനത്തിന്റെ പ്രൊപ്പൽഷൻ നടത്തുന്നത് ഇലക്ട്രിക് മോട്ടോറുകളാണ്, അല്ലാതെ ICE എഞ്ചിൻ അല്ല എന്നത് ശ്രദ്ധേയമാണ്.
റിപ്പോർട്ടുകൾ പ്രകാരം, ബ്രാൻഡിന്റെ ഈ സംവിധാനം ലഭിക്കുന്ന ആദ്യത്തെ കാർ ഫ്രോങ്ക്സ് ഹൈബ്രിഡ് ആയിരിക്കും എന്നാണ് പറയപ്പെടുന്നത്. ഫ്രോങ്ക്സ് സീരീസ് ഹൈബ്രിഡ് 2025 -ൽ അരങ്ങേറ്റം കുറിക്കും എന്ന് റിപ്പോർട്ട് ചെയ്യുന്നു. മിക്കവാറും, ICE, ഹൈബ്രിഡ് വേരിയന്റുകൾക്കിടയിൽ ഒരു വേർതിരിവ് സൃഷ്ടിക്കാൻ ഇതിന് കുറച്ച് എക്സ്റ്റീരിയർ ഡിസൈൻ വ്യത്യാസങ്ങളും അപ്പ്ഡേറ്റുകളും ലഭിക്കും.
ഫ്രോങ്ക്സ് ഇവി: അവസാനമായി ലിസ്റ്റിലുള്ളത്, ഫ്രോങ്ക്സ് ഇവിയാണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിന് കമ്പനി തങ്ങളുടെ ഇവി ഡ്രൈവ്‌ട്രെയിൻ വൈദഗ്ദ്ധ്യം ഫ്രോങ്ക്സിൽ പ്രയോഗിക്കും. ഈ മോഡൽ 2026 -ൽ അവതരിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഈ മോഡലിന്റെ കൃത്യമായ പവർട്രെയിൻ സവിശേഷതകൾ ഇതുവരെ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.


Click it and Unblock the Notifications








