2024 ഡിസയർ മുതൽ പുത്തൻ മഹീന്ദ്ര ഇവികൾ വരെ! നവംബറിൽ കോളിളക്കം സൃഷ്ടിക്കാൻ ഒരുങ്ങുന്ന മോഡലുകൾ ഇവയൊക്കെ
ഇന്ത്യൻ വാഹന വിപണിയിൽ വീണ്ടും കോളിളക്കങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്പല പ്രമുഖ വാഹന നിർമ്മാതാക്കളും. ഒട്ടനവധി ജനപ്രിയ മോഡലുകളുടെ അപ്പ്ഡേറ്റുകളും ചില പുതു പുത്തൻ മോഡലുകളും എല്ലാം തന്നെയായി 2024 -ന്റെ അവസാന മാസങ്ങളിലും വാഹന വിപണിയിൽ ആവേശം ഒട്ടും തന്നെ ചോരാതെ നിലകൊള്ളുകയാണ് എന്ന് നിസംശയം പറയാം. ഉത്സവ സീസണോടെ എല്ലാം കെട്ടടങ്ങും എന്ന് പ്രതീക്ഷിച്ചിരുന്നവർ എല്ലാം തന്നെ ഇപ്പോൾ അമ്പരന്നിരിക്കുകയാണ്. പുത്തൻ ഇവികളും, ICE കാറുകളും ഉൾപ്പടെ ഒട്ടനവധി മോഡലുകളാണ് നവംബറിൽ അവതരണത്തിന് ഒരുങ്ങുന്നത്. ബ്രാൻഡുകളിൽ നിന്ന് വരാനിരിക്കുന്ന പുതിയ മോഡലുകൾ ഏതെല്ലാം എന്ന് നമുക്ക് നോക്കാം.
മാരുതി ഡിസയർ: പുതിയ നാലാം തലമുറ ഡിസയറിനായുള്ള ബുക്കിംഗ് മാരുതി സുസുക്കി ഇന്ത്യ ഇതിനോടകം സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. മുൻതലമുറ മോഡലിനേക്കാൾ സുപ്രധാനമായ സ്റ്റൈലിംഗ്, ഫീച്ചർ & മെക്കാനിക്കൽ അപ്‌ഡേറ്റുകളും വാഹനത്തിന് ഉണ്ടായിരിക്കും. ഫ്രണ്ട് ഫാസിയയ്ക്ക് അടിമുടി ഡിസൈൻ മാറ്റം ലഭിക്കും കൂടാതെ വലിയ ഫ്രണ്ട് ഗ്രില്ലും ആംഗുലാർ എൽഇഡി ഹെഡ്‌ലാമ്പുകളും പുതിയ ബമ്പറും ഇതിനുണ്ടാവും. സൈഡ് പ്രൊഫൈലിൽ പുതിയ അലോയി വീലുകളും ഉണ്ടാകും.

പിൻഭാഗത്ത് 'Y' ആകൃതിയിലുള്ള എലമെന്റുകളുമായി വരുന്ന പുതിയ എൽഇഡി ടെയിൽ ലാമ്പുകളും നമുക്ക് കാണാം. അത് കൂടാതെ ടെയിൽഗേറ്റ് ഡിസൈനും പുതുമയുള്ളതായി കാണപ്പെടുന്നു. കാറിൻ്റെ ടയറുകൾ വളരെ മെലിഞ്ഞതാണ്, മൈലേജ് മെച്ചപ്പെടുത്താനുള്ള ശ്രമമാണിത് എന്ന് അനുമാനിക്കാം. ഇതുവരെ വിപണിയിൽ എത്തിയിട്ടുള്ള ഡിസയർ മോഡലുകളിൽ ഈ തലമുറകളിൽ എക്കാലത്തെയും മികച്ച ഡിസയർ ഇത് ആയിരിക്കാം!
ബ്ലാക്ക്, ബീജ്, ഫോക്സ് വുഡ്, സാറ്റിൻ സിൽവർ എന്നിവ ഉൾപ്പെടുന്ന ടെട്രാ ടോൺ കളർ ഓപ്ഷനാണ് ക്യാബിനിൽ ഉണ്ടാവുക. അത് കൂടാതെ ക്ലൈമറ്റ് കൺട്രോൾ, പുതിയ സ്റ്റിയറിംഗ് വീൽ, സൺറൂഫ്, 360 ഡിഗ്രി ക്യാമറ, ക്രൂയിസ് കൺട്രോൾ, ഫ്രീ സ്റ്റാൻഡിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ, റിയർ എസി വെൻ്റുകൾ, ചാർജിംഗ് പോയിൻ്റുകൾ, വയർലെസ് ചാർജർ തുടങ്ങിയ ഫീച്ചറുകൾ കോംപാക്റ്റ് സെഡാന് ലഭിക്കും.
ഡിജിറ്റൽ MID ഡിസ്പ്ലേയുള്ള ഒരു അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഇതിലുണ്ടാവും. പുതിയ സ്വിഫ്റ്റിൻ്റെ അതേ 1.2 ലിറ്റർ, ത്രീ -സിലിണ്ടർ Z12E എഞ്ചിൻ തന്നെയാണ് കോംപാക്ട് സെഡാനും കരുത്തേകുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 80 bhp മാക്സ് പവറും 112 Nm പീക്ക് ടോർക്കും സൃഷ്ടിക്കും. മാനുവൽ, AMT ഗിയർബോക്സുകളും ഇതിന് ലഭിക്കും.
പുതിയ ഹോണ്ട അമേസ്: പുതിയ ഡിസയറിന്റെ ലോഞ്ച് അടുക്കുന്നതോടെ, ഹോണ്ടയും ഉടൻ തന്നെ തങ്ങളുടെ പുതിയ അമേസിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. മുമ്പത്തെ കാറിനേക്കാൾ വലുതായിരിക്കും ഇത്, സിറ്റി പ്ലാറ്റ്‌ഫോമിൻ്റെ പരിഷ്‌ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയാണിത് എന്നതും ശ്രദ്ധേയമാണ്. മൂന്നാം തലമുറ അമേസ് ഈ വർഷം ഡിസംബറിൽ നിർമ്മാതാക്കൾ ലോഞ്ച് ചെയ്യും.

വരാനിരിക്കുന്ന അമേസിൻ്റെ ഫ്രണ്ട് ഫാസിയയും രൂപകൽപ്പനയും കാണിക്കുന്ന ഒരു ടീസർ ചിത്രം കമ്പനി അടുത്തിടെ പങ്കുവെച്ചിരുന്നു. ന്യൂ ജെൻ മോഡൽ വളരെ ഷാർപ്പും കൂടുതൽ അഗ്രസ്സീവുമായി കാണപ്പെടും. വലിപ്പമേറിയ ഫ്രണ്ട് ഗ്രില്ല്, ബോൾഡ് ബോഡി ലൈനുകൾ, സ്ലീക്ക് ഹെഡ്‌ലൈറ്റുകൾ, എൽഇഡി DRL -കൾ, ഒരു ന്യൂ ജെൻ രൂപം എന്നിവ പ്രതീക്ഷിക്കാം.
അകത്തളത്തിൽ 2024 അമേസിന് ഒരു പുതിയ ഡാഷ്‌ബോർഡ് ലേയൗട്ടും കൂടുതൽ ഫീച്ചറുകളും ഉണ്ടായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സംവിധാനം എന്നിവയുമായി കോംപാക്ട് സെഡാൻ വരും എന്ന് പ്രതീക്ഷിക്കുന്നു.
മഹീന്ദ്ര BE 6e: 2024 നവംബർ 26 -ന് ചെന്നൈയിൽ നടക്കുന്ന മഹീന്ദ്ര അൺലിമിറ്റ് എന്ന പരിപാടിയിൽ മഹീന്ദ്ര തങ്ങളുടെ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. ഇതിലൊന്നാണ് BE 6e. മുമ്പ് BE.05 എന്നറിയപ്പെട്ടിരുന്ന BEV (ബോൺ ഇലക്ട്രിക് വെഹിക്കിൾ) -യുടെ പ്രൊഡക്ഷൻ രൂപമാണിത്.
വാഹനത്തിന്റെ ഔദ്യോഗിക അനാച്ഛാദനത്തിന് മുമ്പ് തന്നെ ഇന്ത്യൻ നിർമ്മാതാക്കൾ രണ്ട് ടീസറുകളും പുറത്തിറക്കി. പ്രൊഡക്ഷൻ ഫോം BE.05 എന്ന കൺസെപ്റ്റ് മോഡലിനോട് സമാനമായിരിക്കും. സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സെറ്റപ്പ്, ക്ലോസ് -ഓഫ് ഗ്രില്ല്, പുതിയ ഇല്യുമിനേറ്റഡ് മഹീന്ദ്ര ലോഗോ, എയ്‌റോ ബ്ലേഡ് -സ്റ്റൈൽ അലോയി വീലുകൾ, വളരെ സ്ലീക്കായ എൽഇഡി ടെയിൽ ലാമ്പുകൾ, ഗ്ലാസ് റൂഫ്, സ്ലോപ്പിംഗ് റൂഫ്‌ലൈൻ എന്നിവ BE 6e -യിൽ ഉണ്ടായിരിക്കും.

ഒരു ഫൈറ്റർ ജെറ്റ് ശൈലിയിലുള്ള ലേയൗട്ടായിരിക്കും ക്യാബിന് ലഭിക്കുക. വാഹനത്തിന് ഒരു റോട്ടറി ഡയൽ, മിനുസമാർന്ന എസി വെൻ്റുകൾ, മഹീന്ദ്ര ലോഗോയുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവ ഉണ്ടായിരിക്കും.
ബ്രാൻഡിന്റെ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും BE6e ഒരുക്കുന്നത്. 60 kWh, 79 kWh യൂണിറ്റുകൾ എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളുമായാണ് ഇത് വരുന്നത്. വലിയ യൂണിറ്റ് 450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യും. ലോഞ്ച് ചെയ്യുമ്പോൾ, മഹീന്ദ്രയുടെ EV പോർട്ട്‌ഫോളിയോയിൽ XUV400-ന് മുകളിൽ BE 6e ഇരിക്കും. ടാറ്റ Curvv.ev, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ EV, മാരുതി സുസുക്കി eVX എന്നിവയായിരിക്കും പ്രധാന എതിരാളികൾ.


Click it and Unblock the Notifications








