വരാനിരിക്കുന്ന ഡസ്റ്ററിൽ പെട്രോൾ എഞ്ചിൻ മാത്രം, കാശ് കുറച്ച് പൊട്ടുമെന്ന കാര്യം ഉറപ്പായി
റെനോ ഡസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ മുതൽ കൃത്യമായി പറഞ്ഞാൽ 2012 ൽ വിപണിയിലെത്തുന്നത് ഒരു കോംപാക്ട് എസ്‌യുവിക്കായി ജനങ്ങൾ കാത്തിരുന്ന സമയത്തായിരുന്നു. പുതിയ മുഖത്തോടെ അവതരിച്ചപ്പോഴും ജനമനസിലെ സ്ഥാനം ഏങ്ങും പോയില്ല. ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ തലമുറ റെനോ ഡസ്റ്റർ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്, ഒപ്പം അതിൻ്റെ നിസ്സാൻ കൗണ്ടർപാർട്ടും ഒപ്പമുണ്ടാകും.
അടുത്തിടെ, റെനോ-നിസ്സാൻ സഖ്യം ടീസർ പങ്കിട്ടുകൊണ്ട് രണ്ട് പുതിയ എസ്‌യുവികളുടെ വരവ് സ്ഥിരീകരിച്ചിരുന്നു, കൂടാതെ അവരുടെ 7 സീറ്റർ പതിപ്പുകൾ 2026 അവസാനത്തോടെ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ എസ്‌യുവികളുടെ ഔദ്യോഗിക ലോഞ്ച് ഇനിയും ഏറെ സമയമുണ്ടെങ്കിലും, പുതിയ ഡസ്റ്ററും അതിൻ്റെ നിസാൻ ഡെറിവേറ്റീവും ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളോടെ മാത്രമേ വരൂ എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതിനുപുറമെ, ആഭ്യന്തര വിപണിയിൽ ഫോർ വീൽ ഡ്രൈവ് വേരിയൻ്റും കമ്പനിയുടെ പരിഗണനയിലുണ്ട്. പുതിയ റെനോ ഡസ്റ്ററിനും നിസാൻ എസ്‌യുവിക്കും ലോഞ്ച് സമയത്ത് രണ്ട് ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കാനാണ് സാധ്യത. നിസാൻ മാഗ്‌നൈറ്റിനും റെനോ കൈഗറിനും കരുത്തേകുന്ന പരിചിതമായ HR10 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് പുതിയ പാക്കേജിൻ്റെ ഭാഗമാകും. എന്നിരുന്നാലും, ഇതിന് കൂടുതൽ ശക്തമായ ട്യൂൺ ലഭിക്കുമെന്നും ലോവർ-സ്പെക്ക് വേരിയൻ്റുകളിൽ സംവരണം ചെയ്യപ്പെടുമെന്നാണ് തോന്നുന്നത്.
ലോഗന്‍, വെരിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ചര്‍, നിസന്‍ കിക്ക്സ് എന്നിങ്ങനെ ഒന്നിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ച റെനോയുടെ B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഡസ്റ്റര്‍ അക്കാലത്ത് പണിതിറക്കിയത്. ഡിസൈനിലെ പുതുമയും ധീരമായ ലുക്കും പെർഫോമൻസുമെല്ലാമാണ് എസ്‌യുവിയെ ജനഹൃദയങ്ങൾ കീഴടക്കാൻ സഹായിച്ചത്. എന്നാൽ ആധുനിക കാലത്തിനൊത്ത് വാഹനത്തെ പരിഷ്ക്കരിക്കാൻ റെനോ മറന്നുപോയതോടെ വിൽപ്പന കണക്കുകൾ പതിയെ കുറഞ്ഞുവന്നു.

153 bhp കരുത്തും 254 Nm torque ഉം ഉത്പാദിപ്പിക്കുന്ന HR13 1.3 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റായിരിക്കും രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ. ഇപ്പോൾ നിർത്തലാക്കിയ മുൻ തലമുറ ഡസ്റ്ററിനും നിസാൻ കിക്‌സിനും കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്. രണ്ട് പവർട്രെയിനുകളും 6-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുമായി ജോടിയാക്കിയിരിക്കുകയാണ്.
ഇതിനുപുറമെ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും അവതരിപ്പിക്കാൻ പദ്ധതിയുണ്ട് എന്നാലും, ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡസ്റ്ററിന്റെ 5 സീറ്റര്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 7 സീറ്റര്‍ മോഡല്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നാണ് മനസ്സിലാകുന്നത്. പരിചിതമായ CMF-B പ്ലാറ്റ്‌ഫോമിലായിരിക്കും 7 സീറ്റര്‍ ബിഗ്‌സ്റ്റര്‍ പണിയുക. ഡസ്റ്ററിനേക്കാള്‍ നീളമുണ്ടാകും ഈ എസ്‌യുവിക്ക്.

നിലവിലെ ഡസ്റ്ററിന് 4.34 മീറ്റര്‍ നീളമുള്ളപ്പോള്‍ മൂന്നു വരി മോഡലിന് മൊത്തത്തില്‍ ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ റിയര്‍ ഓവര്‍ഹാംഗും വലിയ വാതിലുകളും ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് അളവുകളും വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ ഡിസൈന്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കും. ബോഡി പാനലുകള്‍, മെക്കാനിക്കല്‍ ബിറ്റുകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് ന്യൂജെന്‍ ഡസ്റ്ററുമായി നിരവധി സാമ്യതകള്‍ ഉണ്ടാകും.
കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെക്കുന്നതിനാല്‍ പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തും. ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകള്‍ കാറില്‍ ഉള്‍ക്കൊള്ളിച്ചേക്കും.


Click it and Unblock the Notifications








