ഇവികള്‍ക്ക് കുറഞ്ഞ വിലക്ക് കിട്ടും! കോടികളുടെ നിക്ഷേപവുമായി 'ഫോറിന്‍' കമ്പനി കൂടി ഇന്ത്യയില്‍
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. എന്നാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇവികളുടെ വളര്‍ച്ച ശൈശവദശയിലാണ്. അതുകൊണ്ട് തന്നെ ഈ സമയത്ത് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് വന്‍കിട വിദേശ കമ്പനികള്‍. ചുരുങ്ങിയ നാള്‍ കൊണ്ട് ലോകത്തിലെ മുന്‍നിര ഇലക്ട്രിക് കാര്‍ നിര്‍മാതാവായി പേരെടുത്ത കമ്പനിയാണ് വിന്‍ഫാസ്റ്റ് ഓട്ടോ.
ഇലക്ട്രിക് വാഹന രംഗത്ത് ടെസ്ലയുടെ എതിരാളിയായ വിയറ്റ്നാമീസ് കമ്പനി ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപിച്ച് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് വിന്‍ഫാസ്റ്റിന്റെ ഇന്ത്യന്‍ എന്‍ട്രി സ്ഥിരീകരിച്ച് കമ്പനി വമ്പന്‍ നിക്ഷേപത്തിനുള്ള കരാര്‍ ഒപ്പിട്ടു. അമേരിക്കന്‍ ഇവി ഭീമന്‍മാരായ ടെസ്ലയും ഈ വര്‍ഷം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയുടെ ഇവി പ്ലാന്റ് മിക്കവാറും ഗുജറാത്തിലായിരിക്കും സ്ഥാപിക്കുക.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി വിപണികളില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിച്ച വിന്‍ഫാസ്റ്റ് കോടികള്‍ നിക്ഷേപിക്കുന്നത് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലാണ്. ടെസ്ല, വിന്‍ഫാസ്റ്റ് എന്നീ വന്‍കിട ബ്രാന്‍ഡുകളുടെ വരവ് ഇന്ത്യയില്‍ ഇവി വിപ്ലവത്തിന് പുതു ഊര്‍ജ്ജം പകരുമെന്ന കാര്യത്തിലും തര്‍ക്കമില്ല. തമിഴ്നാട്ടിലെ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി രണ്ട് ബില്യണ്‍ ഡോളര്‍ ആണ് നിക്ഷേപിക്കുന്നത്.
പദ്ധതിയുടെ ആദ്യ അഞ്ച് വര്‍ഷത്തേക്ക് 500 മില്യണ്‍ ഡോളര്‍ പ്രതിജ്ഞാബദ്ധമാണെന്നും തമിഴ്‌നാട് സംസ്ഥാന സര്‍ക്കാരുമായി സംയുക്ത കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്നും വിന്‍ഫാസ്റ്റ് ഒരു ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ഈ കലണ്ടര്‍ വര്‍ഷം മുതല്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ബാറ്ററി, ഇവി നിര്‍മാണ പ്ലാന്റുകളുടെ നിര്‍മ്മാണം ആരംഭിക്കും. വിന്‍ഫാസ്റ്റിന്റെ വരവോടെ 3,500 തൊഴിലവസരങ്ങളാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിക്കപ്പെടുക.

'150,000 യൂണിറ്റ് വരെ വാര്‍ഷിക ശേഷിയുള്ള ഈ മേഖലയിലെ ഒരു ഫസ്റ്റ് ക്ലാസ് ഇലക്ട്രിക് വാഹന ഉല്‍പ്പാദന കേന്ദ്രമായി മാറാനാണ് വിന്‍ഫാസ്റ്റ് തമിഴ്‌നാട് പദ്ധതി ലക്ഷ്യമിടുന്നത്. പ്ലാന്റിന്റെ നിര്‍മ്മാണം 2024-ല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിലെയും ഇന്ത്യയിലെയും മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയിടുന്നതിനാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത' കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ത്യയുടെ ഇവി ഹബ്ബാകാന്‍ സംസ്ഥാനത്തിന് വലിയ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ നിന്നാണ് തമിഴ്നാട്ടില്‍ പ്ലാന്റ് സ്ഥാപിക്കാനും തങ്ങളുടെ പ്രവര്‍ത്തന കേന്ദ്രമാക്കി വികസിപ്പിക്കാനും കമ്പനി തീരുമാനിച്ചത്. സാമ്പത്തിക നേട്ടങ്ങള്‍ക്ക് പുറമെ പദ്ധതി ഹരിത ഗതാഗത വികസനത്തിനും വഴിയൊരുക്കുമെന്നും പുതുതായി രജിസ്റ്റര്‍ ചെയ്ത 30 ശതമാനം സ്വകാര്യ കാറുകളും ഇലക്ട്രിക് ആകാന്‍ ലക്ഷ്യമിടുന്നതായും വിന്‍ഫാസ്റ്റ് പറയുന്നു.

വിന്‍ഫാസ്റ്റിനെ കുറിച്ച് പറയുമ്പോള്‍ ഓട്ടോമൊബൈല്‍ രംഗത്ത് വലിയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു രാജ്യത്ത് നിന്നാണ് അവര്‍ വരുന്നത്. എന്നാല്‍ ഇവികളുടെ കാര്യത്തില്‍ പരമ്പരാഗത നിര്‍മാതാക്കള്‍ക്കും പുതിയ കമ്പനികള്‍ക്കും ഒരേ സാധ്യതയാണ്. ഇന്ത്യയില്‍ ഓല ഇലക്ട്രിക് ടൂവീലര്‍ വിപണി പിടിച്ചെടുത്ത ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. വിയറ്റ്‌നാമിലെ ആദ്യത്തെ ശതകോടീശ്വരനും പ്രോപ്പര്‍ട്ടി ഡെവലപ്പറുമായ ഫാം നാറ്റ് വൂങ് 2017-ലാണ് വിന്‍ഫാസ്റ്റ് സ്ഥാപിച്ചത്.
കമ്പനി 2021 മുതല്‍ ഇവികള്‍ നിര്‍മ്മിച്ച് വരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവി പ്ലാന്റുകള്‍ സ്ഥാപിച്ച് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്ന തിരക്കിലാണ് വിന്‍ഫാസ്റ്റ് ഇപ്പോള്‍. ഓസ്ട്രേലിയയില്‍ ജനറല്‍ മോട്ടോര്‍സില്‍ നിന്നുള്ള പ്ലാന്റ് സ്വന്തമാക്കിയ കമ്പനി ഇന്തോനേഷ്യയിലും പ്രൊഡക്ഷന്‍ ഹബ് സ്ഥാപിക്കുകയാണ്. 2026-ഓടെ ഇന്തോനേഷ്യന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകും.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ടെസ്ലയുടെ സ്വന്തം തട്ടകമായ യുഎസിലേക്ക് വിന്‍ഫാസ്റ്റ് ഇവികള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയിരുന്നു. കഴിഞ്ഞ മാസം അമേരിക്കയില്‍ വിന്‍ഫാസ്റ്റിന്റെ ആദ്യത്തെ ഡീലര്‍ഷിപ്പ് ആരംഭിച്ചു. നാല് ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ നോര്‍ത്ത് കരോലിനയില്‍ ഒരു നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
വിന്‍ഫാസ്റ്റിന്റെ പോര്‍ട്ഫോളിയോയെ കുറിച്ച് പറയുമ്പോള്‍ അവര്‍ ചെറു ഇവികള്‍ക്കൊപ്പം വലിയ ഇലക്ട്രിക് എസ്‌യുവികളും ഓഫര്‍ ചെയ്യുന്നുണ്ട്. VF3, VF4 എന്നിവയാണ് വിന്‍ഫാസ്റ്റിന്റെ ചെറിയ ഇലക്ട്രിക് കാറുകള്‍. അതേസമയം VF7, VF9 എന്നീ വലിയ ഇലക്ട്രിക് എസ്‌യുവികളും കമ്പനി വില്‍പ്പനക്ക് വെക്കുന്നു. വിന്‍ഫാസ്റ്റ് അടക്കമുള്ള കമ്പനികള്‍ വരുന്നത് ഇന്ത്യയില്‍ വന്‍ അങ്കത്തിന് തിരികൊളുത്തും. മത്സരം മുറുകുന്നത് 'പ്രൈസ് വാറില്‍' കലാശിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് പെട്രോള്‍ കാറുകളുടെ വിലയില്‍ ഇവികള്‍ വാങ്ങാന്‍ സാധിച്ചേക്കും.


Click it and Unblock the Notifications








