ഇന്ത്യയില്‍ ഇനി ഇവികള്‍ സുലഭമാകും! സൈലന്റായി 'പണി' തുടങ്ങി ഈ ഫോറിന്‍ കമ്പനി
വിയറ്റ്‌നാമില്‍ നിന്നുള്ള പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് വിന്‍ഫാസ്റ്റ്. ചൈനീസ് കമ്പനിയായ ബില്‍ഡ് യുവര്‍ ഡ്രീംസിന് (BYD) ശേഷം ഇന്ത്യയില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ പ്രധാന ഏഷ്യന്‍ ഇവി ബ്രാന്‍ഡാണ് വിന്‍ഫാസ്റ്റ്. സംയോജിത ഇവി പ്ലാന്റ് സ്ഥാപിക്കുന്നതിനായി 2024 ജനുവരി ആറിന് വിന്‍ഫാസ്റ്റും തമിഴ്‌നാട് സര്‍ക്കാറും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടിരുന്നു.
ഇവി നിര്‍മാണ സൗകര്യം സ്ഥാപിക്കുന്നത് വഴി തമിഴ്‌നാട്ടില്‍ 4000 കോടി രൂപയാണ് വിയറ്റ്‌നാമീസ് കമ്പനി നിക്ഷേപിക്കുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ സ്ഥാപിക്കാന്‍ പോകുന്ന വിന്‍ഫാസ്റ്റിന്റെ ഇന്റഗ്രേറ്റഡ് ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഞായറാഴ്ച നടക്കുമെന്ന് കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഇവി വിപണിയിലേക്ക് കടക്കാനുള്ള വിന്‍ഫാസ്റ്റിന്റെ ആഗോള വിപുലീകരണ തന്ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് ഈ നീക്കം.

തമിഴ്നാട്ടിലെ വിന്‍ഫാസ്റ്റ് ഇവി നിര്‍മ്മാണ കേന്ദ്രം ഏകദേശം 3,500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പറയപ്പെടുന്നത്. ഫാക്ടറിക്ക് തുടക്കത്തില്‍ പ്രതിവര്‍ഷം ഏകദേശം 1,50,000 ഇലക്ട്രിക് വാഹനങ്ങളുടെ വാര്‍ഷിക നിര്‍മാണ ശേഷി ഉണ്ടായിരിക്കും. പ്രാദേശികമായി ഇവികള്‍ നിര്‍മ്മിക്കുന്നതിലും ഇവി ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിലുമായിരിക്കും ആദ്യത്തെ അഞ്ച് വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുക.
തമിഴ്‌നാട്ടില്‍ ഒരുങ്ങുന്ന പുത്തന്‍ പ്ലാന്റ് ബ്രാന്‍ഡിന്റെ ഇന്ത്യന്‍ വിപണിയിലെ വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുക മാത്രമല്ല ദക്ഷിണേഷ്യന്‍, പശ്ചിമേഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള കയറ്റുമതിക്കും ഉപകരിക്കും. രാജ്യത്തെ ഹരിത ഗതാഗത വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഗതാഗത മേഖലയിലെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പ്രധാന അജണ്ടയാണ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ കാറുകളില്‍ 30 ശതമാനവും ഇലക്ട്രിക് ആക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

വിന്‍ഫാസ്റ്റിന്റെ പോര്‍ട്‌ഫോളിയോയെ കുറിച്ച് പറയുമ്പോള്‍ അവര്‍ ചെറു ഇവികള്‍ക്കൊപ്പം വലിയ ഇലക്ട്രിക് എസ്‌യുവികളും ഓഫര്‍ ചെയ്യുന്നുണ്ട്. VF3, VF4 എന്നിവയാണ് വിന്‍ഫാസ്റ്റിന്റെ ചെറിയ ഇലക്ട്രിക് കാറുകള്‍. അതേസമയം VF7, VF9 എന്നീ വലിയ ഇലക്ട്രിക് എസ്‌യുവികളും കമ്പനി വില്‍പ്പനക്ക് വെക്കുന്നു. ആഗോള വിപണിയില്‍ ടെസ്ലയടക്കമുള്ള വമ്പന്‍മാരോടാണ് വിന്‍ഫാസ്റ്റ് ഏറ്റുമുട്ടുന്നത്.
BYD-ക്ക് മുന്നില്‍ ലോകത്തിലെ ഏറ്റവും വലിയ ഇവി നിര്‍മ്മാതാവെന്ന പട്ടം നഷ്ടമായ ടെസ്‌ലയും ഇന്ത്യയിലേക്ക് വരാന്‍ പോകുകയാണ്. ടെസ്‌ലയുടെ വരവിന് മുമ്പേ കളംനിറയുന്നത് വിന്‍ഫാസ്റ്റിനും ഗുണകരമാകും. ഓട്ടോമൊബൈല്‍ രംഗത്ത് വലിയ പാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു രാജ്യത്ത് നിന്നാണ് വരുന്നതെങ്കിലും ഇലക്ട്രിക് വാഹന വിപണിയിലെ പ്രമുഖരായി മാറാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇവികളുടെ കാര്യത്തില്‍ പരമ്പരാഗത നിര്‍മാതാക്കള്‍ക്കും പുതിയ കമ്പനികള്‍ക്കും ഒരേ സാധ്യതയാണെന്നത് വിന്‍ഫാസ്റ്റ് തെളിയിച്ച് കാണിക്കുകയാണ്.

വിയറ്റ്നാമിലെ ആദ്യത്തെ ശതകോടീശ്വരനും പ്രോപ്പര്‍ട്ടി ഡെവലപ്പറുമായ ഫാം നാറ്റ് വൂങ് 2017-ലാണ് വിന്‍ഫാസ്റ്റ് സ്ഥാപിച്ചത്. കമ്പനി 2021 മുതല്‍ ഇവികള്‍ നിര്‍മ്മിച്ച് വരുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവി പ്ലാന്റുകള്‍ സ്ഥാപിച്ച് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുന്ന തിരക്കിലാണ് വിന്‍ഫാസ്റ്റ് ഇപ്പോള്‍. ഓസ്‌ട്രേലിയയില്‍ ജനറല്‍ മോട്ടോര്‍സില്‍ നിന്നുള്ള പ്ലാന്റ് സ്വന്തമാക്കിയ കമ്പനി 2026-ഓടെ ഇന്തോനേഷ്യന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ്.
ടെസ്ലയടക്കമുള്ള ലോകോത്തര ബ്രാന്‍ഡുകളുമായി വിന്‍ഫാസ്റ്റിനെ ഇപ്പോള്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ലെങ്കിലും റോക്കറ്റ് വേഗത്തിലാണ് വിയറ്റ്‌നാമീസുകാരുടെ വളര്‍ച്ച. ലോകത്തിലെ ഒട്ടുമിക്ക വിപണികളിലും മാത്രമല്ല അമേരിക്കന്‍ വിപണിയിലേക്ക് കടന്ന് ചെന്നും ടെസ്ലയെ നേരിടാനാണ് വിന്‍ഫാസ്റ്റിന്റെ ശ്രമം. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നോര്‍ത്ത് കരോലിനയില്‍ വിന്‍ഫാസ്റ്റ് യുഎസിലെ തങ്ങളുടെ ആദ്യത്തെ ഫാക്ടറി ആരംഭിച്ചിരുന്നു. 1,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് പുത്തന്‍ ഫാക്ടറി.

ഏതായാലും ഇന്ത്യയിലെ പരിപാടികള്‍ ദ്രുതഗതിയില്‍ മുന്നേട്ട് നയിക്കാന്‍ തന്നെയാണ് വിന്‍ഫാസ്റ്റിന്റെ പരിലപാടി. ധാരണാപത്രം ഒപ്പിട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ അവര്‍ പ്ലാന്റിന്റെ നിര്‍മാണം ആരംഭിക്കുകയാണ്. വിന്‍ഫാസ്റ്റും ടെസ്‌ലയുമടക്കമുള്ള ആഗോള ബ്രാന്‍ഡുകള്‍ വരുന്നത് ഇവികള്‍ ഇന്ത്യയില്‍ കുറഞ്ഞ വിലയല്‍ ലഭ്യമാക്കാന്‍ കാരണമാകുമെന്ന് നമുക്ക് പ്രത്യാശിക്കാം. ആഭ്യന്തര ഭീമന്‍മാരായ ടാറ്റയടക്കം ഫോറിന്‍ ഭീമന്‍മാരുടെ വെല്ലുവിളി എങ്ങനെ മറികടക്കുമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications








