ഇത്രയും കുറഞ്ഞ വിലയില്‍ ഇവിയോ! ഇന്ത്യയിലെ 'ചീപ്പസ്റ്റ്' ഇലക്ട്രിക് എസ്‌യുവി ഇറക്കാന്‍ വിന്‍ഫാസ്റ്റ്?
പെട്രോള്‍, ഡീസല്‍ കാറുകള്‍ വിട്ട് വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറാന്‍ പലര്‍ക്കും ആഗ്രഹമുണ്ട്. എടുക്കുമ്പോള്‍ ഏറ്റവും ട്രെന്‍ഡിംഗായ ഇലക്ട്രിക് എസ്‌യുവി തന്നെ വാങ്ങണമെന്നാണ് ചിലരുടെ പക്ഷം. എന്നാല്‍ വിലയാണ് പലരുടെയും വഴിമുടക്കിയായി നില്‍ക്കുന്നത്. എന്നാല്‍ അടുത്തിടെ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശനം വിളംബരം ചെയ്ത വിന്‍ഫാസ്റ്റ് (Vinfast) എന്ന വിയറ്റ്‌നാമീസ് കമ്പനി ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുമെന്നാണ് വിവരം. അതെങ്ങനെയെന്ന് പറഞ്ഞു തരാം.
ആഗോള വിപണിയില്‍ ടെസ്‌ലയുമായി മത്സരിക്കുന്ന വിയറ്റ്‌നാമീസ് കമ്പനിയായ വിന്‍ഫാസ്റ്റ് ഈ വര്‍ഷം ജനുവരിയിലാണ് തങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കാലെടുത്ത് വെക്കുന്നതായി പ്രഖ്യാപിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണത്തിനായി നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പുത്തന്‍ ഫാക്ടറിക്ക് അവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തറക്കല്ലിടുകയും ചെയ്തു. നിലവില്‍ വിന്‍ഫാസ്റ്റിന്റെ ഇവി പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ദ്രുതഗതിയില്‍ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കമ്പനിയുടെ പ്ലാന്‍.

കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്നതിന് മുമ്പേ ഇലക്ട്രിക് ടൂവീലറുകള്‍ അവതരിപ്പിക്കാനാണ് ബ്രാന്‍ഡിന്റെ പദ്ധതിയെന്നാണ് തോന്നുന്നത്. ഇതിന് ബലമേകി ഒരുപിടി ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലുകളുടെ പേരുകള്‍ വിന്‍ഫാസ്റ്റ് ട്രേഡ്മാര്‍ക്ക് ചെയ്തിട്ടുണ്ട്. മറ്റ് കമ്പനികളെ പോലെ തന്നെ ആദ്യം പ്രീമിയം ഉല്‍പ്പന്നങ്ങള്‍ മാത്രം പുറത്തിറക്കി പിന്നീട് ക്രമേണ കുറഞ്ഞ വിലയിലുള്ള വാഹനങ്ങള്‍ അവതരിപ്പിച്ച് വിപണി പിടിക്കാനാണ് വിന്‍ഫാസ്റ്റിന്റെ നീക്കം.
അന്താരാഷ്ട്ര വലിപണിയില്‍ വിന്‍ഫാസ്റ്റ് പുറത്തിറക്കുന്ന ഒരു കാര്‍ മോഡലാണ് VF3. വൈകാതെ ഈ ഇലക്ട്രിക് കാറും ഇന്ത്യയിലെത്തും. കോംപാക്ട് ഇലക്ട്രിക് എസ്‌യുവിയുടെ പേര് വിന്‍ഫാസ്റ്റ് വ്യാപാരമുദ്ര ചാര്‍ത്തിയതിനാല്‍ വരവ് നമുക്ക് ഉറപ്പിക്കാം. കുഞ്ഞന്‍ എസ്‌യുവിയാണെങ്കിലും നിലവില്‍ ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറായ എംജി കോമറ്റ് ഇവിയേക്കാള്‍ അല്‍പ്പം വലുതാണ് വിന്‍ഫാസ്റ്റ് VF3.

3114 mm നീളമുള്ള ഈ കാര്‍ 16 ഇഞ്ച് വീലിലാണ് ഓടുന്നത്. എന്നാല്‍ മറ്റ് കാറുകളെ അപേക്ഷിച്ച് ഗ്രൗണ്ട് ക്ലിയറന്‍സ് കൂടുതലായിരിക്കും ഇതിന്. കോംപാക്ട് സ്‌റ്റൈലിംഗിലാണ് വിന്‍ഫാസ്റ്റ് VF3 വരുന്നത്. മറ്റ് വിന്‍ഫാസ്റ്റ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി ബ്ലാക്ക് ലേഔട്ടിലാണ് കാറിന്റെ ഫ്രണ്ട് ഗ്രില്‍ വരുന്നത്. ലളിതമായ ക്യാബിന്‍ ആയിരിക്കും ഇവിക്ക് ലഭിക്കുക. എങ്കിലും ഇന്റീരിയറില്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീനും ക്ലൈമറ്റ് കണ്‍ട്രോളുമടക്കമുള്ള ഒരുപിടി നൂതന സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.
കോംപാക്ട് ബോഡി സൈസുമായി വരുന്നുവെങ്കിലും ഇവിക്ക് 550 ലിറ്റര്‍ ബൂട്ട് ശേഷി ഉണ്ടായിരിക്കും. വിദേശത്ത് വില്‍ക്കുന്ന ഈ കാര്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ ഇന്ത്യ സ്‌പെക്ക് മോഡലില്‍ വല്ല മാറ്റവും വരുത്തുമോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. ഈ കാര്‍ ഇന്ത്യയിലെത്തുമ്പോള്‍ പൂര്‍ണമായും പ്രാദേശികവല്‍ക്കരിക്കും.

അക്രമണാത്മകമായ വില നല്‍കാനായാണ് ഇലക്ട്രിക് എസ്‌യുവി പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമ്പോള്‍ കുറഞ്ഞ വിലയില്‍ കാര്‍ വില്‍ക്കാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായി വിന്‍ഫാസ്റ്റ് VF3 മാറാന്‍ സാധ്യത കാണുന്നു. നമ്മുടെ രാജ്യത്ത് ടാറ്റ മോട്ടോര്‍സും എംജിയുമാണ് ഇപ്പോള്‍ ചെറു പാസഞ്ചര്‍ ഇവി വിഭാഗം ഭരിക്കുന്നത്.
ഇതില്‍ തന്നെ മൃഗീയ ഭൂരിപക്ഷത്തില്‍ ടാറ്റയാണ് ഒന്നാമത്. ഈ ഇടത്തിലേക്ക് ഇടിച്ചുകയറി വിപണി വിഹിതം സ്വന്തമാക്കാന്‍ ഈ ചെറുകാര്‍ 10 ലക്ഷം രൂപ റേഞ്ചില്‍ വിന്‍ഫാസ്റ്റ അവതരിപ്പിക്കേണ്ടതായി വരും. റിപ്പോര്‍ട്ടുകള്‍ പോലെ വിന്‍ഫാസ്റ്റ് മോഹിപ്പിക്കുന്ന വിലയില്‍ ഈ ചെറുകാര്‍ കൊണ്ടുവന്നാല്‍ ഇവി വില്‍പ്പന കുത്തനെ ഉയരുമെന്ന് ഉറപ്പിക്കാം. എന്നാല്‍ വിയറ്റ്‌നാമീസ് കമ്പനി ആദ്യം പ്രീമിയം മോഡലുകളായിരിക്കും ലോഞ്ച് ചെയ്യുക.

അതുകൊണ്ട് തന്നെ കുറഞ്ഞ ചെലവില്‍ ഇവി വാങ്ങാന്‍ അല്‍പ്പം കൂടി കാത്തിരിക്കേണ്ടി വരും. പെട്രോള്‍, ഡീസല്‍ കാറുകളും ഇവികളും തമ്മിലുള്ള വിലയിലെ അന്തരം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബാറ്ററി വില കുറഞ്ഞപ്പോള്‍ ടാറ്റയും എംജിയും തങ്ങളുടെ ഇലക്ട്രിക് കാര്‍ മോഡലുകളുടെ വില കുറച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ വിന്‍ഫാസ്റ്റിനെ പോലുള്ള പുത്തന്‍ മത്സരാര്‍ത്ഥികള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് പ്രവേശക്കുന്നത് മത്സരം കൂടുതല്‍ മുറുക്കും.


Click it and Unblock the Notifications








