അലക്സയും സിരിയും ഇനി ഔട്ട്, കാർ ലോകവും കൈയ്യേറാൻ ഇനി ചാറ്റ് GPT; പുത്തൻ പദ്ധതിയുമായി ഫോക്സ്‌വാഗൺ
ആരൊക്കെ സമ്മതിച്ചാലും ഇല്ലെങ്കിലും AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്നത് ഈ കാലയളവിൽ സർവ്വവ്യാപിയാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്മാർട്ട് ഫോണുകൾ മുതൽ നമ്മുടെ വീട്ടിൽ ഉപയോഗിക്കുന്ന ഒരു കുഞ്ഞൻ ബ്ലൂടൂത്ത് സ്പീക്കറും സ്മാർട്ട് വാച്ചും പോലെ എല്ലാത്തിലും ഇന്ന് ഒരു AI ഘടകമുണ്ട്. ഇപ്പോൾ വാഹന ലോകത്തേക്കും ഈ AI ടെക് കൂടുതൽ ഉപയോഗപ്പെടുന്നാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. തൽഫലമായി ആഗോള വിപണികളിൽ, ഫോക്‌സ്‌വാഗൺ തങ്ങളുടെ ഓൺലൈൻ വോയ്‌സ് അസിസ്റ്റൻ്റ് IDA എന്ന സിസ്റ്റം പൂർത്തീകരിക്കുന്നതിനായി നമുക്ക് ഏവർക്കും അറിയാവുന്ന AI ടൂളായ ചാറ്റ്ജിപിടിയുടെ (ChatGPT) സംയോജനം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇത് മൂലം ഉപഭോക്താക്കൾക്ക് തങ്ങളുടെ ഫോക്‌സ്‌വാഗൺ വാഹനങ്ങളുമായി സ്വാഭാവിക ഭാഷ അല്ലെങ്കിൽ ശൈലി ഉപയോഗിച്ച് സംവദിക്കാനാൻ/ ഇടപഴകാനാവും. ഫോക്‌സ്‌വാഗൺ, ടെക്നോളജി പാർട്ണർ സെറൻസ് .ഇൻകുമായി സഹകരിച്ച്, ചാറ്റ്ജിപിടി (ChatGPT) സംവിധാനം തങ്ങളുടെ വാഹനങ്ങളിൽ സമന്വയിപ്പിച്ച ആദ്യത്തെ പ്രധാന വാഹന നിർമ്മാതാക്കളിൽ ഒരാളാണ്.

ഈ ഫീച്ചർ ഓൾ ന്യൂ ID, സീരീസ് മോഡലുകളിലും പുതിയ ഗോൾഫ്, പുതിയ ടിഗുവാൻ, പുതിയ പസാറ്റ് എന്നിവയിലും ഇപ്പോൾ ലഭ്യമാണ്. ബ്രാൻഡിൻ്റെ ഏറ്റവും പുതിയ മോഡലുകളിൽ ഇതിനകം തന്നെ IDA ഓൺലൈൻ വോയ്‌സ് അസിസ്റ്റൻ്റ് ഫീച്ചർ ചെയ്തിട്ടുണ്ട്, ഇത് ഇൻഫോടെയിൻമെൻ്റ്, നാവിഗേഷൻ, ക്ലൈമറ്റ് കൺട്രോൾ സംവിധാനങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
സിസ്റ്റം വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നുണ്ട്. എന്നിരുന്നാലും, ChatGPT -യുടെ സംയോജനം ഈ കഴിവുകളെ വളരെയധികം വിശാലമാക്കും എന്നകാര്യത്തിൽ സംശയമില്ല, അതോടൊപ്പം ആശയവിനിമയത്തിനുള്ള കൂടുതൽ സാധ്യതകളും AI സിസ്റ്റം വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, AI -യ്ക്ക് ഒരു യാത്ര പോവുമ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ നൽകാൻ കഴിയും.

അതു പൊലെ തന്നെ കഴിഞ്ഞ ഫുട്ബോൾ ടൂർണമെൻ്റുകൾ വിവരിക്കുക, അല്ലെങ്കിൽ കലാ സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ ഒരു നിരൂപണം പറയുക എന്നിങ്ങനെ പല കാര്യങ്ങളിൽ സഹായിക്കാനും നമ്മെ എന്റർടെയിൻ ചെയ്ത് വെയ്ക്കാനുമാവും. ഈ സംവിധാനം അവബോധപൂർവ്വമാണ് പ്രവർത്തിക്കുന്നത്, റോഡിൽ നിന്ന് ശ്രദ്ധ ഒട്ടും തിരിക്കാതെ ഡ്രൈവർക്ക് അസിസ്റ്റൻ്റിനോട് വളരെ ക്യാഷ്വലായി സംസാരിക്കാൻ ഇത് അനുവദിക്കുന്നു.
ഫോക്‌സ്‌വാഗണിന് സാങ്കേതികവിദ്യകളെ ജനാധിപത്യവൽക്കരിക്കുന്ന ഒരു നീണ്ട പാരമ്പര്യമുണ്ട്. ഒരു കാർ നിർമ്മാതാക്കൾ എന്ന നിലയിൽ, തങ്ങൾ ഈ സാങ്കേതികവിദ്യകൾ വലിയൊരു വിഭാഗം ആളുകൾക്ക് ആക്സസ് ചെയ്യാവുന്ന ആക്കുന്നു എന്ന് ഡെവലപ്‌മെൻ്റിൻ്റെ ഉത്തരവാദിത്തമുള്ള ബ്രാൻഡ് ബോർഡ് ഓഫ് മാനേജ്‌മെൻ്റ് അംഗം കെയ് ഗ്രുനിറ്റ്സ് പറഞ്ഞു.
തങ്ങളുടെ വോയ്‌സ് അസിസ്റ്റൻ്റിൻ്റെ ബാക്കെൻഡിലേക്ക് ChatGPT അനായാസമായി സംയോജിപ്പിക്കുന്നതിലൂടെ, ഡ്രൈവർമാർക്ക് ഈ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ദിനംപ്രതി ഉപയോഗിക്കാനുള്ള ഒരു അവസരം കമ്പനി വാഗ്ദാനം ചെയ്യുന്നു, അങ്ങനെ തങ്ങളുടെ മോഡലുകളുടെ നൂതനഭാവം അല്ലെങ്കിൽ ടെക്നിക്കൽ മികവ് അടിവരയിടുന്നു. ഈ വർഷമാദ്യം, IDA വോയ്‌സ് അസിസ്റ്റൻ്റുമായി സംയോജിപ്പിച്ച ChatGPT സംവിധാനങ്ങളുള്ള ആദ്യത്തെ വാഹനങ്ങൾ ഫോക്‌സ്‌വാഗൺ ഒരു പ്രീമിയർ ഇലക്ട്രോണിക്‌സ് ട്രേഡ് ഷോയായ CES 2024 -ൽ അവതരിപ്പിച്ചിരുന്നു.
ഇംഗ്ലീഷ് (യുഎസ്), ഇംഗ്ലീഷ് (യുകെ), സ്പാനിഷ്, ചെക്ക്, ജർമ്മൻ എന്നീ ഭാഷകളിൽ ഈ സാങ്കേതികവിദ്യ നിലവിൽ ലഭ്യമാണ്. ഓട്ടോമോട്ടീവ് AI സൊല്യൂഷനുകളിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള സെറൻസ് ഇൻക്.യുമായി ചേർന്നാണ് ഫോക്‌സ്‌വാഗൺ തങ്ങളുടെ വാഹനങ്ങളിൽ ChatGPT -യുടെ സംയോജനം നേടിയെടുത്തത്. ഭാവിയിൽ ADAS സിസ്റ്റങ്ങളുടെ അടുത്ത ലെവൽ അപ്പ്ഗ്രേഡിനും മറ്റു വികസനങ്ങൾക്കും ഈ AI സാങ്കേതികവിദ്യകൾ ഒരു മുതൽകൂട്ടാവും എന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








