ഫോക്‌സ്‌വാഗണിനിപ്പോള്‍ ഇന്ത്യ മതി! പിന്നിട്ടത് വമ്പന്‍ നാഴികക്കല്ല്, കരുത്തായത് 'ദേസി' കാറുകള്‍
നിരവധി ലോകോത്തര ബ്രാന്‍ഡുകളാണ് ഫോക്‌സ്‌വാഗണ്‍ എന്ന ഒറ്റ കമ്പനിയുടെ കുടക്കീഴില്‍ വരുന്നത്. സ്‌കോഡ ഓട്ടോ, ഫോക്‌സ്‌വാഗണും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയില്‍ പ്രവര്‍ത്തിച്ച് വരുന്നത്. ഗ്രൂപ്പിന്റെ കാറുകള്‍ക്ക് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പിന്റെ വാഹന നിര്‍മാണ പ്ലാന്റ് 2009 മുതല്‍ മഹാരാഷ്ട്രയിലെ പൂനെയ്ക്ക് സമീപമുള്ള ചകനില്‍ പ്രവര്‍ത്തിച്ച് വരുന്നു. ഇപ്പോള്‍ കമ്പനി ഇന്ത്യയില്‍ സുപ്രധാന ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതിനെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.
സ്‌കോഡ സ്ലാവിയ, കുഷാഖ്, കൊഡിയാക്, സൂപ്പര്‍ബ് എന്നീ മോഡലുകളും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, ടൈഗൂണ്‍, ടിഗുവാന്‍ എന്നീ മോഡലുകളാണ് ഗ്രൂപ്പ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ഇപ്പോള്‍ ഇരു ബ്രാന്‍ഡുകളും ചേര്‍ന്ന് ഇന്ത്യയില്‍ 1.5 ദശലക്ഷം കാറുകള്‍ നിര്‍മിച്ച് പുത്തന്‍ ഉല്‍പ്പാദന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. 2009-ല്‍ സ്‌കോഡ ഫാബിയ ഹാച്ച്ബാക്കില്‍ നിന്നായിരുന്നു ഈ പ്ലാന്റില്‍ നിര്‍മാണത്തിന്റെ തുടക്കം.

സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഫോക്‌സ്‌വാഗണ്‍ വെന്റോ, ഫോക്‌സ്‌വാഗണ്‍ അമിയോ തുടങ്ങി നിരവധി കാറുകള്‍ ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യയില്‍ ബ്രാന്‍ഡിന്റെ തലവര മാറ്റിയ പുതിയ MQB-A0-IN പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച് കാറുകളും ഇവിടെ നിര്‍മ്മിക്കുന്നു. സ്‌കോഡ കുഷാഖ്, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ തുടങ്ങിയ കാറുകള്‍ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രാദേശിക മാര്‍ക്കറ്റിനും വിദേശ വിപണികളിലേക്ക് കയറ്റി അയക്കുന്നതിനുമായിലക്ഷ്യമിട്ട് നടപ്പാക്കിയ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ പിറവി കൊണ്ട മോഡലുകള്‍ ആണിവ. 2019-ലാണ് പ്രാദേശികവല്‍ക്കരിച്ച MQB-AO-IN സബ്‌കോംപാക്ട് പ്ലാറ്റ്‌ഫോമിന് കീഴില്‍ കാറുകള്‍ വികസിപ്പിക്കുന്നതിനായി പൂനെയില്‍ കമ്പനി ടെക്‌നോളജി സെന്റര്‍ സ്ഥാപിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പ് മൊത്തത്തില്‍ നിര്‍മ്മിക്കുന്ന 15 ലക്ഷം കാറുകളില്‍ ഈ MQB-A0-IN പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച കാറുകളുടെ എണ്ണം മാത്രം മൂന്ന് ലക്ഷത്തിലധികം വരും.

540 ഏക്കറിലായി പരന്ന് കിടക്കുന്ന ഈ പ്ലാന്റില്‍ നിര്‍മിച്ച 15 ലക്ഷം കാറുകളില്‍ 30 ശതമാനം കാറുകളും വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു.സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഏകദേശം 40 രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ്, റൈറ്റ് ഹാന്‍ഡ് ഡ്രൈവ് കാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആഗോളതലത്തില്‍ ഈ ഗ്രൂപ്പിന്റെ നാലാമത്തെ വലിയ എക്‌സ്‌പോര്‍ട്ട് ഹബായി ഇന്ത്യ മാറിയിരിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.
സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പ് ഇപ്പോള്‍ വിപണിയില്‍ വര്‍ധിത വീര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രൂപ്പിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കാറുകള്‍ക്ക് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അവയില്‍ സ്‌കോഡ കുഷാഖും ഫോക്‌സ്‌വാഗണ്‍ ടൈഗൂണും ഇന്ത്യന്‍ വിപണിയിലെ കിടമത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ പെടുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ് തുടങ്ങിയ കാറുകളാണ് ഈ സെഗ്‌മെന്റില്‍ മാറ്റുരക്കുന്നത്.

മറുവശത്ത് സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസും സെഡാന്‍ വിഭാഗത്തില്‍ പെടുന്നു. ഹ്യുണ്ടായി വെര്‍ണ, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി സെഡാന്‍ എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ഈ കാറുകളുടെ പ്രധാന എതിരാളികള്‍.MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള കാറുകള്‍ സ്‌കോഡ ഓട്ടോ-ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പിന്റെ 15 ലക്ഷം കാര്‍ ഉല്‍പ്പാദന നാഴികക്കല്ല് പിന്നിടുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്. ഫോക്‌സ്‌വാഗണ്‍ നിലവില്‍ മഹാരാഷ്ട്രയിലെ പൂനെ, ഔറംഗാബാദ് എന്നിവിടങ്ങളിലുള്ള പ്ലാന്റുകളില്‍ നിന്നാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്.
രണ്ട് ലക്ഷത്തില്‍ കൂടുതലാണ് രണ്ട് പ്ലാന്റുകളുടെയും വാര്‍ഷിക ഉല്‍പ്പാദന ശേഷി. ഗ്രൂപ്പിന്റെ ചകന്‍ പ്ലാന്റിലെ എഞ്ചിന്‍ ഷോപ്പ് 10 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ നിന്ന് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പിനായി 300,000-ലധികം ലോകോത്തര എഞ്ചിനുകള്‍ നിര്‍മ്മിച്ചതായി കമ്പനി അറിയിച്ചു. വെര്‍ട്ടിസ്, ടൈഗൂണ്‍, സ്ലാവിയ, കുഷാഖ് എന്നിവയില്‍ ഉപയോഗിക്കുന്ന വിശ്വസനീയമായ 1.0-ലിറ്റര്‍ TSI എഞ്ചിനാണ് ഇവിടെ നിന്ന് കൂടുതലായി ഉല്‍പാദിപ്പിക്കപ്പെട്ടിട്ടുള്ളത്.


Click it and Unblock the Notifications








