ഇന്ത്യയില്‍ കാര്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ വോള്‍വോക്ക് ശുക്രന്‍! ഇതുവരെ പുറത്തിറങ്ങിയ കാറുകളുടെ എണ്ണമറിയണോ?
സേഫ്റ്റിയെന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന കാര്‍ ബ്രാന്‍ഡിന്റെ പേര് ടാറ്റ മോട്ടോര്‍സ് എന്നായിരിക്കും. എന്നാല്‍ ഒരു വണ്ടിപ്രാന്തനോട് ചോദിച്ചാല്‍ അവര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ 'വോള്‍വോ' എന്ന് ഉത്തരം നല്‍കും. ഇന്നത്തെ കാലത്ത് കാറുകളില്‍ സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്ന ചില സേഫ്റ്റി ഫീച്ചറുകള്‍ വോള്‍വോയുടെ സംഭാവനയാണെന്നതില്‍ നിന്ന് തന്നെ വോള്‍വോയുടെ റേഞ്ച് മനസ്സിലാകും.
വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്ന വോള്‍വോ ഇപ്പോള്‍ ഒരു ഉല്‍പ്പാദന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വോള്‍വോ കാര്‍ ഇന്ത്യ ബെംഗളൂരുവിലെ തങ്ങളുടെ വാഹന നിര്‍മാണശാലയില്‍ നിന്ന് തങ്ങളുടെ 10,000-ാമത്തെ കാര്‍ പണിതിറക്കിയാണ് പുത്തന്‍ നാഴികക്കല്ല് താണ്ടയത്. വോള്‍വോ XC40 റീചാര്‍ജ് ഇവി പുറത്തിറക്കിയായിരുന്നു റെക്കോഡ് നേട്ടം. പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയുടെ അടയാളമായി ഇത് നമുക്ക് കണക്കാക്കാം.

'കോവിഡ് മഹാമാരിക്കിടയിലും ഏകദേശം മൂന്ന് വര്‍ഷമെന്ന കുറഞ്ഞ കാലയളവിലുള്ളില്‍ ഈ നാഴികക്കല്ലില്‍ എത്തിച്ചേരാനായത് കമ്പനിക്ക് അഭിമാനകരമാണ്. ബാംഗ്ലൂരിലെ നിര്‍മാണ ശേഷിയുടെ ക്രമാനുഗതമായ വര്‍ധനവ് ഇന്ത്യയുടെ ലക്ഷ്വറി മൊബിലിറ്റി വിഭാഗത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു. ഇവിടെ നിര്‍മിക്കുന്ന 10000-ാമത്തെ കാര്‍ എന്ന ബഹുമതി ഞങ്ങളുടെ ആദ്യത്തെ പ്യുവര്‍ ഇലക്ട്രിക് കാറായ XC40 റീചാര്‍ജിനാണ്' വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.
സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളുടെ നിര്‍മ്മാണ കേന്ദ്രം ബെംഗളൂരുവിനടുത്തുള്ള ഹോസ്‌കോട്ടിലാണ് സ്ഥിതി ചെയ്യുന്നത്. കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 2017-ലാണ് ആരംഭിച്ചത്. XC90, XC60, S90 എന്നിവ അവിടെ വെച്ചാണ് അസംബിള്‍ ചെയ്യുന്നത്. C40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയാണ് ബ്രാന്‍ഡിന്റെ പോര്‍ട്ഫോളിയോയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കല്‍. XC40, XC60 റീചാര്‍ജ് മോഡലുകളും വോള്‍വോയുടെ ഹോസ്‌കോട്ടെ പ്ലാന്റില്‍ വെച്ച് തന്നെയാണ് അസംബിള്‍ ചെയ്യുന്നത്.

ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്ത ആദ്യത്തെ വോള്‍വോ കാര്‍ XC90 എസ്‌യുവിയാണ്. എങ്കിലും ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വോള്‍വോ മോഡല്‍ പക്ഷേ വോള്‍വോ XC60 ആണെന്ന് വേണം പറയാന്‍. ഇതുവരെ വോള്‍വോ XC60 കാറിന്റെ 4,000-ത്തിലധികം യൂണിറ്റുകളാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തിരിക്കുന്നത്. വോള്‍വോയുടെ ബെംഗളൂരു പ്ലാന്റില്‍ നിന്ന് നിര്‍മിച്ച മൊത്തം കാറുകളില്‍ 40 ശതമാനവും XC60 ആണെന്ന് സാരം.
2007-ല്‍ രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ച വോള്‍വോക്ക് അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊച്ചി, കോഴിക്കോട്, കൊല്‍ക്കത്ത, ലഖ്‌നൗ, ലുധിയാന, മുംബൈ, പൂനെ, റായ്പൂര്‍, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ തുടങ്ങിയ പ്രധാന നഗരങ്ങളിലായി 25 ഡീലര്‍ഷിപ്പുകളുണ്ട്.

ആഗോളതലത്തില്‍ വൈദ്യുതീകരണ പാതയിലുള്ള വോള്‍വോ ആഭ്യന്തര വിപണിയിലെ തങ്ങളുടെ മോഡല്‍ നിരയില്‍ കൂടുതല്‍ ഇവികള്‍ ഉള്‍ക്കൊള്ളിക്കുന്ന തിരക്കിലാണ്. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ഐസി എഞ്ചിന്‍ കാറുകളുടെ നിര്‍മാണം പൂര്‍ണമായി അവസാനിപ്പിച്ച് പൂര്‍ണമായി ഇവികളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് വോള്‍വോയുടെ പദ്ധതി. ഇലക്ട്രിക് മോഡല്‍ മികച്ച വില്‍പ്പന നേടുന്ന സാഹചര്യത്തില്‍ വോള്‍വോ XC40 മൈല്‍ഡ് ഹൈബ്രിഡ് കഴിഞ്ഞ വര്‍ഷം നവംബറില്‍ നിര്‍ത്തലാക്കിയിരുന്നു.
46.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സിംഗിള്‍ ഫുള്ളി ലോഡഡ് വേരിയന്റിലായിരുന്നു XC40 വിപണിയില്‍ എത്തിയിരുന്നത്. ഇതോടെ വോള്‍വോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറായി XC40 റീചാര്‍ജ് മാറി. EX90 ഉള്‍പ്പെടെയുള്ള കൂടുതല്‍ ഫുള്‍ ഇലക്ട്രിക് മോഡലുകള്‍ സ്വീഡിഷ് കാര്‍ നിര്‍മാതാവ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

2023 കലണ്ടര്‍ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വോള്‍വോ കാര്‍ ഇന്ത്യ വമ്പന്‍ വളര്‍ച്ചയാണ് സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ 2,400 യൂണിറ്റിലധികം കാറുകള്‍ വിറ്റഴിച്ചതായി കമ്പനി വ്യക്തമാക്കി. 2022 കലണ്ടര്‍ വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വോള്‍വോ മോഡല്‍ XC60 എസ്‌യുവിയാണ്. കഴിഞ്ഞ വര്‍ഷം വോള്‍വോ XC60 എസ്‌യുവിയുടെ 921 യൂണിറ്റുകളാണ് ബ്രാന്‍ഡ് ഡെലിവറി ചെയ്തത്. ഇലക്ട്രിക് മോഡലായ XC40 റീചാര്‍ജും മാന്യമായ വില്‍പ്പന നേടുന്നുണ്ട്. ഏറ്റവും അവസാനം പുറത്തിറങ്ങിയ C40 റീചാര്‍ജിന്റെ 180 യൂണിറ്റുകളും പോയ വര്‍ഷം വിറ്റുപോയി. വോള്‍വോ എസ്‌യുവികളുടെ പകുതിയിലധികം വില്‍പ്പനയും കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കമ്പനി വ്യക്തമാക്കി.


Click it and Unblock the Notifications








