'മുന്നില്‍ അപകടമുണ്ട്, അനിയാ നില്‍'... വാഹന ലോകത്ത് ചര്‍ച്ചയായി വോള്‍വോയുടെ പുതിയ സേഫ്റ്റി ഫീച്ചര്‍
ലോകത്ത് ഏറ്റവും സുരക്ഷിതമായ കാറുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് വോള്‍വോ. ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിക്ക് മുതല്‍ക്കൂട്ടായി മാറിയ സേഫ്റ്റി ഫീച്ചറുകള്‍ കണ്ടുപിടിക്കുന്ന കാര്യത്തില്‍ അഗ്രഗണ്യന്‍മാരാണ് ഈ സ്വീഡിഷ് ബ്രാന്‍ഡ്. സുരക്ഷിതമായ ഡ്രൈവിംഗ് എക്സ്പീരിയന്‍സിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പായിക്കൊണ്ട് വോള്‍വോ കാര്‍സ് തങ്ങളുടെ ഏറ്റവും പുതിയ കണക്റ്റഡ് കാര്‍ ഫീച്ചറായ ആക്സിഡന്റ് അഹെഡ് അലര്‍ട്ട് അവതരിപ്പിച്ചു.
ഈ സിസ്റ്റം, ഗൂഗിള്‍ മാപ്‌സിന്റെ പ്രവര്‍ത്തനത്തിന് സമാനമാണെങ്കിലും കാറിനുള്ളില്‍ നേരിട്ട് സംയോജിപ്പിച്ച് കൂടുതല്‍ തടസമില്ലാത്ത അനുഭവം പ്രദാനം ചെയ്യുന്നു. ഒരു ട്രാഫിക് മാനേജ്‌മെന്റ് സെന്ററില്‍ നിന്നുള്ള തത്സമയ ഡേറ്റ ഉപയോഗിച്ച് ആക്‌സിഡന്റ് അഹെഡ് അലര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് വരാനിരിക്കുന്ന അപകടങ്ങളെ കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്‍കുന്നു. വാഹനം നില്‍ക്കുന്ന സ്ഥലത്തിന് മീറ്ററുകളോളം മുമ്പില്‍ സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചാണ് ഈ സിസ്റ്റം ഡ്രൈവര്‍മാരെ ഉണര്‍ത്തുന്നത്.

വോള്‍വോ കാറുകളുടെ ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറിനെയാണ് ഈ സിസ്റ്റം ആശ്രയിക്കുന്നത്. റോഡിന്റെ അവസ്ഥകളെയും അപകടങ്ങളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പങ്കിടാനും വാഹനങ്ങളെ പരസ്പരം ആശയവിനിമയം നടത്താന്‍ ഇത് പ്രാപ്തമാക്കുന്നു. യൂറോപ്യന്‍ ഡാറ്റ ഫോര്‍ റോഡ് സേഫ്റ്റി ഇക്കോസിസ്റ്റത്തിലെ പങ്കാളികളില്‍ നിന്ന് കൂടുതല്‍ ട്രാഫിക് ഡാറ്റ സംയോജിപ്പിക്കുന്നതിലൂടെ യൂറോപ്പിലുടനീളം റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ വോള്‍വോ ലക്ഷ്യമിടുന്നു.
മാത്രമല്ല അപകടം നടന്ന പ്രദേശം ഒഴിവാക്കി സഞ്ചരിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും. 2016 മോഡല്‍ ഇയര്‍ മുതല്‍ നിര്‍മ്മിച്ച ഡെന്മാര്‍ക്കിലെ എല്ലാ 40, 60, 90 സീരീസ് വോള്‍വോ മോഡലുകളിലും ഈ സിസ്റ്റം തുടക്കത്തില്‍ ലഭ്യമാകും. ഇതിന് ശേഷം മറ്റ് യൂറോപ്യന്‍ വിപണികളിലുള്ള ഇതേ മോഡലുകളില്‍ ലഭിച്ച് തുടങ്ങും.

ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലെ 'കണക്റ്റഡ് സേഫ്റ്റി' ഓപ്ഷന്‍ ഉപയോഗിച്ചാണ് ആക്‌സിഡന്റ് അഹെഡ് അലര്‍ട്ട് കാറില്‍ ആക്ടിവേറ്റ് ചെയ്യേണ്ടത്. നമ്മുടെ വാഹനത്തിന് മുന്നിലായി വല്ല അപകടവും നടന്നാല്‍ ഹസാര്‍ഡ് ലൈറ്റുകള്‍ മിന്നുകയും ഡ്രൈവര്‍മാര്‍ക്ക് ഗേജ് ക്ലസ്റ്ററിലും ഹെഡ്-അപ്പ് ഡിസ്പ്ലേയിലും അലര്‍ട്ടുകള്‍ ലഭിക്കുകയും ചെയ്യും. അപകടം നടന്നതായുള്ള വിവരം മുന്‍കൂട്ടി അറിയുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നുവെന്നതാണ് ഈ ഫീച്ചറിന്റെ ഏറ്റവും നല്ല ഗുണം.
ഇതുവഴി കൂട്ടിയിടികള്‍ കുറയക്കുകയും റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഉപയോക്തൃ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഡേറ്റ കൈമാറ്റം അജ്ഞാതമാക്കിയിരിക്കുന്നു, മാത്രമല്ല അവശ്യ വിവരങ്ങള്‍ മാത്രമേ മറ്റ് വാഹനങ്ങളുമായി ആശയവിനിമയം നടത്തുകയുള്ളൂ. ആക്‌സിഡന്റ് അഹെഡ് അലര്‍ട്ട് വോള്‍വോ ഡ്രൈവര്‍മാര്‍ക്ക് മാത്രമല്ല, മൊത്തത്തിലുള്ള റോഡ് സുരക്ഷയ്ക്കും സംഭാവന നല്‍കുമെന്നാണ് കമ്പനി പറയുന്നത്.

റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള വോള്‍വോയുടെ പ്രതിബദ്ധത ഈ സംരംഭം അടയാളപ്പെടുത്തുന്നു. വോള്‍വേയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ സ്വീഡിഷ് ബ്രാന്‍ഡ് അടുത്തിടെ തങ്ങളുടെ ഇലക്ട്രിക് ഓഫറിംഗുകളായ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവയുടെ പേരുമാറ്റുകയുണ്ടായി. വോള്‍വോ XC40 റീചാര്‍ജ്, C40 റീചാര്‍ജ് എന്നിവയുടെ പേരിലാണ് ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്.
ഈ മോഡലുകള്‍ ഇപ്പോള്‍ യഥാക്രമം EX40, EC40 എന്നിങ്ങനെയാണ് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. പേരുമാറ്റം EX40, EC40 മോഡലുകളെ വോള്‍വോയുടെ EX30, EX90, EM90 എന്നീ ഫുള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിശാലമായ ശ്രേണിയുമായി കൂടുതല്‍ അടുപ്പിച്ച് നിര്‍ത്തുന്നു. 2030-ഓടെ മുഴുവനായി ഇലക്ട്രിക്ക് ആകാനുള്ള ശ്രമത്തിലാണ് വോള്‍വോ. ഫുള്‍ ഇലക്ട്രിക് കാറുകളുടെ നാമകരണം സ്റ്റാന്‍ഡേര്‍ഡ് ചെയ്യാനായിട്ടാണ് വോള്‍വോ 'റീചാര്‍ജ്' സഫിക്‌സ് പൂര്‍ണമായും ഒഴിവാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്.
രണ്ട് ഇവികളുടെയും പേരുമാറ്റലും റീബാഡ്ജിംഗും ഇന്ത്യ സ്പെക്ക് മോഡലുകളില്‍ ഉടന്‍ നടപ്പിലാക്കാന്‍ സാധ്യതയുണ്ട്. കര്‍ണാടകയിലെ ബെംഗളൂരുവിനടുത്തുള്ള സ്വന്തം പ്ലാന്റില്‍ വെച്ച് 10,000 കാറുകള്‍ നിര്‍മിച്ച് വോള്‍വോ അടുത്തിടെ പുത്തന്‍ നാഴികക്കല്ലും താണ്ടിയിരുന്നു. വോള്‍വോയുടെ ഇവികള്‍ക്ക് ഇന്ത്യയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ EX40, EC40 എന്നിവയ്ക്ക് പുറമേ മുന്‍നിര മോഡലായ EX90, EX30 ഇലക്ട്രിക് എസ്‌യുവി വോള്‍വോ ഉടന്‍ ഇന്ത്യന്‍ തീരത്തെത്തിക്കുമെന്ന് സൂചനയുണ്ട്.


Click it and Unblock the Notifications








