സേഫ്റ്റിയുടെ കാര്യത്തിൽ വോൾവോ പണ്ടേ പുലിയാണല്ലോ, വരാനിരിക്കുന്ന EX30 -യ്ക്ക് ഇടിക്കൂട്ടിൽ ഫൈവ് സ്റ്റാർ
പണ്ടൊക്കെ വാഹനം വാങ്ങാൻ പോകുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചിരുന്ന ഘടകങ്ങൾ വാഹനത്തിൻ്റെ മൈലേജും വിലയുമൊക്കെയാണ്. എന്നാൽ കാലം മാറി. ആലുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത് സേഫ്റ്റിക്കാണ്. ഏറ്റവും സേഫ്റ്റിയുള്ള വാഹനം ഏത് ബ്രാൻഡിൻ്റേതാണ് ഏത് കൊച്ചുകുട്ടികൾക്കും അറിയാവുന്നതാണ്. അതേ സേഫ്റ്റിയിൽ വോൾവോയെ വെല്ലാൻ ആരുമില്ല എന്നതാണ് സത്യം. ക്രാഷ് ടെസ്റ്റിന് വേണ്ടി മുന്നിൽ തന്നെയുണ്ട് ബ്രാൻഡ്. തിരിച്ചു പോകുന്നത് ഫൈവ് സ്റ്റാറുമായിട്ടായിരിക്കും. അടുത്ത വർഷം ഇന്ത്യയിലേക്ക് വരാനിരിക്കുന്ന മോഡലാണ് വോൾവോ EX30.
യൂറോപ്യൻ ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗിൽ ഫൈവ് സ്റ്റാർ ലഭിച്ചിരിക്കുകയാണ്. എല്ലാ വിഭാഗങ്ങളിലും വാഹനത്തിന് 79 ശതമാനത്തിലധികം സ്കോർ ചെയ്തിട്ടുണ്ട്. വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയമായിട്ടുണ്ട്. മൾട്ടി ആക്‌സിൽ ബസ് മുതൽ ആഡംബര കാറുകൾ വരെ നിർമിക്കുന്നതിൽ തങ്ങളുടെ വൈധഗ്ധ്യം തെളിയിച്ച വോൾവോ ഇന്ത്യക്കാർക്കിടയിൽ പ്രത്യേക ഇമേജുള്ള വണ്ടിക്കമ്പനിയാണ്. അതിനാൽ ഏത് മോഡൽ പുറത്തിറക്കിയാലും വാങ്ങാൻ ആളുണ്ടെന്ന് ബ്രാൻഡിനറിയാം.

തങ്ങളുടെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന തങ്ങളുടെ ഇലക്ട്രിക് മൂന്നാമനാണ് വോൾവോ EX30. 2025-ലായിരിക്കും മോഡൽ രാജ്യത്തേക്ക് എത്തുക. വില കുറവായതിനാൽ തന്നെ ആളുകൾ വാങ്ങാൻ ഇരച്ചെത്തുമെന്ന് തന്നെയാണ് കമ്പനിയുടെ അനുമാനം. ഡിസൈനിലും ഫീച്ചറുകളിലും ബ്രാൻഡിന്റെ EX90 പതിപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെക്-ഹെവി കാറായ EX30 പണിതിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്.
ഇതിൽ ബേസ് വേരിയന്റുകളിൽ 51 kWh ബാറ്ററിയാവും ലഭ്യമാവുക. സിംഗിൾ ചാർജിൽ 344 കിലോമീറ്റർ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് ലഭിക്കുകയും LFP കെമിസ്ട്രി സെല്ലുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവിയുടെ ഹൈലൈറ്റ്. അതേസമയം കൂടുതൽ റേഞ്ച് ആഗ്രഹിക്കുന്നവർക്ക് NMC സെല്ലുകളുള്ള 69 kWh പായ്ക്കും എസ്‌യുവിയിൽ സ്വന്തമാക്കാം.
ഇത് ഒന്ന് ചാർജ് ചെയ്‌താൽ 480 കിലോമീറ്റർ വരെ റേഞ്ച് കിട്ടുമെന്നാണ് വോൾവോ പറയുന്നത്. ഇനി ഡിസൈനിലേക്ക് നോക്കിയാൽ പുതിയ വോൾവോ EX30 ഇവിയിൽ സിഗ്നേച്ചർ തോർ ഹാമർ ഹെഡ്‌ലാമ്പ്, ബ്ലാങ്കഡ്-ഓഫ് ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പറുകൾ, 20 ഇഞ്ച് എയ്‌റോ ഫോക്കസ്ഡ് വീലുകൾ, ഫ്ലേർഡ് വീൽ ആർച്ചുകൾ, ലംബമായി അടുക്കിയ ടു-പീസ് എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് ഇലക്ട്രിക് എസ്‌യുവിയെ കിടിലമാക്കുന്നത്.
വില കുറവാണെങ്കിലും ഇന്റീരിയറിന്റെ കാര്യത്തിലും ഫീച്ചറുകളുടെ കാര്യത്തിലും കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്ന് വേണം പറയാൻ. വെർട്ടിക്കലായുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, നാല് ഇൻ്റീരിയർ തീം ഓപ്ഷനുകൾ, റീസൈക്കിൾ ചെയ്‌തതും പുതുക്കാവുന്നതുമായ മെറ്റീരിയലുകളിൽ നിന്ന് നിർമിച്ച അപ്‌ഹോൾസ്റ്ററി പോലുള്ള സവിശേഷതകളോടെയാണ് വോൾവോ EX30 വരുന്നത്.

ചാർജിംഗിലും ആള് കേമനാണെന്നാണ് വിവരം. 153 കിലോവാട്ട് വരെ ശേഷിയുള്ള ചാർജറുകൾ ഉപയോഗിച്ചാൽ വോൾവോ EX30 ഇവിയുടെ ബാറ്ററി പായ്ക്ക് 0-80 ശതമാനം വരെ ചാർജ് വെറും 26 മിനിറ്റിനുള്ളിൽ കൈവരിക്കാൻ സാധിക്കും. വോൾവോയുടെ ആഗോള ലൈനപ്പിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് EX30. ഇത് മാതൃ കമ്പനിയായ ഗീലിയുടെ SEA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications








