സിഎന്‍ജി കാറുകള്‍ക്ക് വില കൂടുന്നത് എന്തുകൊണ്ട്? 99% ആളുകള്‍ക്കും യഥാര്‍ത്ഥ കാരണം അറിയില്ല
സിഎന്‍ജി എന്നറിയപ്പെടുന്ന കംപ്രസ്ഡ് നാചുറല്‍ ഗ്യാസില്‍ ഓടുന്ന ഓട്ടോറിക്ഷകള്‍ എല്ലാവര്‍ക്കും സുപരിചിതമായിരിക്കും. എന്നാല്‍ അടുത്തകാലത്തായി ഇന്ത്യയില്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായി വരുന്ന കാറുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് സിഎന്‍ജി കാറുകള്‍ക്ക് വില കൂടുതലാണെന്ന് മിക്കവര്‍ക്കും അറിയാം. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ കാരണം ഭൂരിഭാഗം പേര്‍ക്കും അറിവുണ്ടാകില്ല. അതാണ് നമ്മള്‍ ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ആളുകളുടെ വിദൂര സ്വപ്‌നങ്ങളില്‍ മാത്രമുണ്ടായിരുന്ന സംഗതികളില്‍ ഒന്നായിരുന്നു പെട്രോള്‍, ഡീസല്‍ വിലകള്‍ സെഞ്ച്വറി അടിക്കുന്നത്. എന്നാല്‍ നിലവില്‍ പെട്രോള്‍ വില 100 രൂപയും കടന്ന് ഇപ്പോള്‍ 105 രൂപയില്‍ എത്തി നില്‍ക്കുകയാണ്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മാത്രമാണ് ഇതിന് കുറച്ചെങ്കിലും ആശ്വാസമുള്ളത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാമമാത്രമായ വിലക്കുറവ് വരുത്തിയെങ്കിലും സാധാരണക്കാരന്റെ ജീവിതത്തില്‍ അത് വലിയ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

ഇന്ധനവില ദൈനംദിന ജീവിതത്തെ ബാധിച്ച് തുടങ്ങിയതോടെ ആളുകള്‍ മാറിച്ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. ടൂവീലറുകള്‍ ഉള്ളവര്‍ ഇലക്ട്രിക്കിലേക്ക് മാറുമ്പോള്‍ ഫോര്‍വീലര്‍ വാഹനം വാങ്ങുന്നവര്‍ പെട്രോളിന് പകരം സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പെട്രോള്‍ കാറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎന്‍ജി കാറുകളെ കൊണ്ട് പല മെച്ചങ്ങളുമുണ്ട്. പെട്രോള്‍ കാറുകളെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്നതാണ് ആദ്യത്തെ സംഗതി. അതുകൊണ്ട് തന്നെ സര്‍ക്കാറും സിഎന്‍ജി പോലുള്ള ബദല്‍ ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
സിഎന്‍ജി വാഹനങ്ങള്‍ പെട്രോള്‍ വാഹനങ്ങളേക്കാള്‍ കൂടുതല്‍ മൈലേജ് നല്‍കുന്നുവെന്നതാണ് ഏറ്റവും ആകര്‍ഷകമായ പോയിന്റ്. അതിനാല്‍ തന്നെ ഇവയുടെ പ്രവര്‍ത്തന ചെലവ് കുറവാണ്. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും സിഎന്‍ജി കാര്‍ വാങ്ങാന്‍ പെട്രോള്‍ കാറുകളുടെ 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ അധികം മുടക്കേണ്ടതായുണ്ട്. പെട്രോള്‍ വാഹനങ്ങളുടെ എല്ലാ സവിശേഷതകളും സിഎന്‍ജി വാഹനങ്ങളിലുമുണ്ട്. പിന്നെ എന്തുകൊണ്ടാണ് വില കൂടുന്നത് എന്ന സംശയം പലര്‍ക്കും തോന്നിയിട്ടുണ്ടാകാം.

ഇതിന് വിവിധ കാരണങ്ങളുണ്ട്. നിങ്ങള്‍ ഒരു സിഎന്‍ജി വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാരണങ്ങളെല്ലാം അറിഞ്ഞ ശേഷം ഒരു തീരുമാനത്തില്‍ എത്തുന്നതാകും നല്ലത്. പെട്രോള്‍ വാഹനങ്ങളേക്കാള്‍ സിഎന്‍ജി വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ ചെലവ് കൂടുതലാണ്. ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള സംഭരണ ടാങ്ക്, സിഎന്‍ജി ഫ്യൂവല്‍ നോസല്‍, പ്രഷര്‍ റെഗുലേറ്റര്‍ പൈപ്പുകള്‍ തുടങ്ങിയ അധിക ഘടകങ്ങള്‍ സിഎന്‍ജി വാഹനങ്ങളിലുണ്ടാകും.
സിഎന്‍ജി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന പൈപ്പ് ലൈനുകള്‍ സ്റ്റെയിന്‍ലെസ് അഥവാ തുരുമ്പെടുക്കാത്തവയാണ്. അതുകൊണ്ട് തന്നെ ഈ ഘടകത്തിന്റെ വിലയും ഉയര്‍ന്നതാണ്. ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ എഞ്ചിന്‍ കാണുമെങ്കിലും സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി ചില പരിഷ്‌കാരങ്ങള്‍ വരുത്തേണ്ടതുണ്ട്. ശക്തമായ പിസ്റ്റണുകള്‍ വാള്‍വുകള്‍ക്കുമൊപ്പം ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റത്തില്‍ ചില മാറ്റങ്ങളും അനിവാര്യമാണ്. ഈ കാരണം കൊണ്ടെല്ലാമാണ് ചെലവ് കൂടുന്നത്.

സിഎന്‍ജി വാതകം കത്തുന്ന സംഗതിയായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. സിഎന്‍ജി ടാങ്കില്‍ നിന്ന് നേരിയ ചോര്‍ച്ചയുണ്ടായാല്‍ പോലും വാഹനം അഗ്‌നിക്കിരയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സിഎന്‍ജി വാഹനങ്ങള്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മിക്കുന്നതും വില കൂടാന്‍ കാരണമാകുന്നു. സിഎന്‍ജി വാഹനം പെട്രോള്‍ വാഹനം പോലെ പരിപാലിക്കാന്‍ കഴിയില്ല. അവയുടെ പാര്‍ട്‌സ് മാറ്റാനും സര്‍വീസിനും ചെലവ് കൂടുതലാണ്.
സിഎന്‍ജി വാഹനങ്ങള്‍ നന്നാക്കാന്‍ പരിശീലനം സിദ്ധിച്ച മെക്കാനിക്കുകളുടെ എണ്ണം കുറവായതും മെയിന്റനന്‍സ് ചെലവുകളെ ബാധിക്കും. തീപിടിച്ച ഇന്ധന വിലയുള്ള ഇക്കാലത്ത് സിഎന്‍ജി കാറുകള്‍ കൂടുതല്‍ മൈലേജ് നല്‍കുന്നത് വളരെ പോസിറ്റീവായ സംഗതിയാണ്. എന്നാല്‍ ഉയര്‍ന്ന പ്രാരംഭ ചെലവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും ലഭ്യതക്കുറവും കാരണം സിഎന്‍ജി കാറുകള്‍ ഉയര്‍ന്ന വിലയ്ക്ക് മാത്രമേ കമ്പനികള്‍ക്ക് വില്‍ക്കാന്‍ സാധിക്കൂ. എന്നിരുന്നാലും ഇന്ധനച്ചെലവ് കുറവായതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പൈസ വസൂലാകും.
അതുകൊണ്ടാണ് കൂടുതല്‍ പേര്‍ സിഎന്‍ജികളിലേക്ക് അടുക്കുന്നതും പല മുന്‍നിര ബ്രാന്‍ഡുകളും തങ്ങളുടെ സിഎന്‍ജി പോര്‍ട്‌ഫോളിയോ വലുതാക്കുകയും ചെയ്യുന്നത്. നിങ്ങള്‍ ഒരു കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ മികച്ച മൈലേജുള്ള സിഎന്‍ജി കാറുകള്‍ ഉയര്‍ന്ന വില കൊടുത്ത് വാങ്ങുമോ അതോ പെട്രോള്‍ വണ്ടി തന്നെ മതിയെന്ന് വെക്കുമോ?. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.


Click it and Unblock the Notifications








