ബൈക്കിന്റെ വലിപ്പത്തിലുള്ള മൈക്രോ ഇവി 2 ലക്ഷത്തിന്! ഒറ്റ ചാര്‍ജില്‍ 90 സഞ്ചരിക്കാം
മലിനീകരണം, തിരക്ക്, പരിമിതമായ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ എന്നിവ കാരണം പൊറുതിമുട്ടുകയാണ് നഗരങ്ങള്‍. ഇലക്ട്രിക് വാഹനങ്ങള്‍ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്നുവെങ്കിലും അതുകൊണ്ട് തിരക്ക് കുറയുന്നില്ല. ട്രാഫിക് ബ്ലോക്കുകള്‍ കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരങ്ങളിലൂടെയുള്ള സവാരികള്‍ക്ക് കോംപാക്റ്റ് ഡിസൈനില്‍ വരുന്ന വാഹനങ്ങളാണ് ഉത്തമം. ഇത്തരമൊരു ആശയത്തില്‍ നിന്നാണ് വിംഗ്സ് ഇവി റോബിന്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ (Wings EV Robin Electric Quadricycle) വികസിപ്പിച്ചത്. റോഡിലെ കുഴികളും ഗതാഗതക്കുരുക്കും കാരണം ആളുകള്‍ സ്‌കൂട്ടറുകളില്‍ നിന്ന് കാറുകളിലേക്ക് ചേക്കറിയത് കാരണമാണ് റോബിന്‍ ജനിച്ചതെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നു.
നമുക്കറിയാം ഇന്ന് നിരത്തുകളില്‍ കാണുന്ന മിക്ക കാറുകളുടെ ഉള്ളിലേക്കും കണ്ണോടിച്ചാല്‍ അതിനകത്ത് ആകെ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും കാണുക. ഇത് കാരണം റോഡില്‍ തിരക്കേറുക മാത്രമാണ് ചെയ്യുന്നതെന്നാണ് വിംഗ്‌സ് ഇവി പറയുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ മലിനീകരണം കുറയ്ക്കുമ്പോള്‍ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നില്ല. ഈ സാഹചര്യത്തില്‍ ഇരുചക്രവാഹനത്തിന്റെ കാര്യക്ഷമതയും ചെറിയ കാറിന്റെ സുരക്ഷയും സൗകര്യവും കൂടി ലയിപ്പിക്കാനാണ് റോബിന്‍ ക്വാഡ്രിസൈക്കിളിലൂടെ ലക്ഷ്യം വെക്കുന്നത്.

യൂറോപ്യന്‍ നിലവാരം പുലര്‍ത്തുന്ന റോബിന്‍ ഒരു L7 ക്വാഡ്രിസൈക്കിളായി തരംതിരിച്ചിട്ടുണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നതിനാല്‍ സിറ്റി ഡ്രൈവിംഗിന് ഇത് അനുയോജ്യമാകും. വലിപ്പം നോക്കുമ്പോള്‍ ഇത് ഒരു വലിയ മോട്ടോര്‍സൈക്കിളിന് സമാനമാണ്. 160 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ് വരുന്നത്. ഡ്രൈവര്‍ക്കുള്ള പ്രധാന ഡോര്‍ വലതുവശത്താണ. പിന്നിലെ യാത്രക്കാരുടെ ഡോര്‍ ഇടതുവശത്താണ്. വാഹനത്തിനകത്ത് എളുപ്പത്തില്‍ കയറാനും ഇറങ്ങാനുമായി ചെറിയ ഡോറുകളാണ് നല്‍കിയിരിക്കുന്നത്.
വിംഗ്സ് പവര്‍സ്ലാബ് എന്ന പേറ്റന്റുള്ള 5.6 KWh LFP ബാറ്ററി പായ്ക്കാണ് റോബിന്‍ ഉപയോഗിക്കുന്നത്. NMC ബാറ്ററിയേക്കാള്‍ ചൂടുള്ള ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായത് LFP ബാറ്ററിയാണ്. ബാറ്ററി പായ്ക്കിന് 69 mm മാത്രമാണ് ഉയരമുള്ളത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഓട്ടോമോട്ടീവ് ബാറ്ററി പായ്ക്കാണ് ഇത്. റോബിന്റെ സ്‌കേറ്റ്ബോര്‍ഡ് കണ്‍സ്ട്രക്ഷന്റെ ഭാഗമാണ് ഈ ബാറ്ററി പായ്ക്ക്.

ഫ്ലോര്‍ബോര്‍ഡിന് താഴെ ഷാസിയുടെ നീളത്തിലും വീതിയിലും പരന്നുകിടക്കുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. ബാറ്ററി ഇത്തരത്തില്‍ നല്‍കിയത് കൊണ്ട് ഇവിയുടെ സ്റ്റബിലിറ്റിയും ഹാന്‍ഡ്ലിംഗും വര്‍ധിക്കുന്നു. കൂടാതെ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 90 കിലോമീറ്റര്‍ സഞ്ചരിക്കാനും സാധിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.
റോബിന്റെ ചാര്‍ജിംഗ് പോര്‍ട്ട് പിന്‍ഭാഗത്താണ് നല്‍കിയിരിക്കുന്നത്. ചാര്‍ജര്‍ ഡ്രൈവര്‍ സീറ്റിനടിയില്‍ മൗണ്ട് ചെയ്തിരിക്കുന്നു. ഒരു സാധാരണ 16A പ്ലഗ് ഉപയോഗിച്ച് ഏകദേശം 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. റോബിനില്‍ പരമ്പരാഗത ഡ്രൈവ് ഷാഫ്റ്റുകള്‍ക്ക് പകരം റിയര്‍ വീലുകളില്‍ രണ്ട് BLDC ഹബ് മോട്ടോറുകള്‍ നല്‍കിയിട്ടുണ്ട്. ഈ ഡ്രൈവ്-ബൈ-വയര്‍ സാങ്കേതികവിദ്യ ഓരോ മോട്ടോറും സ്വതന്ത്രമായി നിയന്ത്രിക്കുന്നതിലൂടെ ആക്റ്റീവ് സ്റ്റബിലിറ്റി കണ്‍ട്രോള്‍ അനുവദിക്കുന്നു.

സ്പോര്‍ട്സ് കാറുകളുടെയും ഹൈ എന്‍ഡ് വാഹനങ്ങളുടെയും സ്റ്റബിലിറ്റി നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോളുമായി ഈ സംവിധാനത്തെ താരതമ്യപ്പെടുത്താവുന്നതാണ്. അഞ്ച് വര്‍ഷം കൊണ്ടാണ് വിംഗ്സ് ഇവി റോബിന്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ വികസിപ്പിച്ചത്. ഏഴ് പ്രീ-പ്രൊഡക്ഷന്‍ പ്രോട്ടോടൈപ്പുകള്‍ക്ക് ശേഷം ഫുള്‍-ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റുകള്‍ ഉള്‍പ്പെടെ എല്ലാ L7 ഹോമോലോഗേഷന്‍ ടെസ്റ്റുകളിലും റോബിന്‍ വിജയിച്ചു.
മധ്യപ്രദേശിലെ ഇന്‍ഡോറിലായിരിക്കും വാഹനം നിര്‍മിക്കുക. ഉല്‍പ്പാദന തയ്യാറെടുപ്പുകള്‍ക്കൊപ്പം വിംഗ്സ് ഇവി റോബിന്റെ പ്രീ-ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. E, S, X എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാകുന്ന റോബിന്റെ പ്രാരംഭ വില 1.99 ലക്ഷം രൂപയായിരിക്കും. അടുത്ത വര്‍ഷം ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല ഒതുക്കമുള്ള ഡിസൈനില്‍ നഗര യാത്രകള്‍ എളുപ്പമാക്കുന്ന ഈ ഒരു ഇവി തേടി ഒരുപാട് പേര്‍ എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








