സ്മാർട്ടഫോണുകളെ പോലെ ഇവിയും 'ചീപ്പാക്കുമോ' ഷവോമി? ആദ്യ ഇലക്ട്രിക് കാറിന്റെ ഡെലിവറി ഈ മാസം തന്നെ
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ സങ്കേതികത്തികവുറ്റ മോഡലുകള്‍ കൊണ്ടുവന്ന് സ്മാര്‍ട്‌ഫോണുകള്‍ പോപ്പുലറാക്കിയ കമ്പനിയാണ് ഷവോമി. അതുകൊണ്ട് തന്നെ ഷവോമി ഇലക്ട്രിക് കാര്‍ വിപണിയിലേക്ക് കടക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നത് മുതല്‍ ഇന്ത്യക്കാരും ആവേശത്തിലാണ്. ഇപ്പോള്‍ ഷവോമി നിര്‍മ്മിച്ച ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലിന്റെ ഡെലിവറി സംബന്ധിച്ച് പുത്തന്‍ അപ്‌ഡേറ്റുകള്‍ വന്നിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി നോക്കാം.
ഷവോമി എന്ന ചൈനീസ് ബ്രാന്‍ഡ് ഇന്ത്യയില്‍ കാലെടുക്കുന്നത് വരെ അത്യാവശ്യം ഹൈടെക് ഫീച്ചറുകളും മികച്ച ബാറ്ററി ശേഷിയും അത്യാവശ്യം കൊള്ളാവുന്ന ക്യാമറയുമുള്ള മൊബൈല്‍ ഫോണ്‍ വാങ്ങണമെങ്കില്‍ ആയിരങ്ങള്‍ കുറേ മുടക്കേണ്ടിയിരുന്നു. എന്നാല്‍ ബജറ്റ് വിലയില്‍ ആരും ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച് മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തിച്ചാണ് ഷവോമി മാര്‍ക്കറ്റ് പിടിച്ചത്. ഷവോമിയുടെ ചുവടുപിടിച്ച് ഓപ്പോ, വിവോ എന്ന് തുടങ്ങി ഒത്തിരി ചൈനീസ് കമ്പനികളും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയതോടെ കളി മാറി.

ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നാണ് ചൈന. ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ക്കൊപ്പം നിരവധി വൈദേശിക ഭീമന്‍മാരും ചൈനീസ് വിപണി പിടിക്കാന്‍ രംഗത്തുണ്ട്. പോയ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ഇവികള്‍ വിറ്റ് ടെസ്‌ലയെ വരെ തോല്‍പ്പിച്ച ബില്‍ഡ് യുവര്‍ ഡ്രീംസിന്റെ നാട്ടില്‍ നിന്നാണ് ഇപ്പോള്‍ മറ്റൊരു ടെക് ഭീമന്‍ ഇവി വിപണിയിലേക്ക് ഇറങ്ങുന്നത്.
ഷവോമി കമ്പനി തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ മോഡല്‍ കഴിഞ്ഞ വര്‍ഷം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാര്‍ മോഡലായ SU7 (സ്പീഡ് അള്‍ട്രാ 7) ഇവിയുടെ വിതരണം ഈ മാസം ആരംഭിക്കുമെന്നാണ് ബ്രിട്ടീഷ് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024 മാര്‍ച്ച് 28-ന് ഈ ഇലക്ട്രിക് കാര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് ഷവോമി അറിയിച്ചു.

കാറിന്റെ ഗ്രാന്‍ഡ് ലോഞ്ചിന് മുന്നോടിയായി സ്മാര്‍ട്‌ഫോണ്‍ ഭീമന്‍മാര്‍ 29 ചൈനീസ് നഗരങ്ങളിലായി 59 സ്റ്റോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ലോഞ്ചിന് പിന്നാലെ ഈ മാസം അവസാനത്തോടെ ഇവിയുടെ വിതരണം ആരംഭിക്കാനാണ് കമ്പനി ആലോചിക്കുന്നത്.
ചൈനീസ് വിപണിയില്‍ എത്തിച്ച ശേഷമാകും ഷവോമി തങ്ങളുടെ കന്നി ഉല്‍പ്പന്നം മറ്റ് ആഗോള വിപണിയില്‍ ലോഞ്ച് ചെയ്യുക. സ്മാര്‍ട്‌ഫോണുകളുടെ കാര്യത്തില്‍ ഷവോമിയുടെ ഏറ്റവും വലിയ വിപണികളില്‍ ഒന്നായ ഇന്ത്യയെ ഇവികളുടെ കാര്യത്തിലും പരിഗണിച്ചേക്കും.
എന്നിരുന്നാലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനിയില്‍ നിന്ന് പുറത്തുവന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ BYD-ക്ക് ശേഷം ഇന്ത്യയില്‍ തരംഗം സൃഷ്ടിക്കാന്‍ പോകുന്ന മറ്റൊരു ഇവി നിര്‍മാതാക്കളായി ഷവോമി മാറും. മൂന്ന് മോഡലുകളുമായി ഇന്ത്യന്‍ പ്രീമിയം ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഇതിനോടകം മികച്ച പേര് സ്വന്തമാക്കിയിട്ടുണ്ട് BYD. കാറിന്റെ ലോഞ്ച് അടുത്തെങ്കിലും SU7 ഇലക്ട്രിക് കാറിന്റെ വിലയും മറ്റ് പ്രധാന വിവരങ്ങളും രഹസ്യമാക്കി വെച്ചിരിക്കുകയാണ് ഷവോമി.

ചൈനയിലെ മറ്റ് ഇവി നിര്‍മാതാക്കള്‍ക്ക് വന്‍ വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഷവോമിയുടെ കന്നി ഇവിയുടെ ലോഞ്ച് പ്രഖ്യാപിച്ച ശേഷം കമ്പനിക്ക് ഓഹരി വിപണിയിലും മുന്നേറ്റമുണ്ടാക്കാനായി. ഷവോമിയുടെ ഓഹരികള്‍ 7 ശതമാനം വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടെസ്ലയും ബിവൈഡിയും തമ്മില്‍ നിലവില്‍ ചൈനയില്‍ വലിയ 'പ്രൈസ വാര്‍' ആണ് നടന്ന് കൊണ്ടിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഇവികള്‍ക്ക് ഡിമാന്‍ഡ് കുറയുന്ന സാഹചര്യത്തില്‍ വില്‍പ്പന കൂട്ടാനായാണ് കമ്പനികള്‍ വിലയുദ്ധം നടത്തുന്നത്.
ഇതിനിടയിലേക്കാണ് ഷവോമിയുടെ കടന്ന് വരവ്. ഈ സാഹചര്യത്തില്‍ SU7 ഇവിക്ക് ഷവോമി ഏത് രീതിയിലുള്ള വില നിര്‍ണയം നടത്തുമെന്ന കാര്യവും വാഹന ലോകം ഉറ്റുനോക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് വാഹന നിര്‍മ്മാതാക്കളില്‍ ഒന്നായി മാറാനാണ് തങ്ങളുടെ പദ്ധതിയെന്ന് ഷവോമി സിഇഒ ലീ ജുന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വരാന്‍ പോകുന്ന ഇലക്ട്രിക് എസ്‌യുവിയില്‍ സജ്ജീകരിച്ചിരിക്കുന്ന സൂപ്പര്‍ ഇലക്ട്രിക് മോട്ടോര്‍ ടെസ്‌ല, പോര്‍ഷ എന്നിവയേക്കാള്‍ വേഗതയേറിയ ആക്‌സിലറേഷന്‍ സാധ്യമാക്കുന്നുവെന്നും ലീ പറഞ്ഞു. ബെയ്ജിംഗിലെ പ്ലാന്റില്‍ വെച്ചാണ് ഷവോമിയുടെ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുക. പ്രതിവര്‍ഷം 2 ലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.
10 ബില്യണ്‍ യുഎസ് ഡോളറാണ് ഇവി രംഗത്തേക്ക് ഇറങ്ങാനായി ഷവോമി നിക്ഷേപിക്കുന്നത്. സ്മാര്‍ട് ടെക്‌നോളജിയും നൂതന ഫീച്ചറുകളുമായി വരുന്ന SU7 ഇവിയുടെ വിലയുടെ കാര്യത്തില്‍ കൂടി ഷവോമി ഞെട്ടിച്ചാല്‍ ടെസ്‌ലയും BYD-യും അല്‍പ്പം വിയര്‍ക്കും. സ്മാര്‍ട്‌ഫോണുകള്‍ കൊണ്ടുവന്നതിന് സമാനമായ രീതിയില്‍ ഇവികളും ഇന്ത്യയില്‍ എത്തിച്ചാല്‍ ഷവോമി ഹിറ്റടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അതിനായി കുറച്ച് കാലം കൂടി കാത്തിരിക്കണമെന്ന് മാത്രം.


Click it and Unblock the Notifications








