27 മിനിറ്റുകൊണ്ട് വാരിക്കൂട്ടിയത് 50,000 ബുക്കിംഗ്! 700 കി.മീ റേഞ്ചുള്ള ഇവി 25 ലക്ഷത്തിന് വിറ്റ് ഷവോമി
ഫീച്ചര്‍ റിച്ചായ സ്മാര്‍ട്‌ഫോണുകള്‍ ബജറ്റ് വിലയില്‍ വിപണനം ചെയ്ത് ലോകത്തിലെ മുന്‍നിര കമ്പനിയായി വളര്‍ന്നവരാണ് ഷവോമി. SU7 ഓള്‍ ഇലക്ട്രിക് സെഡാന്‍ മോഡലിലൂടെ ഷവോമി ഇപ്പോള്‍ വാഹന വിപണിയിലേക്കും കാലെടുത്ത് വെച്ചിരിക്കുകയാണ്. ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഷവോമിയുടെ കന്നി ഇലക്ട്രിക് കാറിന്റെ വില കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് വേരിയന്റുകളിലായി വിപണിയിലെത്തുന്ന ഇവിക്ക് 215900 യുവാന്‍ ആണ് സ്മാര്‍ട്‌ഫോണ്‍ ഭീമന്‍ വിലയിട്ടത്. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 24.92 ലക്ഷം രൂപയാണ് വരിക. ചൈനയിലെ 29 നഗരങ്ങളിലാണ് ഷവോമി SU7 ഇലക്ട്രിക് സെഡാന്‍ വില്‍പ്പനക്കെത്തുക. അടുത്ത മാസം തൊട്ട് ഡെലിവറി ആരംഭിക്കാനാണ് പ്ലാന്‍. ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ചൈനയില്‍ BYD അടക്കമുള്ള ആഭ്യന്തര വാഹന നിര്‍മാതാക്കളും ടെസ്‌ലയും തമ്മിലാണ് പ്രധാന മത്സരം.

ഇരുവരും തമ്മില്‍ വിലയുദ്ധം വരെ അരങ്ങേറുന്നതിനിടയിലേക്കാണ് ഷവോമിയുടെ രംഗപ്രവേശനം. കുറഞ്ഞ വിലയില്‍ ടെക് ഫീച്ചറുകള്‍ കുത്തിനിറച്ചെത്തുന്ന ഷവോമിയുടെ കന്നി ഇവി ടെസ്‌ല മോഡല്‍ 3 ഇവിയുമായാണ് നേരിട്ട് മത്സരിക്കുന്നത്. ടെസ്‌ലയെ പോലും ഞെട്ടിക്കുന്ന തരത്തിലുള്ള സ്വീകാര്യതയാണ് ഷവോമി ഇലക്ട്രിക് കാറിന് ലഭിക്കുന്നത്. വെറും 27 മിനിറ്റില്‍ 50000 യൂണിറ്റ് ബുക്കിംഗുകളാണ് ഷവോമി SU7 വാരിക്കൂട്ടിയത്. അതിനെ കുറിച്ച് വിശദമായി പറയുന്നതിന് മുമ്പ് നമുക്ക് ഈ ഇവിയെ കുറിച്ച് നോക്കാം.
ഈ ഇലക്ട്രിക് മോഡല്‍ ഒമ്പത് കളര്‍ ഓപ്ഷനുകളിലും മൂന്ന് വേരിയന്റുകളിലും ലഭ്യമാണ്. 4,997 mm നീളവും 1,963 mm വീതിയും 1,455 mm ഉയരവുമുള്ള ഷവോമി SU7 ഇവിക്ക് എടുത്ത് പറയാവുന്ന റോഡ് പ്രസന്‍സുണ്ട്. 3,000 mm ആണ് ഇവിയുടെ വീല്‍ബേസ് അളവ്. ഫ്രങ്ക് ഏരിയയില്‍ 105 ലിറ്ററും ബൂട്ടില്‍ 517 ലിറ്ററും സ്‌റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. ഷവോമി SU7 ഇലക്ട്രിക് സെഡാന്‍ സ്‌പോര്‍ട്ടിയും യുവത്വം നിറഞ്ഞതുമായ ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

വാഹനത്തിന്റെ ലോ സ്ലംഗ് ഡിസൈനും കൂപ്പെ ശൈലിയിലുള്ള റൂഫും കൂടുതല്‍ മെച്ചപ്പെട്ട ലുക്ക് നല്‍കുന്നുണ്ട്. ഈ സ്ലോപ്പിംഗ് റൂഫ് ലൈന്‍ റിയര്‍ ഹെഡ്റൂമിനെ ബാധിക്കില്ല എന്ന് ഷവോമി ഉറപ്പുനല്‍കുന്നു. അകത്ത് മള്‍ട്ടിപ്പിള്‍ സ്‌ക്രീനുകളും ഹൈടെക് ഫീച്ചറുകളുമുള്ള ഫ്യൂച്ചറിസ്റ്റിക് കോക്ക്പിറ്റ് കാറിന് ലഭിക്കുന്നു. ഷവോമിയുടെ ഹൈപര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഇവി മൊബൈല്‍ ഫോണുകളും ടാബ്‌ലറ്റുകളും തടസങ്ങളില്ലാതെ കണക്ട് ചെയ്യാന്‍ അനുവദിക്കുന്നു.
6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ. സ്റ്റാന്‍ഡേര്‍ഡ് 50W വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വയര്‍ലെസ് ചാര്‍ജിംഗുള്ള ഒരു ഡെഡിക്കേറ്റഡ് ഫോണ്‍ ഹോള്‍ഡര്‍ എന്നിവ അകത്തളത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ലാപ്ടോപ്പ് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ഗ്ലൗവ് ബോക്സ്, ആന്റി വബിള്‍ മാറ്റോടുകൂടിയ 4.6 ലിറ്റര്‍ റഫ്രിജറേറ്റര്‍, അണ്ടര്‍സീറ്റ് അംബ്രല്ല ഹോള്‍ഡര്‍, ഒരു ഗ്ലാസ് റൂഫ്, 25 -സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നിവ ഇന്റീരിയറിലെ ചില ശ്രദ്ധേയമായ ഫീച്ചറുകളാണ്.

കൂടാതെ ആക്ടീവ് സീറ്റ് ബോള്‍സ്റ്ററിംഗും പനോരമിക് ഗ്ലാസ് റൂഫും വാഹനത്തിന് ലഭിക്കുന്നു. ഷവോമി ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് 73.6 kWh ബാറ്ററി പായ്ക്കും മുന്‍നിര മോഡലിന് 101 kWh പായ്ക്കും ലഭിക്കുന്നു. ഈ ബാറ്ററികള്‍ ഒരു ചാര്‍ജില്‍ കുറഞ്ഞത് 700 കി.മീ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വര്‍ഷം 150 kWh ബാറ്ററി അവതരിപ്പിക്കാനും ചൈനീസ് കമ്പനിക്ക് പദ്ധതിയുണ്ട്.
അങ്ങനെ വന്നാല്‍ ഒറ്റ ചാര്‍ജില്‍ 1,200 കിലോമീറ്റര്‍ റേഞ്ചാകും വാഗ്ദാനം ചെയ്യുക. പെര്‍ഫോമന്‍സിന്റെ കാര്യം നോക്കുമ്പോള്‍ ടോപ്പ്-എന്‍ഡ് മാക്സ് വേരിയന്റിന് 265 കിലോമീറ്റര്‍ ടോപ് സ്പീഡുണ്ട്. 2.78 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു. ഒറ്റ ചാര്‍ജില്‍ 810 കിലോമീറ്റര്‍ വരെ റേഞ്ചും ലഭിക്കും.

ഡ്യുവല്‍-മോട്ടോര്‍, ഫോര്‍-വീല്‍-ഡ്രൈവ് പവര്‍ട്രെയിന്‍ സജ്ജീകരിച്ചിരിക്കുന്ന ലിമിറ്റഡ് ഫൗണ്ടേഴ്സ് എഡിഷന്‍ ഏകദേശം 986 bhp പവര്‍ നല്‍കുന്നു. ഇത് വെറും 1.98 സെക്കന്‍ഡില്‍ 0-100 kmph വേഗത തൊടുമെന്നാണ് ഷവോമിയുടെ അവകാശവാദം. സമഗ്രമായ ഫീച്ചര്‍ പട്ടികയും മികച്ച പെര്‍ഫോമന്‍സും റേഞ്ചുമുള്ള ഇവിക്ക് ടെസ്ല മോഡല്‍ 3-യേക്കാള്‍ ഏകദേശം 4,100 യുഎസ് ഡോളര്‍ കുറഞ്ഞ വിലയാണ് ഷവോമി നിശ്ചയിച്ചത്. അതുകൊണ്ട് തന്നെ ചൂടപ്പം പോലെയാണ് ഇവി വിറ്റുതീരുന്നത്.
വെറും നാല് മിനിറ്റിനുള്ളില്‍ ബുക്കിംഗ് 10,000 യൂണിറ്റിലെത്തി. അടുത്ത മൂന്ന് മിനിറ്റിനുള്ളില്‍ ഇത് ഇരട്ടിയായി 20,000 യൂണിറ്റായി. 27 മിനിറ്റിനുള്ളില്‍ ബുക്കിംഗ് 50,000 യൂണിറ്റുകള്‍ കടന്നു. ഏതായാലും ഷവോമി മോഡലിന് ലഭിക്കുന്ന സ്വീകാര്യത എതിരാളികളെ വരെ ഞെട്ടിച്ചിട്ടുണ്ട്. BYD സീല്‍, BYD ഹാന്‍, ദീപാല്‍ SL03, നിയോ ET5 എന്നിവയുമായാണ് ഏറ്റുമുട്ടുന്നത്. ചൈനയില്‍ തരംഗമായ ഇവി ഷവോമി ഇന്ത്യയിലേക്ക് കൊണ്ടുവരണമേയെന്ന പ്രാര്‍ത്ഥനയിലാണ് രാജ്യത്തെ ഇവി ആരാധകര്‍.


Click it and Unblock the Notifications








