230 ദിവസം കൊണ്ട് നിര്‍മിച്ചത് 1 ലക്ഷം ഇവി! വണ്ടിക്കച്ചവടത്തിലും ഹിറ്റടിച്ച് ഷവോമി, ഇന്ത്യയിലേക്ക് എന്ന്?
കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് രംഗത്തെ അതികായന്‍മാരായ ചൈനീസ് കമ്പനിയാണ് ഷവോമി. ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ കുറഞ്ഞ വിലയില്‍ ഫീച്ചര്‍ റിച്ചായ സ്മാര്‍ട്‌ഫോണുകള്‍ വിറ്റ് അവയെ ജനകീയമാക്കുന്നതില്‍ വലിയ പങ്കാണ് ഷവോമി എന്ന ബ്രാന്‍ഡ് വഹിച്ചത്. സ്മാര്‍ട്‌ഫോണ്‍ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ വലിയ സാധ്യതകളുള്ള ഇലക്ട്രിക് വാഹന രംഗത്തേക്ക് കമ്പനി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാലെടുത്ത് വെച്ചിരുന്നു. ഷവോമിയുടെ ഫ്‌ലാഗ്ഷിപ്പ് ഇവിയായ SU7 (Xiaomi SU7) അന്ന് മുതലേ വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ടായിരുന്നു. ദേ ഇപ്പോള്‍ പുത്തന്‍ നാഴികക്കല്ല് താണ്ടി തലക്കെട്ടുകള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷവോമി SU7. അതിനെ കുറിച്ച് വിശദമായി വായിക്കാം.
തങ്ങള്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവട് വെക്കാന്‍ പോകുകയാണെന്ന് മൂന്ന് വര്‍ഷം മുമ്പ് മാത്രമാണ് ഷവോമി പ്രഖ്യാപിച്ചത്. ഒരു പുതിയ ബ്രാന്‍ഡിന് സ്വപ്‌നം കാണാവുന്നതിനേക്കാള്‍ വേഗതയില്‍ അത് യാഥാര്‍ത്ഥ്യമാക്കി ഷവോമി ഇലക്ട്രിക് വാഹന ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. ഇലക്‌ട്രോണിക്‌സ് രംഗത്തെ തങ്ങളുടെ അനുഭവസമ്പത്തും നിര്‍മാണ മികവും ഇതിന് സഹായകമായിട്ടുണ്ടെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. ഷവോമി ആഗോള വിപണിയില്‍ വില്‍ക്കുന്ന ഏക ഇലക്ട്രിക് വാഹനമാണ് SU7. ഇത് ഒരു ഇലക്ട്രിക് സെഡാന്‍ ആണ്.

കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കാര്‍ 230 ദിവസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് നിര്‍മാണ നാഴികക്കല്ല് പിന്നിട്ടതായി ഷവോമി അറിയിച്ചു. വില്‍പ്പനക്കെത്തി വെറും 27 മിനിറ്റിനുള്ളില്‍ 50000 ഓര്‍ഡറുകള്‍ നേടി SU7 ചരിത്രം സൃഷ്ടിച്ചിരുന്നു. 2024-ല്‍ ഇലക്ട്രിക് സെഡാന്റെ 60000 യൂണിറ്റുകള്‍ നിര്‍മിക്കാനായിരുന്നു തുടക്കത്തില്‍ കമ്പനിയുടെ പ്ലാന്‍. എന്നാല്‍ SU7 ഇവിക്ക് അനുഭവപ്പെടുന്ന ഡിമാന്‍ഡ് കാരണം ഉത്പാദനം കൂട്ടാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഈ വര്‍ഷം ജൂലൈ മാസത്തോടെ ഉത്പാദനം കൂട്ടാന്‍ തുടങ്ങി.
2025 കലണ്ടര്‍ വര്‍ഷം പിറക്കുന്നതിന് മുമ്പേ ഉത്പാദനം 120000 യൂണിറ്റ് പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്ന ത്. ഈ മാസം അവസാനത്തോടെ 1 ലക്ഷം യൂണിറ്റ് ഡെലിവറി മാര്‍ക്കും പിന്നിടുമെന്നാണ് സൂചന. ഷവോമി SU7 ഇലക്ട്രിക് സെഡാന്റെ വില 2,15,900 യുവാന്‍ മുതലാണ് ആരംഭിക്കുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 25.34 ലക്ഷം രൂപ വരും. ഒമ്പത് കളര്‍ ഓപ്ഷനുകളിലും മൂന്ന് വേരിയന്റുകളിലും ഇലക്ട്രിക് സെഡാന്‍ വില്‍പ്പനക്ക് ലഭ്യമാണ്.
ഷവോമി SU7 ഇവിക്ക് മികച്ച റോഡ് പ്രസന്‍സിനൊപ്പം സ്പോര്‍ട്ടിയും യുവത്വം തുളുമ്പുന്നതുമായ ഡിസൈനും ലഭിക്കുന്നു. ലോ സ്ലംഗ് ഡിസൈനും കൂപ്പെ ശൈലിയിലുള്ള റൂഫും മൊഞ്ച് കൂട്ടുന്നു. മള്‍ട്ടിപ്പിള്‍ സ്‌ക്രീനുകളും ഹൈടെക് ഫീച്ചറുകളുമുള്ള ഫ്യൂച്ചറിസ്റ്റിക് കോക്ക്പിറ്റാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ബ്രാന്‍ഡിന്റെ ഹൈപര്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഇവി മൊബൈല്‍ ഫോണുകളും ടാബ്ലറ്റുകളും തടസങ്ങളില്ലാതെ കണക്ട് ചെയ്യാന്‍ അനുവദിക്കുന്നു.
6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, ഫുള്‍ ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ. സ്റ്റാന്‍ഡേര്‍ഡ് 50W വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, വയര്‍ലെസ് ചാര്‍ജിംഗുള്ള ഒരു ഡെഡിക്കേറ്റഡ് ഫോണ്‍ ഹോള്‍ഡര്‍, ലാപ്‌ടോപ്പ് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയ ഗ്ലൗവ് ബോക്‌സ്, ആന്റി വബിള്‍ മാറ്റോടുകൂടിയ 4.6 ലിറ്റര്‍ റഫ്രിജറേറ്റര്‍, അണ്ടര്‍സീറ്റ് അംബ്രല്ല ഹോള്‍ഡര്‍, ഒരു ഗ്ലാസ് റൂഫ്, 25 -സ്പീക്കര്‍ ഓഡിയോ സിസ്റ്റം എന്നീ സൗകര്യങ്ങള്‍ അകത്ത് ഒരുക്കിയിരിക്കുന്നു.
രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് ഇവി വരുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് 73.6 kWh യൂണിറ്റും ഉയര്‍ന്ന വേരിയന്റിന് 101 kWh യൂണിറ്റും ലഭിക്കുന്നു. ഈ ബാറ്ററികള്‍ ഫുള്‍ ചാര്‍ജില്‍ കുറഞ്ഞത് 700 കി.മീ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 2.78 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കും. ടോപ്പ്-എന്‍ഡ് മാക്‌സ് വേരിയന്റിന് 265 കിലോമീറ്റര്‍ ടോപ് സ്പീഡ് ഉണ്ട്.
ഫുള്‍ ചാര്‍ജില്‍ 1200 കിലോമീറ്ററിന് അടുത്ത് റേഞ്ച് പ്രതീക്ഷിക്കുന്ന SU7 അള്‍ട്ര എന്ന മോഡല്‍ 2025 മാര്‍ച്ചില്‍ നടക്കുന്ന ഗ്വാങ്ചൗ ഓട്ടോഷോയില്‍ വെച്ച് ഷവോമി അവതരിപ്പിക്കും. ഇതിന്റെ പ്രീ-സെയില്‍സ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സാധാരണ SU7 വേരിയന്റുകളേക്കാള്‍ നാലിരട്ടിയോളമാണ് ഇതിന്റെ വില വരുന്നതെന്ന് മാത്രം. ഷവോമി SU7 ഇവി അടുത്ത കാലത്തൊന്നും ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.


Click it and Unblock the Notifications








