ഇത് ശരിക്കും ഇവി വിപ്ലവം! റേഞ്ച് ആശങ്കയ്ക്ക് ബൈബൈ; വെറും 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും ഷവോമിയുടെ കാർ
സ്മാർട്ട്ഫോണിൽ നിന്ന് വിപ്ലവകരമായ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് ഷവോമി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഷവോമി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ SU7 പുറത്തിറക്കിയിരിക്കുകയാണ്. പുതിയ ഷവോമി SU7 ഇലക്ട്രിക് സെഡാൻ്റെ വില എന്നത് 2,15,900 യുവാൻ, അതായത് ഏകദേശം 25.34 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഈ ഇലക്ട്രിക് മോഡൽ ഒമ്പത് കളർ ഓപ്ഷനുകളിലും മൂന്ന് വേരിയൻ്റുകളിലും ലഭ്യമാണ്.
വാഹനത്തിന്റെ ഡിസൈനിനെ കുറിച്ച് പറയുമ്പോൾ, ഷവോമി SU7 ഇലക്ട്രിക് സെഡാൻ അതിൻ്റെ സ്പോർട്ടിയും വളരെ യുവത്വം നിറഞ്ഞതുമായ ഡിസൈൻ സവിശേഷതകളാൽ വളരെ ആകർഷകമായ ഒരു മോഡലാണ്. വാഹനത്തിന്റെ ലോ സ്ലംഗ് ഡിസൈനും കൂപ്പെ ശൈലിയിലുള്ള റൂഫും കൂടുതൽ മെച്ചപ്പെട്ട ലുക്ക് നൽകുന്നു. ഈ സ്ലോപ്പിംഗ് റൂഫ് ലൈൻ റിയർ ഹെഡ്‌റൂമിനെ ബാധിക്കില്ല എന്ന് ഷവോമി ഉറപ്പുനൽകുന്നു.

ഇതിനായി 1.88 മീറ്റർ ഉയരമുള്ള ഒരു ഡമ്മി ഉപയോഗിച്ചാണ് മോഡൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാഹനത്തിന്റെ അളവുകളുടെ കാര്യത്തിൽ, ഷവോമി SU7 ഇലക്ട്രിക് സെഡാൻ 4997 mm നീളവും 1963 mm വീതിയും 1440 mm ഉയരവും 3000 mm വീൽബേസും വാഗ്ദാനം ചെയ്യുന്നു. ഏകദേശം അഞ്ച് മീറ്റർ നീളം ഉണ്ടായിരുന്നിട്ടും, ഷവോമി SU7 ഇലക്ട്രിക്കിന് 5.7 മീറ്റർ ടേണിംഗ് റേഡിയസാമുള്ളത്, ഇത് വളരെ കുറവാണ്.
കൂടാതെ, SU7 ഇവി 517 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം 105 ലിറ്റർ ഫ്രണ്ട് ബൂട്ടും (ഫ്രങ്ക്) ലഭിക്കുന്നു. ഇവിയുടെ മറ്റൊരു പ്രധാന ആകർഷണം എന്നത്, 400 മീറ്റർ ത്രോയുള്ള അഡാപ്റ്റീവ് LED ഹെഡ്‌ലൈറ്റുകളാണ്, ഇത് രാത്രിയിൽ മികച്ച വിസിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, 56 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇനി അകത്തളത്തിലേക്ക് നീങ്ങുമ്പോൾ, ഇന്നത്തെ പല ഇവികളെയും പോലെ, ഷവോമി SU7 മോഡലും 16 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ ഇൻഫോടെയിൻമെൻ്റ് യൂണിറ്റ് അവതരിപ്പിക്കുന്നു. ഇത് കൂടാതെ, ഒരു ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 2 ഷവോമി പാഡ് 6S പ്രോ, ടാബ്‌ലെറ്റുകളും ഈ മോഡലിൻ്റെ സവിശേഷതയാണ്.
മൊബൈൽ ഫോണുകൾക്ക് പേരുകേട്ടതാണ് ഷവോമി എന്ന് നമുക്ക് ഏവർക്കും അറിയാം, അതിനാൽ, സ്റ്റാൻഡേർഡ് 50W വയർലെസ് ചാർജിംഗ് പാഡിന് പുറമേ, വയർലെസ് ചാർജിംഗുള്ള ഒരു ഡെഡിക്കേറ്റഡ് ഫോൺ ഹോൾഡർ വാഗ്ദാനം ചെയ്തുകൊണ്ട് കമ്പനി ഇതിനായി പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കൂടാതെ ഫോണുകൾ ഹോൾഡ് ചെയ്യാൻ ഡോർ പാഡിൽ പ്രത്യേക പോക്കറ്റുകളും ഇവി മോഡലിൻ്റെ സവിശേഷതയാണ്.

ലാപ്‌ടോപ്പ് ഉൾക്കൊള്ളാൻ കഴിയുന്ന വലിയ ഗ്ലൗവ് ബോക്‌സ്, ആൻ്റി വബിൾ മാറ്റോടുകൂടിയ 4.6 ലിറ്റർ റഫ്രിജറേറ്റർ, അണ്ടർസീറ്റ് അംബ്രല്ല ഹോൾഡർ, ഒരു ഗ്ലാസ് റൂഫ്, 25 -സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവ ഷവോമിയുടെ SU7 -ൻ്റെ ഇൻ്റീരിയറിലെ ചില ശ്രദ്ധേയമായ ഫീച്ചറുകളാണ്. കൂടാതെ ആക്ടീവ് സീറ്റ് ബോൾസ്റ്ററിംഗും പനോരമിക് ഗ്ലാസ് റൂഫും വാഹനത്തിന് ലഭിക്കുന്നു.
മൂന്ന് വേരിയന്റുകളിൽ, വാഹനത്തിന്റെ ബേസ് സ്പെക്ക് മോഡലിൽ 73.6 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്, ഇത് സിംഗിൾ ചാർജിൽ 700 കിലോമീറ്റർ റേഞ്ച് നൽകും എന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 5.28 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന ഇവിയുടെ ടോപ്പ് സ്പീഡ് മണിക്കൂറിൽ 210 കിലോമീറ്റരാണ്. ഈ മോഡലിന് 295 bhp ഇലക്ട്രിക് മോട്ടോറാണ് kcdhvf നൽകിയിരിക്കുന്നത്.

അടുത്തതായി വരുന്നത് SU7 പ്രോ വേരിയൻ്റാണ്, ഈ മോഡൽ അല്പം വലിയ 94.3 kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു, തൽഫലമായി 830 കിലോമീറ്റർ മെച്ചപ്പെട്ട റേഞ്ച് വാഗ്ദാനം ചെയ്യുന്നു. വാഹനത്തിന്റെ ടോപ്പ് സ്പീഡ് അതേപടി നിലനിൽക്കുന്നു. ഈ വേരിയൻ്റിന് 2,45,900 യുവാൻ, ഏകദേശം 28.87 ലക്ഷം രൂപയാണ് വില വരുന്നത്.
പുതിയ ഷവോമി SU7 ഇലക്ട്രിക് സെഡാൻ്റെ മേൽപ്പറഞ്ഞ രണ്ട് വേരിയൻ്റുകളിലും 400V ആർക്കിടെക്ചർ ഉപയോഗിക്കുന്നു, മാത്രമല്ല വെറും 15 മിനിറ്റ് ചാർജിംഗിൽ 350 കിലോമീറ്റർ ഡ്രൈവ് ചെയ്യാനുള്ള റേഞ്ച് കൈവരിക്കാനും കഴിയും എന്നതും ശ്രദ്ധേയമാണ്. ഒരു ളോംഗ് ഡ്രൈവിനിടയിൽ ഒരു കാപ്പി കുടിക്കാൻ എടുക്കുന്ന സമയത്ത് 350 കിലോമീറ്ററിനുള്ള ചാർജ് ലഭിക്കും എന്നത് അതിശയകരമാണ്.

അവസാനമായി, ടോപ്പ് സ്പെക്ക് SU7 മാക്‌സ് എന്ന വേരിയന്റാമ്, 101 kWh ബാറ്ററി പായ്ക്ക് ഇത് അവതരിപ്പിക്കുന്നു. അതോടൊപ്പം AWD കപ്പാസിറ്റിയും ഇത് അവതരിപ്പിക്കുന്നു. ഈ വേരിയൻ്റിൻ്റെ മൊത്തം പവർ 663 bhp ആയി റേറ്റുചെയ്തിരിക്കുന്നു, മാത്രമല്ല ഇത് മോഡലിന് വെറും 2.78 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാവും എന്നും കമ്പനി പ്രഖ്യാപിക്കുന്നു.
മണിക്കൂറിൽ 265 കിലോമീറ്ററാണ് ഇവന്റെ ടോപ്പ് സ്പീഡ്. ഷവോമി SU7 മാക്സിൻ്റെ ഡ്രൈവിംഗ് റേഞ്ച് എന്നത്, സിംഗിൾ ചാർജിൽ 800 കിലോമീറ്ററാണ്, മോഡലിന് 2,99,900 യുവാൻ, ഏകദേശം 35.20 ലക്ഷം രൂപയോളമാണ് വില വരുന്നത്. 800V ആർക്കിടെക്ചർ കാരണം, മോഡലിന് 15 മിനിറ്റിനുള്ളിൽ 510 കിലോമീറ്റർ റേഞ്ച് ഓടാനുള്ള ചാർജ് കൈവരിക്കാനാവും.


Click it and Unblock the Notifications








