700 കി.മീ റേഞ്ചുള്ള ഇവിക്ക് 25 ലക്ഷം മാത്രം! 1 ദിവസം കൊണ്ട് 1 കൊല്ലത്തേക്കുള്ള കാറുകള്‍ വിറ്റ് ഷവോമി
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ഭീമന്‍മാരായ ഷവോമി ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് ചുവടുവെച്ചപ്പോള്‍ പ്രതീക്ഷകളും വാനോളമായിരുന്നു. തങ്ങളുടെ കന്നി മോഡലായ SU7 ഇലക്ട്രിക് സെഡാന്റെ വില പ്രഖ്യാപനത്തിലൂടെ ഷവോമി ഉപഭോക്താക്കളെ ഞെട്ടിക്കുകയും ചെയ്തു. മൂന്ന് വേരിയന്റുകളിലായി വിപണിയിലെത്തുന്ന ഇവിക്ക് 2,15,900 യുവാന്‍ ആണ് സ്മാര്‍ട്ഫോണ്‍ ഭീമന്‍ വിലയിട്ടത്. ഇത് ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 24.92 ലക്ഷം രൂപ മാത്രമാണ് വരിക.
700 കിലോമീറ്ററിനടുത്ത് റേഞ്ചുള്ള ടെക് റിച്ചായ ഒരു ഇവി ഇത്രയും കുറഞ്ഞ വിലയില്‍ വില്‍പ്പനക്ക് വെച്ചതോടെ ജനങ്ങള്‍ ഇരച്ചെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷവോമി SU7 ഇവിയുടെ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങിയത്. വെറും 24 മണിക്കൂര്‍ കൊണ്ട് 88898 പ്രീ-ഓര്‍ഡറുകള്‍ നേടി കാര്‍ വമ്പന്‍ ഹിറ്റായി. ഷവോമിയുടെ കന്നി ഇവി ആദ്യം ചൈനയിലെ 29 നഗരങ്ങളിലായി 59 സ്‌റ്റോറുകളിലാണ് വില്‍പ്പനക്കെത്തുന്നത്. വെള്ളിയാഴ്ച ഇവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ തുടങ്ങിയിരുന്നു.

5,000 യുവാന്‍ നല്‍കിയാല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ കാര്‍ റിസര്‍വ് ചെയ്യാവുന്നതാണ്. ഇപ്പോള്‍ ഇലക്ട്രിക് സെഡാന്‍ കാറിന്റെ കാത്തിരിപ്പ് കാലയളവും പുറത്തു വന്നിരിക്കുകയാണ്. കാറിനുള്ള ശക്തമായ ഡിമാന്‍ഡ് പരിഗണിച്ച് ഇത് കൈയ്യില്‍ കിട്ടാന്‍ 7 മാസം വരെ കാത്തിരിക്കണം. ഷവോമിയുടെ കാര്‍ ആപ്പില്‍ നടത്തിയ പരിശോധനയിലാണ് ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് SU7 മോഡലിന്റെ ഡെലിവറി സമയം 18 മുതല്‍ 21 ആഴ്ച വരെയാണ്. SU7 പ്രോ മോഡല്‍ കൈയ്യില്‍ കിട്ടാന്‍ 18 മുതല്‍ 21 ആഴ്ച വരെ എടുക്കും. ഏറ്റവും ചെലവേറിയ വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന കാത്തിരിപ്പ് കാലയളവും. SU7 ഇലക്ട്രിക് സെഡാന്റെ വില കൂടിയ മോഡലിന് 27 മുതല്‍ 30 ആഴ്ചവരെയാണ് കാത്തിരിപ്പ്. 2,99,900 യുവാന്‍ ആണ് ഇതിന്റെ വില.

റഫ്രിജറേറ്ററുകള്‍ അടക്കം സജ്ജീകരിച്ച് വരുന്ന 'ഫൗണ്ടേഴ്സ് എഡിഷന്‍' എന്ന രണ്ട് സ്‌പെഷ്യല്‍ എഡിഷനുകളും ഷവോമി ലോഞ്ച് ഇവന്റില്‍ അവതരിപ്പിച്ചിരുന്നു. പ്രീഓര്‍ഡര്‍ തുടങ്ങിയതിന് പിന്നാലെ ഇവയുടെ ആദ്യത്തെ ബാച്ചിലുള്ള 5,000 കാറുകളും ഉടനടി വിറ്റുതീര്‍ന്നു. ഫൗണ്ടേഴ്‌സ് എഡിഷന്‍ അടുത്ത ബാച്ചിനുള്ള ഓര്‍ഡറുകള്‍ ഉടന്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എത്ര കാറുകള്‍ വില്‍പ്പനക്കെത്തിക്കുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
കാര്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള റെഗുലേറ്ററി അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിവര്‍ഷം 200,000 കാറുകള്‍ ശേഷിയുള്ള ഒരു ഫാക്ടറി ഷവോമി ബെയ്ജിംഗില്‍ സ്ഥാപിച്ചിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാഹന നിര്‍മ്മാതാക്കളായ BAIC ഗ്രൂപ്പ് ഷവോമിയുടെ കാറുകള്‍ അതേ പ്ലാന്റില്‍ നിര്‍മ്മിക്കുമെന്ന് നവംബറില്‍ വെളിപ്പെടുത്തിയിരുന്നു. ഹോമോലോഗേഷന്‍ ഫയലിംഗില്‍ BAIC-യെ കോണ്‍ട്രാക്ട് നിര്‍മാതാക്കളായി ഷവോമി സൂചിപ്പിച്ചിരുന്നു.

2022 ഏപ്രിലില്‍ നിര്‍മാണം ആരംഭിച്ച ഷവോമി പ്ലാന്റിന്റെ നിര്‍മാണം കഴിഞ്ഞ വര്‍ഷം ജൂണിലാണ് അവസാനിച്ചത്. ഇവികളുടെ മാസ് പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് മുഴുവന്‍ ശേഷിയിലേക്ക് വന്നിട്ടില്ല. ഇവി ഡെലിവറി ഏപ്രില്‍ അവസാനത്തോടെയുണ്ടാകുമെന്നാണ് ഷവോമി അറിയിക്കുന്നത്. ഷവോമി ബെയ്ജിംഗ് പ്ലാന്റിന് ആദ്യ ഘട്ടത്തില്‍ 150,000 വാഹനങ്ങളുടെ വാര്‍ഷിക ഉല്‍പ്പാദന ശേഷിയുണ്ട്. രണ്ടാം ഘട്ടത്തില്‍ 300,000 വാഹനങ്ങളായി വര്‍ധിപ്പിക്കും.
ഉല്‍പ്പാദനം ഇതുവരെ മൊത്തം കപ്പാസിറ്റിയില്‍ എത്തിയിട്ടില്ല എന്നത് കണക്കിലെടുക്കുമ്പോള്‍ കമ്പനിക്ക് ഈ കലണ്ടര്‍ വര്‍ഷം എട്ട് മാസത്തെ പൂര്‍ണ്ണ ഉല്‍പ്പാദനം ഉണ്ടാകും. അതായത് ഏകദേശം 100,000 കാറുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. പ്രൊഡക്ഷന്‍ ലൈനുകളിലെ ഷിഫ്റ്റുകളില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ കുറച്ച് കൂടും. വില പ്രഖ്യാപനം നടന്ന് ആദ്യ 24 മണിക്കൂറിനുള്ളില്‍ 90,000 യൂണിറ്റുകള്‍ക്കടുത്ത് ഓര്‍ഡറുകള്‍ ലഭിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം കമ്പനി മറ്റ് അപ്ഡേറ്റുകള്‍ നല്‍കിയിട്ടില്ല.

ഏതായാലും രണ്ട് ദിവസം കൊണ്ട് ബുക്കിംഗ് 1 ലക്ഷം യൂണിറ്റ് കടന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ചുരുക്കി പറഞ്ഞാല്‍ ഈ വര്‍ഷം കൊടുത്തു തീര്‍ക്കാനുള്ള മുഴുവന്‍ കാറുകളും ഇതിനോടകം ബുക്ക് ആയിട്ടുണ്ട്. ഷവോമി ഇവി രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് 73.6 kWh ബാറ്ററി പായ്ക്കും മുന്‍നിര മോഡലിന് 101 kWh പായ്ക്കും ലഭിക്കുന്നു.
ഈ ബാറ്ററികള്‍ ഒറ്റ ചാര്‍ജില്‍ കുറഞ്ഞത് 700 കി.മീ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വര്‍ഷം 150 kWh ബാറ്ററി അവതരിപ്പിക്കാനും ചൈനീസ് കമ്പനിക്ക് പദ്ധതിയുണ്ട്. അങ്ങനെ വന്നാല്‍ ഒറ്റ ചാര്‍ജില്‍ 1,200 കിലോമീറ്റര്‍ റേഞ്ചാകും വാഗ്ദാനം ചെയ്യുക. 2021-ല്‍ ഇവി നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമാക്കിയ ഷവോമി ടെസ്‌ല, BYD എന്നീ ലോകോത്തര ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്.


Click it and Unblock the Notifications








