വീഗാലാന്റിലെ റൈഡല്ല, ഭിന്നശേഷിക്കാര്‍ക്കുള്ള സൂപ്പര്‍ ഇവി! സെറ്റപ്പ് കണ്ടാല്‍ ഇന്ത്യന്‍ കമ്പനിക്ക് കൈയ്യടി
ചിത്രത്തില്‍ കാണ്ട വാഹനം കണ്ട് ഇത് വല്ല വാട്ടര്‍തീം പാര്‍ക്കിലെയും റൈഡ് ആണെന്ന് കരുതിയോ?. എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ഒരു ഇലക്ട്രിക വാഹനമാണ്. കണ്ടാല്‍ ഓട്ടോയുമല്ല കാറുമല്ല പിന്നെ ഇതെന്ത് സമഗതിയെന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്കായി സവിശേഷമായ സൗകര്യങ്ങളും സവിശേഷതകളും ഉള്ള ഒരു ഇലക്ട്രിക് വാഹനമാണിത്. തമിഴ്‌നാട്ടിലെ ഐഐടി മദ്രാസില്‍ നിന്നുള്ള യാലി മൊബിലിറ്റി (Yali Mobility) എന്ന കമ്പനിയാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.ഒട്ടേറെ പ്രത്യേകതകളുമാതയി ഇന്ത്യന്‍ കമ്പനി നിര്‍മിച്ച മുച്ചക്ര ഇലക്ട്രിക് വാഹനത്തെ കുറിച്ച് വിശദമായി വായിക്കാം.
ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറില്‍ നിന്ന് ഇറങ്ങാതെ തന്നെ ഈ മുച്ചക്ര വാഹനത്തില്‍ കയറാം എന്നതാണ് ഇതിന്റെ മികച്ച സവിശേഷതകളില്‍ ഒന്ന്. ഭിന്നശേഷിക്കാര്‍ക്ക് അവരുടെ യാത്രകള്‍ക്ക് മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് യാലി മൊബിലിറ്റി ഈ വാഹനം ഒരുക്കിയിരിക്കുന്നത്. കാറുകള്‍ക്ക് ഉള്ള പോലെ ഈ മുച്ചക്ര വാഹനത്തിനും യാലി മൊബിലിറ്റി ഒരു പ്രത്യേക റിമോട്ട് നല്‍കിയിട്ടുണ്ട്.

വാഹനത്തിന്റെ പിന്‍വാതില്‍ തുറക്കാനുള്ള സൗകര്യം ഇതിലുണ്ടാകും. ഈ വാഹനത്തില്‍ പിന്‍വശം വഴി മാത്രമേ ഒരാള്‍ക്ക് കയറാനും ഇറങ്ങാനും സാധിക്കൂ. ഒരു ഭിന്നശേഷിക്കാരന്റെ വീല്‍ചെയറിന് കൃത്യമായി അകത്തേക്ക് കടക്കാനുള്ള വീതിയാണ് ഈ ഡോറിന് ഉള്ളത്. ഇതില്‍ ഒരാള്‍ക്ക് മാത്രമേ കയറാനാകൂ. ഇവിടെ റിമോട്ട് അമര്‍ത്തുമ്പോള്‍ പിറകിലെ ഡോര്‍ റോഡിലേക്ക് വന്ന് ഒരു റാമ്പ് പോലെ പ്രവര്‍ത്തിക്കുന്നു.
ഇതോടൊപ്പം വാഹനത്തിന്റെ പിന്‍ഭാഗവും ചെറുതായി അമര്‍ന്നിരിക്കുന്നതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് സ്വയം വീല്‍ചെയര്‍ തള്ളി വാഹനത്തിന്റെ അകത്തേക്ക് കയറാം. വീല്‍ചെയര്‍ വാഹനത്തിനകത്തേക്ക് കയറ്റാന്‍ പരസഹായം ആവശ്യമില്ല. അകത്ത് കയറിയ ശേഷം പിന്‍ഭാഗം പൂര്‍വസ്ഥിതിയിലാക്കാം.
ഈ വാഹനത്തിന് പ്രത്യേക ഹാന്‍ഡില്‍ബാര്‍, ലൈറ്റ് സിസ്റ്റം തുടങ്ങിയവയുണ്ട്. കൂടാതെ സ്‌കൂട്ടര്‍ പോലെ ഓടിക്കാനും സാധിക്കും.

ഇതോടൊപ്പം സുരക്ഷിതമായി നിര്‍ത്താനായി ഈ വാഹനത്തില്‍ ഒരു ഡിസ്‌ക് ബ്രേക്കും നല്‍കിയിട്ടുണ്ട്. ഇത് മാത്രമല്ല ഇതിന് ഒരു പ്രത്യേക ഹാന്‍ഡ് ബ്രേക്ക് സിസ്റ്റവും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭിന്നശേഷിക്കാര്‍ക്ക് ഈ വാഹനത്തില്‍ സുരക്ഷിതമായ യാത്ര ചെയ്യാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഇരുചക്ര വാഹനമോ ഓട്ടോയോ പ്രവര്‍ത്തിപ്പിക്കുന്നത് പോലെ എളുപ്പവുമാണ് ഇത് ഓടിക്കാന്‍.
നമുക്ക് ചുറ്റം ഒന്ന് കണ്ണോടിച്ചാല്‍ മുച്ചക്ര വാഹനങ്ങള്‍ ഓടിക്കുന്ന ഒത്തിരി ഭിന്നശേഷിക്കാരെ കാണാന്‍ സാധിക്കും. എന്നാല്‍ അവയില്‍ പലതും ടൂവീലറുകള്‍ രൂപമാറ്റം വരുത്തിയതാണ്. ഇതില്‍ കയറാനും ഇറങ്ങാനുമെല്ലാം ഒരാളുടെ സഹായം കൂടിയേ തീരൂ. എന്നാല്‍ യാലി മൊബിലിറ്റി നിര്‍മിച്ച ഈ ഒരു വാഹനം വീല്‍ചെയറില്‍ ഇരുന്ന് കൊണ്ട് തന്നെ ഓടിക്കാമെന്നതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി, ഇലക്ട്രിക് മോട്ടോര്‍, റേഞ്ച് എന്നിവയെ കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ വാഹനം ഫുള്‍ ചാര്‍ജില്‍ 130 കിലോമീറ്ററിലധികം സഞ്ചരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 60 കിലോമീറ്ററില്‍ താഴെയായിരിക്കും ഇതിന്റെ ടോപ് സ്പീഡ് എന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗം വളര്‍ച്ചയുടെ പാതയിലൂടെ നീങ്ങുമ്പോള്‍ അതില്‍ ഭിന്നശേഷിക്കാരെയടക്കം കൂട്ടിപ്പിടിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.
ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ ഇലക്ട്രിക് വാഹനം ഇതിനകം തന്നെ വില്‍പ്പനയ്ക്ക് ലഭ്യമാണ് എന്നാണ് മനസ്സിലാക്കാന്‍ പറ്റുന്നത്. എന്നാല്‍ ഇതിന്റെ വില എത്രയാണെന്ന് കൃത്യമായി അറിയില്ല. ഇത് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കുന്ന വീഡിയോയില്‍ കാണുന്ന നമ്പറില്‍ വിളിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായാം. ഈ ഒരു നൂതന വാഹനത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്തുമല്ലോ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








