കൈലാക്കും സിറോസും വന്നാലും ഈ മാരുതിയുടെ തട്ട് താണ് തന്നെയിരിക്കും! രാജ്യത്തെ ടോപ് 10 കോംപാക്ട് എസ്‌യുവികൾ
ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). ജനങ്ങള്‍ കൂടുതലായി എസ്‌യുവി വാങ്ങാന്‍ തുടങ്ങിയതോടെ സെഡാന്‍, ഹാച്ച്ബാക്ക് സെഗ്‌മെന്റുകള്‍ സൈഡായി. ആകര്‍ഷകമായ രൂപകല്‍പ്പന, പെര്‍ഫോമന്‍സ്, ഫീച്ചറുകള്‍ എന്നിവയുടെ സമന്വയവുമായി വരുന്ന എസ്‌യുവികള്‍ സ്വന്തമാക്കാന്‍ ഇപ്പോള്‍ ബജറ്റ് വിലയില്‍ തന്നെ കിട്ടും. എസ്‌യുവികളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് കോംപാക്ട് എസ്‌യുവികള്‍ക്കാണ്. ഒരു ഹാച്ച്ബാക്കിന്റെ അല്ലെങ്കില്‍ പ്രീമിയം ഹാച്ച്ബാക്കിന്റെ വിലയില്‍ കിട്ടുമെന്നത് തന്നെയാണ് ഈ കുഞ്ഞന്‍ എസ്‌യുവികള്‍ക്ക് ഇത്ര ഡിമാന്‍ഡ് കൂടാന്‍ കാരണം. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 കോംപാക്റ്റ് എസ്യുവികളെ കുറിച്ച് വിശദമായി വായിക്കാം.
2025 മെയ് മാസത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സബ് 4 മീറ്റര്‍ എസ്‌യുവി ഒരു മാരുതി സുസുക്കി മോഡല്‍ ആണ്. ഈ കാലയളവില്‍ മാരുതി സുസുക്കി ബ്രെസ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം മൊത്തം 15,566 യൂണിറ്റ് വില്‍പ്പന നേടിയ ബ്രെസ പോയ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ എസ്‌യുവിയും കൂടിയാണ്.

വാര്‍ഷിക വളര്‍ച്ച 10 ശതമാനമാണ്. കൃത്യം 1 വര്‍ഷം മുമ്പ് അതായത് 2024 മെയ് മാസത്തില്‍ ബ്രെസയുടെ വില്‍പ്പന 14,166 യൂണിറ്റായിരുന്നു.ഈ വില്‍പ്പന പട്ടികയില്‍ മാരുതി സുസുക്കി ഫ്രോങ്ക്‌സ് രണ്ടാം സ്ഥാനത്തെത്തി. ഈ കാലയളവില്‍ മാരുതി സുസുക്കി ആകെ 13,584 യൂണിറ്റ് ഫ്രോങ്ക്‌സ് എസ്‌യുവികള്‍ വിറ്റു. 7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ഈ ക്രോസ്ഓവര്‍ എസ്‌യുവി നേടിയത്.
ഈ വില്‍പ്പന പട്ടികയില്‍ ടാറ്റ പഞ്ച് മൂന്നാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ പഞ്ച് ആകെ 13,133 യൂണിറ്റ് എസ്‌യുവികള്‍ വിറ്റു. വാര്‍ഷിക വളര്‍ച്ച 31 ശതമാനമാണ്. കഴിഞ്ഞ കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആയിരുന്ന പഞ്ചിന്റെ ഡിമാന്‍ഡ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇടിഞ്ഞ് കൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ മികച്ച സബ് കോംപാക്ട് എസ്‌യുവികളുടെ പട്ടികയില്‍ ടാറ്റ നെക്സോണ്‍ നാലാം സ്ഥാനത്താണ്. ഈ കാലയളവില്‍ ടാറ്റ നെക്സോണ്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 13,096 യൂണിറ്റുകള്‍ വിറ്റു. ബ്രെസയുടെയും നെക്‌സോണിന്റെയും നേരിട്ടുള്ള എതിരാളിയായ കിയ സോനെറ്റ് വില്‍പ്പന പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ മാസം കൊറിയന്‍ എസ്‌യുവിക്ക് 8,054 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 8 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കാനും ഈ മോഡലിന് സാധിച്ചു.
പ്രമുഖ ആഭ്യന്തര വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ XUV 3XO ഈ വില്‍പ്പന പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട്. മഹീന്ദ്ര XUV 3X0 ഈ കാലയളവില്‍ ആകെ 7,952 യൂണിറ്റ് വില്‍പ്പന നേടി. എന്നാല്‍ 12 മാസം മുമ്പ് 2024 മെയ് മാസത്തില്‍ നേടിയ വില്‍പ്പനയെ അപേക്ഷിച്ച് 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
| മോഡൽ | മെയ് 2025 വിൽപ്പന | മെയ് 2024 വിൽപ്പന |
| 1. മാരുതി സുസുക്കി ബ്രെസ (10%) | 15,566 | 14,166 |
| 2. മാരുതി സുസുക്കി ഫ്രോങ്ക്സ് (7%) | 13,584 | 12,681 |
| 3. ടാറ്റ പഞ്ച് (-31 %) | 13,133 | 18,949 |
| 4. ടാറ്റ നെക്‌സോൺ (14% ) | 13,096 | 11,457 |
| 5. കിയ സോനെറ്റ് (8%) | 8,054 | 7,433 |
| 6. മഹീന്ദ്ര XUV 3XO (-20% ) | 7,952 | 10,000 |
| 7. ഹ്യുണ്ടായി വെന്യു (-19%) | 7,520 | 9,327 |
| 8. ഹ്യുണ്ടായി എക്സ്റ്റർ (-23%) | 5,899 | 7,697 |
| 9. സ്കോഡ കൈലാക്ക് | 4,949 | - |
| 10. കിയ സിറോസ് | 3,611 | - |
ഹ്യുണ്ടായിയുടെ വെന്യു പട്ടികയില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കി. ഹ്യുണ്ടായി മോഡല്‍ 19 ശതമാനം വാര്‍ഷിക ഇടിവോടെ 7,520 യൂണിറ്റ് വില്‍പ്പന നേടി. പഞ്ചിന്റെ നേരിട്ടുള്ള എതിരാളിയായ ഹ്യുണ്ടായി എക്‌സ്റ്റര്‍ പട്ടികയില്‍ എട്ടാമതുണ്ട്. 2025 മെയ് മാസം 5,899 ഉപഭോക്താക്കളാണ് എക്‌സ്റ്റര്‍ വാങ്ങാനായി ഹ്യുണ്ടായി ഷോറൂമില്‍ എത്തിയത്. എന്നാല്‍ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ എസ്‌യുവിയുടെ വില്‍പ്പനയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പന 23 ശതമാനം ഇടിഞ്ഞു.
ഈ വര്‍ഷം പുറത്തിറങ്ങിയ രണ്ട് മോഡലുകളാണ് ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍. 4949 യൂണിറ്റ് വില്‍പ്പനയുമായി സ്‌കോഡ കൈലാക്കും 3611 യൂണിറ്റ് വില്‍പ്പനയുമായ കിയ സിറോസും പട്ടിക പൂര്‍ത്തിയാക്കുന്നു. കഴിഞ്ഞ വര്‍ഷം ഇവ വില്‍പ്പനയില്‍ ഇല്ലാത്തതിനാല്‍ താരതമ്യം ചെയ്യുക സാധ്യമല്ല. ഏതായാലും അത്യന്ത്യം മത്സരം നിറഞ്ഞ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ പുതിയ മോഡലുകള്‍ കൂടി വന്നതോടെ പൊടിപാറുന്ന പോരാട്ടമാണ്.

എന്നിരുന്നാലും മുന്‍പന്തിയില്‍ പഴയ പടക്കുതിരകള്‍ തന്നെയാണ്. പുത്തന്‍ മോഡലുകളുടെ വരവോടെ അല്‍പ്പം പിന്നാക്കം പോയെങ്കിലും പഞ്ച്, വെന്യു അടക്കമുള്ള മോഡലുകള്‍ അപ്‌ഡേറ്റഡ് പതിപ്പുകള്‍ കൊണ്ട് വന്ന് വീണ്ടും സെയില്‍സ് ചാര്‍ട്ടുകള്‍ വിറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഇതില്‍ തന്നെ ഒന്നിലേറെ മോഡലുകളുടെ ഇലക്ട്രിക് പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അത് ആ കാറുകളുടെ വില്‍പ്പന ഉയര്‍ത്തും.


Click it and Unblock the Notifications








