ഇന്ത്യന്‍ വാഹനവിപണി മാറ്റിമറിച്ച 10 കാറുകള്‍ ഏതൊക്കെ? ചാറ്റ് ജിപിടി നല്‍കിയ ഉത്തരം ഇതാണ്...
രാജ്യം ഇന്ന് സ്വതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇറക്കുമതി കിറ്റുകളില്‍ നിന്ന് ലൈസന്‍സ് രാജ് നിയന്ത്രണങ്ങളിലൂടെ കടന്നുവന്ന് ഫീച്ചര്‍ സമ്പന്നമായ എസ്‌യുവികളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമായി വളര്‍ന്ന ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ഇന്‍ഡസ്ട്രിയുടെ അത്ഭുതകരമായ യാത്ര ഈ സമയം നാം വിസ്മരിക്കേണ്ടിയിരിക്കുന്നു. ഈ പ്രയാണത്തില്‍ ചില കാറുകള്‍ വെറും വില്‍പ്പന സംഖ്യകളില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ രാജ്യത്തിന്റെ ഡ്രൈവിംഗ് രീതികളെയും സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും പുനര്‍നിര്‍വചിച്ചു. ഇന്ന് എന്തിനും ഏതിനും നാം ചാറ്റ്ജിപിടിയിലാണെല്ലോ തിരയാറ്. ചാറ്റ്ജിപിടി പറയുന്നത് അനുസരിച്ച് ഇന്ത്യന്‍ വാഹന രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്ന 10 ഐക്കണിക് കാറുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നമ്മള്‍ പറയാന്‍ പോകുന്നത്.
1. ഹിന്ദുസ്ഥാന്‍ അംബാസഡര്‍ (1958): ഹിന്ദുസ്ഥാന്‍ അംബാസഡര്‍ എന്നത് വെറുമൊരു കാര്‍ എന്നതിലുപരി ഒരു സ്റ്റാറ്റസ് സിംബല്‍ എന്നതിനൊപ്പം അധികാരം, കരുത്ത് എന്നിവയുടെയെല്ലാം പ്രതീകമായി പതിറ്റാണ്ടുകളോളം നിലകൊണ്ടു. മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ് III അടിസ്ഥാനമാക്കി 1958-ല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയ ഈ വാഹനം രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ടാക്സിക്കാര്‍ എന്നിവയുടെയെല്ലാം പ്രിയ വാഹനമായി മാറി.

അഞ്ച് പതിറ്റാണ്ടുകളിലധികം ഉത്പാദനത്തിലുണ്ടായിരുന്ന ഈ വാഹനം ഇന്ത്യന്‍ റോഡുകളിലെ വെല്ലുവിളികളെ നിഷ്പ്രയാസം നേരിട്ടു. 'അംബി' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഇത് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തില്‍ ഇന്നും മായാതെ നില്‍ക്കുന്നു. അധികം വൈകാതെ അംബാസഡര്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരുമെന്ന് റിപ്പോര്‍ട്ടുകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേ ആയി. എന്നാല്‍ അംബാസഡര്‍ ഇലക്ട്രിക് അവതാരത്തില്‍ പുനര്‍ജന്മമെടുക്കാന്‍ പോകുന്ന കാര്യത്തില്‍ പുത്തന്‍ അപ്‌ഡേറ്റുകള്‍ ഒന്നും തന്നെയില്ല.
2. മാരുതി 800 (1983): താങ്ങാനാവുന്ന വിലയില്‍ ആധുനിക എഞ്ചിനീയറിംഗ്, വിശ്വാസ്യത, ഇന്ധനക്ഷമത എന്നിവ നല്‍കി ഇന്ത്യയിലെ ഇടത്തരക്കാരെ കാറിന്റെ സ്റ്റിയറിംഗ് പിടിക്കാന്‍ പഠിപ്പിച്ചത് മാരുതി 800 ആണ്. 1983-ല്‍ പുറത്തിറക്കിയ ഈ വാഹനം 796 സിസി എഞ്ചിനുമായാണ് എത്തിയത്. ഇത് എളുപ്പത്തില്‍ ഓടിക്കാനും പരിപാലിക്കാനും പാര്‍ക്ക് ചെയ്യാനും സാധിക്കുമായിരുന്നു. സുസുക്കി എന്ന ജാപ്പനീസ് ബ്രാന്‍ഡിനെ ഇന്ത്യക്കാരുടെ മനസ്സില്‍ ചിരകാല പ്രതിഷ്ഠ നേടിക്കൊടുത്ത കാര്‍ കൂടിയായിരുന്നു ഇത്.

ഇന്ത്യക്കാരെ സംബന്ധിച്ച് മാരുതി 800 വെറുമൊരു കാര്‍ അല്ലെന്ന് തന്നെ പറയാം. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളുടെ കാര്‍ എന്ന സ്വപ്‌നം പൂവണിയിച്ച ഒരു മോഡല്‍ ആയിരുന്നു അത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായിരുന്ന മാരുതി 800 മോഡലിന്റെ 2.5 ദശലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിഞ്ഞു. ഇന്ത്യന്‍ വാഹന വിപണിയുടെ ചരിത്രമെടുത്താല്‍ അനിഷേധ്യമായ ഒരു ഏടായി ഈ കുഞ്ഞന്‍ കാര്‍ നിലകൊള്ളുന്നു.
3. ടാറ്റ ഇന്‍ഡിക്ക (1998): 1998-ല്‍ പുറത്തിറങ്ങിയ ടാറ്റ ഇന്‍ഡിക്കയാണ് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ പാസഞ്ചര്‍ കാര്‍. വിശാലമായ ഇന്റീരിയറുകള്‍, ഇന്ധനക്ഷമതയുള്ള ഡീസല്‍ എഞ്ചിനുകള്‍, മത്സരാധിഷ്ഠിതമായ വില എന്നിവ ഇന്‍ഡിക്കയെ ഹിറ്റാക്കി മാറ്റി. ആദ്യകാലങ്ങളില്‍ ചില ക്വാളിറ്റി പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും, ഇന്ത്യക്ക് സ്വന്തമായി കാറുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനും കഴിയുമെന്നതിന്റെ തെളിവായിരുന്നു ടാറ്റ ഇന്‍ഡിക്ക.

4. ഹ്യുണ്ടായി സാന്‍ട്രോ (1998): ഇന്‍ഡിക്ക പുറത്തിറങ്ങിയ അതേ വര്‍ഷം ഹ്യുണ്ടായി സാന്‍ട്രോയിലൂടെ മറ്റൊരു വിപ്ലവത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 'ടോള്‍-ബോയ്' ഹാച്ച് ഡിസൈന്‍, മികച്ച പ്രകടനം, ഇന്റീരിയറുകള്‍ എന്നിവയുമായി ഇത് മാരുതി ആധിപത്യം പുലര്‍ത്തിപ്പോന്ന വിപണിക്ക് പുത്തന്‍ ഉണര്‍വേകി. ഷാരൂഖ് ഖാനെ മുഖമാക്കി ഹ്യുണ്ടായി നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി സാന്‍ട്രോയെ ഇന്ത്യക്കാര്‍ക്ക് സുപരിചിതമാക്കി. ആഗോള നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കും വില്‍പ്പനാനന്തര സേവനങ്ങള്‍ക്കും സാന്‍ട്രോയുടെ വരവ് വഴി തുറന്നതോടെ എതിരാളികളും നിലവാരം ഉയര്‍ത്തി.
5. ഹോണ്ട സിറ്റി (1998): തൊണ്ണൂറുകളുടെ അവസാനത്തിലും 2000-ന്റെ തുടക്കത്തിലും അര്‍ബന്‍ പ്രൊഫഷണലുകളുടെ അഭിലാഷമായിരുന്നു ഹോണ്ട സിറ്റി. അതിന്റെ മികച്ച പെട്രോള്‍ എഞ്ചിനുകള്‍, മികച്ച ഗിയര്‍ബോക്സുകള്‍, ഡ്രൈവര്‍ ഫോക്കസ്ഡ് ഡൈനാമിക്സ് എന്നിവ റോഡില്‍ മികച്ച അനുഭവം നല്‍കി. നിലവാരത്തിനും സ്റ്റൈലിനും പ്രകടനത്തിനും വേണ്ടി ഇന്ത്യക്കാര്‍ കൂടുതല്‍ പണം മുടക്കാന്‍ തയറാണെന്ന് തെളിയിച്ച സിറ്റി പ്രീമിയം സെഡാന്‍ സെഗ്‌മെന്റ് പുനര്‍നിര്‍വചിച്ചു. രണ്ടര പതിറ്റാണ്ടിനു ശേഷവും ഹോണ്ട സിറ്റിക്ക് രാജ്യത്ത് വലിയ ഫാന്‍ബേസുണ്ട്.

6. മഹീന്ദ്ര സ്‌കോര്‍പിയോ (2002): 2000-ന്റെ തുടക്കം വരെ കരുത്തുറ്റ ജീപ്പുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും പേരിലായിരുന്നു മഹീന്ദ്ര അറിയപ്പെട്ടിരുന്നത്. എന്നാല്‍ സ്‌കോര്‍പിയോയുടെ വരവോടെ എല്ലാം മാറിമറിഞ്ഞു. 2002-ല്‍ പുറത്തിറക്കിയ സ്‌കോര്‍പിയോ ആണ് പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആദ്യത്തെ എസ്‌യുവി. സ്‌കോര്‍പിയോയുടെ വിജയത്തോടെ മഹീന്ദ്ര ഒരു ആഗോള എസ്‌യുവി ബ്രാന്‍ഡായി വളര്‍ന്നു. ഇന്നും സ്‌കോര്‍പിയോ ക്ലാസിക്, സ്‌കോര്‍പിയോ N എന്നീ മോഡലുകളിലൂടെ പ്രതിമാസം പതിനായിരക്കണക്കിന് യൂണിറ്റുകളുടെ വില്‍പ്പനയാണ് മഹീന്ദ്ര നേടുന്നത്.
7. ടൊയോട്ട ഇന്നോവ (2005): ജനപ്രിയ മോഡലായ ക്വാളിസ് നിര്‍ത്തി 2005-ല്‍ ടൊയോട്ട പകരക്കാരനായി ഇന്നോവ പുറത്തിറക്കിയപ്പോള്‍ നെറ്റിചുളിച്ചവര്‍ നിരവധിയുണ്ട്. അല്‍പ്പം കൂടി പ്രീമിയമായി വരുന്ന എംപിവി ഇന്ത്യക്കാര്‍ സ്വീകരിക്കുമോ എന്നായിരുന്നു സംശയം. എന്നാല്‍ അവയ്ക്ക് അല്‍പ്പം മാത്രമായിരുന്നു ആയുസ്സ്. ടൊയോട്ടയുടെ വിശ്വസനീയതക്കൊപ്പം മികച്ച യാത്രാ സുഖം പ്രീമിയം ഫീച്ചറുകള്‍ വിശാലമായ അകത്തളം എന്നിവ ഇന്നോവയുടെ സവിശേഷതകളാണ്.
ദൂരയാത്രകള്‍ക്ക് മികച്ച ചോയ്‌സാണ് ഇന്നോവ മാറി. ഇന്നും വളരെ കുറഞ്ഞ എംപിവികള്‍ക്ക് മാത്രമേ ഇന്നോവയുടെ വിശ്വാസ്യതയും സൗകര്യവും നല്‍കാന്‍ കഴിയുന്നുള്ളൂ. വ്യക്തിഗത ഉപയോഗത്തിന് മാത്രമല്ല ടാക്‌സിക്കാര്‍ക്കിടയിലും ഇന്നോവ പോപ്പുലറാണ്. അതിന് തെളിവാണ് പുതുതലമുറ മോഡല്‍ ആയ ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എംപിവി പുറത്തിറങ്ങിയിട്ടും ഡീസല്‍ പവര്‍ട്രെയിനുമായി ഇന്നോവ ക്രിസ്റ്റ വിപണിയില്‍ നിലനിര്‍ത്താന്‍ കാരണം.
8. മാരുതി സ്വിഫ്റ്റ് (2005): ഹാച്ച്ബാക്ക് വിഭാഗത്തിലെ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ച് കൊണ്ട് 2005-ലാണ് മാരുതി സ്വിഫ്റ്റ് പുറത്തിറങ്ങിയത്. സ്പോര്‍ട്ടി സ്റ്റൈലിംഗ്, യുവത്വം തുളുമ്പുന്ന ഭാവം, മികച്ച പ്രകടനം എന്നിവ ഒരു ഫാമിലി കാറിന്റെ തൊട്ട്മുകളില്‍ നില്‍ക്കുന്ന ഒന്ന് തേടിക്കൊണ്ടിരുന്ന യൂത്തിനെ ആകര്‍ഷിച്ചു. അതിന്റെ റാലി പാരമ്പര്യവും ഫണ്‍ ടു ഡ്രൈവ് സ്വഭാവവും ആധുനിക ക്ലാസിക് എന്ന പദവി ഉറപ്പിച്ചു. ഇന്ന് നാലാം തലമുറയിലെത്തി നില്‍ക്കുമ്പോഴും രാജ്യത്തെ ടോപ് 10 കാറുകളുടെ പട്ടികയിലെ സ്ഥിരം അംഗമാണ് സ്വിഫ്റ്റ്.

9. ടാറ്റ നാനോ (2008): 1 ലക്ഷം മാത്രം വിലയുള്ള 'ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാര്‍' എന്ന വിശേഷണവുമായണ് നാനോ എത്തിയത്. സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കുടുംബങ്ങളെ കാറിലേക്ക് മാറ്റാനായി രത്തന്‍ ടാറ്റയുടെ മനസ്സില്‍ വിരിഞ്ഞ ആശയമാണ് നാനോ. ചെലവ് കുറഞ്ഞ എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍ അത്ഭുതമായിരുന്നുവെങ്കിലും 'ചീപ്പ്' കാര്‍ എന്ന തരത്തിലുള്ള മാര്‍ക്കറ്റിംഗും സുരക്ഷ പ്രശ്‌നങ്ങളും വിപണിയില്‍ തിരിച്ചടിയായി. വാണിജ്യപരമായി വെല്ലുവിളികള്‍ നേരിട്ടെങ്കിലും ടാറ്റയുടെ ധീരമായ കാഴ്ചപ്പാടില്‍ പിറന്ന നാനോ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ചരിത്രത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്.
10. കിയ സെല്‍റ്റോസ് (2019): 2019-ലായിരുന്നു സെല്‍റ്റോസിന്റെ കൈപിടിച്ച് കൊറിയക്കാരായ കിയ ഇന്ത്യയിലെത്തിയത്. രാജ്യത്ത് ഫീച്ചര്‍ സമ്പന്നമായ ഹൈ-ടെക് എസ്‌യുവി യുഗത്തിന് തുടക്കമിട്ടത് സെല്‍റ്റോസ് ആണെന്ന് പറയാം. കണക്റ്റഡ് കാര്‍ ടെക്നോളജി, വലിയ ടച്ച്‌സ്‌ക്രീനുകള്‍, പ്രീമിയം ഇന്റീരിയറുകള്‍, മികച്ച സ്റ്റൈലിംഗ് എന്നിവയുമായി എത്തിയ സെല്‍റ്റോസ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ പുത്തന്‍ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. സെല്‍റ്റോസ് വിജയത്തുടക്കമിട്ടതോടെ കിയ അതിവേഗം രാജ്യത്ത് വേരൂന്നുകയും ടോപ് 5 കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി മാറുന്നതും നാം കണ്ടു.


Click it and Unblock the Notifications








