ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള ഡീസല്‍ എസ്‌യുവികള്‍! ഓടിക്കാനും രസം, അധികം എണ്ണ പൈസയുമാകില്ല
കേന്ദ്ര സര്‍ക്കാര്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതോടെ മാരുതി സുസുക്കിയെ പോലെ ചില വമ്പന്‍ ബ്രാന്‍ഡുകള്‍ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കിയിരുന്നു. എന്നിരുന്നാലും ഇപ്പോഴും ഡീസല്‍ കാറുകള്‍ക്ക് തരക്കേടില്ലാത്ത ഫാന്‍ബേസ് ഇന്ത്യയിലുണ്ട്. ഡീസല്‍ എഞ്ചിന്റെ പെര്‍ഫോമന്‍സും മൈലേജും തന്നെയാണ് അവയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ഇന്ത്യയിലെ ഓട്ടോമോട്ടീവ് വിപണിയില്‍ ഡീസല്‍ ഓപ്ഷനുകള്‍ ക്രമേണ കുറഞ്ഞുവരികയാണ്. എന്നിരുന്നാലും എസ്‌യുവി വിഭാഗത്തില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് കുറച്ച് മികച്ച മോഡലുകള്‍ കണ്ടെത്താനാകും. ഒരു ഡീസല്‍ കാര്‍ പ്രേമിയാണെങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്.
ഇന്ത്യയില്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്ന പത്ത് ഡീസല്‍ എസ്‌യുവികള്‍ ഞങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര, കിയ, ജീപ്പ് എന്നീ ബ്രാന്‍ഡുകളില്‍ നിന്നുള്ള മോഡലുകള്‍ ആണ് അവ. രാജ്യത്ത് നിലവില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് തരുന്ന ഡീസല്‍ എസ്‌യുവികള്‍ ഏതൊക്കെയാണെന്ന് നമുക്ക് വിശദമായി ചുവടെ വായിക്കാം. കുറഞ്ഞ വിലയിൽ നിന്ന് കൂടിയ വിലയിലേക്ക് എന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്.

ഹ്യുണ്ടായി വെന്യു: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി പുറത്തിറക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവിയാണ് വെന്യു. എസ്‌യുവിയില്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 116 PS പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു.
ഡീസല്‍ പവര്‍ഡ് വെന്യുവില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരേയൊരു ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ മാനുവല്‍ ആണ്. സബ് കോംപാക്ട് എസ്‌യുവി ഡീസല്‍-മാനുവല്‍ കോംബിനേഷനില്‍ ലിറ്ററിന് 24.20 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഹ്യുണ്ടായി വെന്യു എസ്‌യുവിയുടെ വില 7.94 ലക്ഷം രൂപ മുതല്‍ 13.62 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലകളാണ് ഇത്.
മഹീന്ദ്ര XUV 3XO: സബ് 4 മീറ്റര്‍ എസ്‌യുവിയായ മഹീന്ദ്ര XUV 3XO 117 PS പവര്‍ നല്‍കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായാണ് പുറത്തിറങ്ങുന്നത്. ഈ മോട്ടോര്‍ മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 20.60 കിലോമീറ്ററും 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടൊപ്പം 21.20 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. എസ്‌യുവിയുടെ വില 7.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 15.57 ലക്ഷം രൂപ വരെ പോകുന്നു.
കിയ സോനെറ്റ്: വെന്യുവിന്റെ കസിന്‍ ആയ കിയ സോനെറ്റിനും അതേ 116 PS ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. എന്നാല്‍ ക്ലെയിംഡ് മൈലേജില്‍ നേരിയ മാറ്റമുണ്ട്. സോനെറ്റ് ഡീസല്‍ ലിറ്ററിന് 24.10 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. വെന്യുവില്‍ നിന്ന് വ്യത്യസ്തമായി സോനെറ്റ് 6-സ്പീഡ് മാനുവല്‍ കൂടാതെ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും ലഭ്യമാണ്. സോനെറ്റിന്റെ എക്‌സ്‌ഷോറൂം വില 8 ലക്ഷം മുതല്‍ 15.60 ലക്ഷം രൂപ വരെയാണ്.

ടാറ്റ നെക്‌സോണ്‍: 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമായാണ് നെക്‌സോണ്‍ എസ്‌യുവി വരുന്നത്. നെക്‌സണിലെ 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 113 PS പവറും 260 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുമ്പോള്‍ 24.08 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മൈലേജ് അല്‍പ്പം കൂടുതലാണ്. നെക്‌സേണിന്റെ എക്‌സ്‌ഷോറൂം വില 8 ലക്ഷം രൂപ മുതല്‍ 15.60 ലക്ഷം രൂപ വരെ പോകുന്നു.
കിയ സിറോസ്: കിയയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ സിറോസിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുണ്ട്. 116 PS പവറും 250 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഇതിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിറോസ് ഡീസല്‍ മാനുവല്‍ ട്രാന്‍സ്മിഷന്റെ കൂടെ ലിറ്ററിന് 20.75 കിലോമീറ്ററും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം 17.65 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. 9 ലക്ഷം മുതല്‍ 17.80 ലക്ഷം രൂപ വരെയാണ് വില.

മഹീന്ദ്ര ബൊലേറോ നിയോ: 100 PS പവറും 260 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാല്‍ മഹീന്ദ്ര ബൊലേറോ നിയോക്ക് തുടിപ്പേകുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ഡീസല്‍ പവര്‍ഡ് ബൊലേറോ നിയോ വില്‍ക്കുന്നത്. മഹീന്ദ്ര ബൊലേറോ നിയോ ലിറ്ററിന് 17.29 കിലോമീറ്റര്‍ മാന്യമായ മൈലേജ് നല്‍കുന്നു. ബൊലേറോ നിയോയുടെ വില 9.95 ലക്ഷം മുതല്‍ 12.15 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം).
ഹ്യുണ്ടായി ക്രെറ്റ: വെന്യുവിലെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കൊറിയന്‍ കമ്പനി മിഡ്‌സൈസ് എസ്‌യുവിയായ ക്രെറ്റയിലും വാഗ്ദാനം ചെയ്യുന്നു. ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം വരുമ്പോള്‍ ലിറ്ററിന് 21.80 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. അതേസമയം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലിറ്ററിന് 19.10 കിലോമീറ്റര്‍ മൈലേജ് ആണ് അവകാശപ്പെടുന്നത്. 11.11 ലക്ഷം മുതല്‍ 20.50 ലക്ഷം രൂപ വരെയാണ് ക്രെറ്റയുടെ എക്‌സ്-ഷോറൂം വില.

കിയ സെല്‍റ്റോസ്: 116 PS പവറും 250 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് സെല്‍റ്റോസിലും കിയ വാഗ്ദാനം ചെയ്യുന്നത്. സെല്‍റ്റോസ് ഡീസല്‍ വേരിയന്റുകളില്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ ചോയ്‌സുകള്‍ വരുന്നു. മാനുവല്‍ വേരിയന്റുകള്‍ ലിറ്ററിന് 20.7 കിലോമീറ്ററും ഓട്ടോമാറ്റിക് ലിറ്ററിന് 19.1 കിലോമീറ്ററും മൈലേജ് വാഗ്ദാനം ചെയ്യുന്നു. വില 11.13 ലക്ഷം മുതല്‍ 20.51 ലക്ഷം രൂപ വരെയാണ്. എക്‌സ്-ഷോറൂം വിലയാണിത്.
ഹ്യുണ്ടായി അല്‍കസാര്‍: 116 PS 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുമായാണ് ക്രെറ്റയുടെ മൂത്ത ചേട്ടനായ അല്‍കസാര്‍ വരുന്നത്. മാനുവല്‍ ഗിയര്‍ബോക്‌സ് തിരഞ്ഞെടുക്കുമ്പോള്‍ അല്‍കസാര്‍ ഡീസല്‍ ലിറ്ററിന് 20.4 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം ലിറ്ററിന് 18.1 കിലോമീറ്ററാണ് അല്‍കസാര്‍ ഡീസലിന്റെ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഇന്ധനക്ഷമത പറയുന്നത്. അല്‍കാസറിന്റെ വില 14.99 ലക്ഷം മുതല്‍ 21.70 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം).
ജീപ്പ് കോമ്പസ്: പട്ടികയില്‍ ഏറ്റവും അവസാനം സ്ഥാനം പിടിച്ചിരിക്കുന്നത് അമേരിക്കന്‍ കമ്പനിയായ ജീപ്പിന്റെ എസ്‌യുവിയാണ്. 170 bhp പവറും 350 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ജീപ്പ് കോമ്പസിന്റെ ഹൃദയം. മിഡ്-സൈസ് എസ്‌യുവി ലിറ്ററിന് 17.10 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. വില 18.99 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 32.41 ലക്ഷം രൂപ വരെ ഉയരുന്നു. എക്‌സ്-ഷോറൂം വിലകളാണ് ഇത്.
ഈ ഡീസല്‍ എസ്‌യുവികളില്‍ ഓരോന്നും പ്രകടനം, കാര്യക്ഷമത, മൂല്യം എന്നിവയുടെ സവിശേഷമായ സംയോജനം കൊണ്ടുവരുന്നു. ഇന്ധനക്ഷമത, പവര്‍ അല്ലെങ്കില്‍ രണ്ടിന്റെയും സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഓപ്ഷനുകളാണ് നമ്മള്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. മുകളില്‍ ലിസ്റ്റുചെയ്തിരിക്കുന്ന എസ്‌യുവികളില്‍ ഏതാണ് നിങ്ങള്‍ ഇഷ്ടപ്പെട്ടത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications








