KSEB-യുടെ ഉറക്കം തൂങ്ങി ചാർജിങ്ങ് സ്റ്റേഷനുകളൊക്കെ ഇനി പഴങ്കഥ! 12 അതിവേഗ ചാർജിങ്ങ് ഹബ്ബുകളെത്തുന്നു
വീടുകളിൽ ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും ഇന്നും ഇവി വാങ്ങുമ്പോൾ രണ്ട് തവണ ചിന്തിക്കുന്നവരാണ് മലയാളികൾ. ഫുൾ ചാർജിൽ പുറത്തേക്ക് ഇറങ്ങുമ്പോഴും റേഞ്ചിനെ കുറിച്ചുള്ള ആശങ്ക എപ്പോഴും മനസിൽ കാണും. എന്നാൽ ഇനി കേരളത്തിലെവിടേയും ഇവികളുമായി ധൈര്യമായി കറങ്ങാൻ ഇറങ്ങാം. കേന്ദ്ര ഘന വ്യവസായ കേന്ദ്രത്തിൻ്റെ പദ്ധതിയിൽ കേരളത്തിൽ കെഎസ്ഇബി നോഡൽ ഏജൻസിയായി പ്രവർത്തിച്ചു കൊണ്ട് 12 അതിവേഗ ചാർജിങ്ങ് ഹബ്ബുകൾ ആരംഭിക്കുകയാണ്. 155 കോടി മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കാൻ കെഎസ്ഇബി പദ്ധതി സമർപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വൈദ്യുതി ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യം ഹബ്ബുകൾ ആരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
നിലവിൽ 60 കിലോവാട്ട് ശേഷിയുള്ള ചാർജിങ്ങ് സ്റ്റേഷനുകളെല്ലാം തന്നെ 240 കിലോവാട്ടായി ഉയർത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ കെഎസ്ഇബിയുടെ പല ചാർജിങ്ങ് സ്റ്റേഷനുകളിലും പുതിയ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സാധിക്കുന്നില്ല എന്ന് വലിയ തോതിലുളള പരാതികൾ ഉയർന്ന് വന്നിരുന്നു. ഇനി എന്തായാലും ആമയെ പോലെ ഇഴയുന്ന ചാർജിങ്ങ് സ്റ്റേഷനുകളൊക്കെ ഹൈടെക്കാകുമെന്ന കാര്യത്തിൽ സംശയമില്ല.

കേരളത്തിൽ ആകെ മൊത്തം രണ്ട് ലക്ഷത്തിന് മുകളിൽ ഇലക്ട്രിക് വാഹനങ്ങളാണുളളതെന്നാണ് കണക്കുകൾ. എന്നാൽ വീടുകളിൽ ചാർജ് ചെയ്തതിന് ശേഷം ഒരു ലോങ്ങ് റൂട്ട് പോകണമെങ്കിൽ പലരും ഇന്ന് മടിക്കുകയാണ്. 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും അതിനൊപ്പം തന്നെ 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും കെഎസ്ഇബി സ്ഥാപിച്ചിരുന്നു.
എന്നാൽ പ്രധാന പ്രശ്നമായി ഉയർന്ന് വരുന്നത്. പുതിയ വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്രാപ്തമല്ല എന്നതാണ്. 2023 വരെയുളള വാഹനങ്ങൾ ചാർജ് ചെയ്യാൻ മാത്രമേ കെഎസ്ഇബിയുടെ ചാർജിങ്ങ് സ്റ്റേഷനുകളിൽ സാധിക്കു. 2023 ന് ശേഷമുളള വാഹനങ്ങളുടെ ബാറ്ററി ശേഷി വർധിച്ചത് കൊണ്ട് അതിന് തക്കതായ സൗകര്യമുള്ള സ്റ്റേഷനുകളില്ല എന്നതാണ് ഉപഭോക്താക്കളുടെ ആശങ്കയുടെ പ്രധാന കാര്യം.

നിങ്ങളൊരു ഇവി ഉപഭോക്താവാണെങ്കിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധയിൽ വയ്ക്കണം. നിങ്ങളുടെ ഇലക്ട്രിക് വാഹനവുമായി ഒരു നീണ്ട യാത്ര പോവുകയാണെങ്കിൽ കാർ ചാർജ് ചെയ്യാനാവുന്ന സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനനുസരിച്ച് യാത്ര പ്ലാൻ ചെയ്യേണ്ടതും അത്യാവശ്യമാണ്. ചാർജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത അന്വേഷിക്കുകയും അതിനനുസരിച്ച് നിങ്ങളുടെ റൂട്ട് മാപ്പ് തയാറാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്.
സാധാരണ ചാർജിംഗ് പോയിന്റുകളെ അപേക്ഷിച്ച് ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾക്ക് നിങ്ങളുടെ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ സ്റ്റേഷനുകൾ ഉയർന്ന വോൾട്ടേജ് ലെവലുകൾ ഉപയോഗിക്കുന്നതിനാൽ, വേഗത്തിൽ ബാറ്ററി റീചാർജ് ചെയ്യാൻ സാധിക്കും. ദീർഘദൂര യാത്രകളിൽ പെട്ടെന്നുള്ള ടോപ്പ്-അപ്പുകൾക്കായി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തിനടുത്തോ പ്രധാന ഹൈവേകളിലോ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നോക്കുന്നതാവും ഉചിതം.
സമയത്തെ ആശ്രയിച്ച് വൈദ്യുതി നിരക്ക് പലപ്പോഴും വ്യത്യാസപ്പെടുമെന്ന കാര്യം പലർക്കും അറിവില്ലാത്ത ഒന്നാണ്. നിങ്ങളുടെ ഇവി ചാർജ് ചെയ്യുന്നതിനായുള്ള പണം ലാഭിക്കാൻ, വൈദ്യുതി നിരക്ക് സാധാരണയിലും കുറവുള്ളതും തിരക്കില്ലാത്തതുമായ സമയം പ്രയോജനപ്പെടുത്തുന്നത് പരിഗണിക്കാം. പല കമ്പനികളും ഈ സമയങ്ങളിൽ പ്രത്യേക താരിഫുകളോ കിഴിവുകളോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








