കിയ കുടുംബത്തിലെ സുന്ദരക്കുട്ടൻ; 2025 സെൽറ്റോസ് ഡിസംബറിൽ എത്തുമോ
കൊറിയൻ സുന്ദരൻമാർക്ക് അല്ലെങ്കിലും പെൺകുട്ടികൾക്കിടയിൽ ഫാൻസ് ധാരാളമാണല്ലോ. അത് പോലെ തന്നെ വാഹനലോകത്തെ കൊറിയൻ ബ്രാൻഡായ കിയയുടെ ലൈനപ്പിലെ എല്ലാ മോഡലുകൾക്കും ആവശ്യക്കാരേറെയാണ്. പ്രത്യേകിച്ച് കിയ സെൽറ്റോസിന്. 2019 -ൽ ഇന്ത്യൻ വിപണിയിൽ എത്തിയതിന് ശേഷം 2023-ലാണ് മുഖം മിനുക്കി മോഡൽ ഇറക്കിയത്. അതിന് ശേഷം പിന്നീട് പിടിച്ചാൽ കിട്ടാത്ത ഡിമാൻ്റായിരുന്നു മോഡലിന്. ഇപ്പോഴിതാ രണ്ട് വർഷങ്ങൾക്ക് ശേഷം അടിമുടി മാറ്റങ്ങളും പുത്തൻ ടെക്നോളജികളുമായി 2025 മോഡൽ സെൽറ്റോസ് ഡിസംബറിൽ എത്തുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോൾ തന്നെ രാജ്യത്ത് പലയിടത്തായി വാഹനം ടെസ്റ്റ് റൺ നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
വരാനിരിക്കുന്ന കിയ സെൽറ്റോസിൻ്റെ ഡിസൈനിലേക്ക് നോക്കിയാൽ രൂപകൽപ്പനയുടെ കാര്യത്തിൽ പുതുക്കിയ ഫ്രണ്ട്, റിയർ ലൈറ്റ് യൂണിറ്റുകൾ, പുതിയ അലോയ് വീലുകൾ എന്നിവ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. കിയയുടെ തന്നെ EV9, സിറോസ് എന്നിവയിൽ കാണുന്ന കിയയുടെ ഏറ്റവും പുതിയ 'ഓപ്പോസിറ്റ് യുണൈറ്റഡ്' ഡിസൈൻ തന്നെയാണ് രണ്ടാം തലമുറ സെൽറ്റോസിലും ലഭിക്കാൻ പോകുന്നത്.

ഹെഡ്‌ലൈറ്റ് യൂണിറ്റുകളെ ഫ്രെയിം ചെയ്യുന്നതിനായി സ്ലിം, ആംഗുലാർ ഡിആർഎല്ലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മധ്യഭാഗത്തായി കോൺകേവ് ഗ്രില്ലും ഫ്രണ്ട് ബമ്പറിലെ വെർട്ടിക്കൽ സ്ലാറ്റുകളും നിലവിലെ മോഡലിന് സമാനമാണെങ്കിലും ഫോഗ് ലൈറ്റ് ഹൗസിംഗുകൾ പുതിയതാണെന്നാണ് വിവരം. ടെയിൽലാമ്പുകളെ ബന്ധിപ്പിക്കുന്ന പുതിയ എൽഇഡി ലൈറ്റിംഗ് സ്ട്രിപ്പായിരിക്കും പിൻവശത്തെ മനോഹരമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ 18 ഇഞ്ച് അലോയ് വീലുകളും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും അടിപൊളിയായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. റീഡിസൈൻ ചെയ്‌ത ഡാഷ്ബോർഡ്, പുതിയ അപ്ഹോൾസ്റ്ററി, മോഡേൺ ഫീച്ചറുകൾ, കൂടുതൽ മെച്ചപ്പെടുത്തിയ സേഫ്റ്റി എന്നിവയെല്ലാം വരാനിരിക്കുന്ന പുത്തൻ കിയ സെൽറ്റോസിന് അകമ്പടിയേകും.

കിയ സെൽറ്റോസിന്റെ നിലവിലുള്ള 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ അതേപടി രണ്ടാംതലമുറയിലേക്കും പറിച്ചുനടാ തന്നെയാണ് കമ്പനിയുടെ തീരുമാനം. ഇതിനൊപ്പം തന്നെ ഹൈബ്രിഡ് എഞ്ചിനും മിഡ്-സൈസ് എസ്‌യുവിയിലേക്ക് വരുമെന്നതിനാൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങിയ മോഡലുകൾ മിക്കവാറും വിപണിയിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്. പുതുമോഡൽ വരുമ്പോൾ വില അൽപം കൂടി ഉയരാനും സാധ്യതയുണ്ട്. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സിട്രൺ എയർക്രോസ് തുടങ്ങിയ വമ്പൻമാരുമായിട്ടാവും തുടർന്നുള്ള മത്സരവും.
2025 ഒക്ടോബറിൽ കിയ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് കിയ. 29,556 യൂണിറ്റുകൾ വിതരണം ചെയ്തു കൊണ്ടാണ് കമ്പനിയിപ്പോൾ തിളങ്ങിനിൽക്കുന്നത്. ഇത് 2024 ഒക്ടോബറിൽ വിറ്റ 22,735 യൂണിറ്റുകളേക്കാൾ 30 ശതമാനം വാർഷിക വളർച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. കമ്പനിയുടെ ഇതുവരെയുള്ള ഇന്ത്യൻ യാത്രയിലെ ഏറ്റവും മികച്ച പ്രതിമാസ ഫലമാണിത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








