ക്ലച്ച് ചവിട്ടാതെ ഗിയര്‍മാറ്റാം, ഓട്ടോമാറ്റിക്കിന്റെ വിലയുമില്ല! കിയ ഡീസല്‍ കാറുകളില്‍ ഇനി iMT കിട്ടില്ല
ഇന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളാണ് കിയ. എസ്‌യുവി, എംപിവി സെഗ്‌മെന്റുകളിലായി ജനപ്രിയ ഉല്‍പ്പന്നങ്ങള്‍ അവര്‍ വിപണനം ചെയ്യുന്നു. കിയയില്‍ നിന്നുള്ള ഏറ്റവും പുതിയ എസ്‌യുവിയായ സിറോസിന്റെ വില പ്രഖ്യാപനം അടുത്ത മാസം നടക്കാന്‍ പോകുകയാണ്. അതിന് മുന്നോടിയായി തങ്ങളുടെ പോര്‍ട്‌ഫോളിയോയിലെ 3 ജനപ്രിയ കാറുകള്‍ക്ക് 2025 മോഡല്‍ ഇയര്‍ അപ്‌ഡേറ്റ് സമ്മാനിച്ചിരിക്കുകയാണ് കൊറിയന്‍ കമ്പനി. ക്ലച്ച് പെഡല്‍ ഉപയോഗിക്കാതെ ഡ്രൈവര്‍ക്ക് മാനുവല്‍ ട്രാന്‍സ്മിഷന്റെ കണ്‍ട്രോള്‍ നല്‍കുന്ന ഗിയര്‍ബോക്‌സാണ് ഐഎംടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍.
ഇന്ത്യയില്‍ സോനെറ്റ് സബ് കോംപാക്റ്റ് എസ്‌യുവി, സെല്‍റ്റോസ് മിഡ്സൈസ് എസ്‌യുവി, കാരെന്‍സ് എംപിവി എന്നിവയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ കിയ ഈ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡീസല്‍ വേരിയന്റുകളില്‍ നിന്ന് ഐഎംടി ഗിയര്‍ബോക്സ് നിര്‍ത്തലാക്കി. എന്നാല്‍ ടര്‍ബോചാര്‍ജ്ഡ് 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളില്‍ ഈ ട്രാന്‍സ്മിഷന്‍ ലഭ്യമാകും. ഇത് കൂടാതെ മുന്ന് കാറുകളില്‍ ചില വേരിയന്റുകള്‍ ചേര്‍ത്ത് ലൈനപ്പ് പുന:ക്രമീകരിച്ചിട്ടുണ്ട്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

ആദ്യം നമുക്ക് സോനെറ്റിനെ കുറിച്ച് നോക്കാം. സോനെറ്റിന്റെ മിഡ്-സ്‌പെക്ക് ഡീസല്‍-ഐഎംടി വേരിയന്റുകള്‍ കിയ നിര്‍ത്തലാക്കിലതിന് പകരം പുതിയ മിഡ്-സ്‌പെക്ക് HTK+ (O) വേരിയന്റ് ലൈനപ്പിലേക്ക് ചേര്‍ത്തിട്ടുണ്ട്. ഇത് പ്രീമിയം ഫീച്ചറുകള്‍ കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതാക്കുന്നു. നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ വേരിയന്റ് ലഭ്യമാണ്. ഇത് കൂടാതെ സോനെറ്റിന്റെ ഗ്രാവിറ്റി സ്‌പെഷ്യല്‍ എഡിഷനുകള്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കി.
2025 കിയ സോണെറ്റിന്റെ ബേസ് വേരിയന്റിന് നിലവില്‍ 8 ലക്ഷം രൂപയാണ് വില. ടോപ് സ്‌പെക് ട്രിമിന് 15.70 ലക്ഷം രൂപ മുടക്കണം. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3XOഹ്യുണ്ടായി വെന്യു, സ്‌കോഡ കൈലാക്, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് എന്നീ സബ് 4 മീറ്റര്‍ എസ്‌യുവികളോടാണ് സോനെറ്റ് ഏറ്റുമുട്ടുന്നത്. നിലവില്‍ കിയ ലൈനപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാര്‍ സോനെറ്റ് ആണ്.

ഡീസല്‍-iMT മിഡ്-സ്‌പെക് വേരിയന്റ് നിര്‍ത്തലാക്കുന്നതിന് പുറമേ 2025 സെല്‍റ്റോസിന് HTK(O), HTK+(O), HTX (O) എന്നീ മൂന്ന് പുതിയ വേരിയന്റുകള്‍ ലഭിക്കുന്നു. ഗ്രാവിറ്റി എഡിഷനൊപ്പം ടോപ് സ്‌പെക് GTX വേരിയന്റ് നിര്‍ത്തലാക്കി. മിഡ്‌സൈസ് എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ ട്രിമിന് 11.13 ലക്ഷം രൂപയാണ് വില. റേഞ്ച്-ടോപ്പിംഗ് മോഡലിന്റെ വില 20.51 ലക്ഷം രൂപ വരെ ഉയരും. ഡീസല്‍ iMT കോമ്പിനേഷന്‍ നീക്കിയതിന്റെ ഫലമായി HTX വേരിയന്റ് ഇനി ശ്രേണിയുടെ ഭാഗമാകില്ല.
സോനെറ്റിനെയും സെല്‍റ്റോസിനെയും പോലെ കാരെന്‍സിലെയും ഡീസല്‍-ഐഎംടി വേരിയന്റ് കിയ നിര്‍ത്തലാക്കി. എന്നിരുന്നാലും കാരെന്‍സ് ഗ്രാവിറ്റി പതിപ്പ് തുടര്‍ന്നും ലഭ്യമാകും. പക്ഷേ പെട്രോള്‍ iMT കോമ്പിനേഷന്‍ പരിമിതമായ ട്രിം ലെവലുകളിലാകും ലഭ്യമാകുക. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇപ്പോള്‍ പ്രസ്റ്റീജ് പ്ലസ് (O) വേരിയന്റില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

കൂടാതെ, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇണചേര്‍ത്തിരുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് X ലൈന്‍ ഗ്രേഡിനായി മാറ്റിവെച്ചിരിക്കുന്നു. കാരെന്‍സ് എംപിവിയുടെ വില ആരംഭിക്കുന്നത് 10.60 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക് വേരിയന്റിന് 19.70 ലക്ഷം രൂപ വരെയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. മാരുതി എര്‍ട്ടിഗ, മാരുതി XL6, ടൊയോട്ട റൂമിയോണ്‍, റെനോ ട്രൈബര്‍ എന്നിവയാണ് 7 സീറ്റര്‍ എംപവിയുടെ എതിരാളികള്‍.
മാനുവലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലോംഗ് ട്രിപ്പുകളിലും സ്റ്റോപ്പ്-ഗോ ട്രാഫിക്കില്‍ ഡ്രൈവിംഗും കുറച്ചുകൂടി സൗകര്യപ്രദമാക്കുന്ന ഒന്നാണ് ഐഎംടി ട്രാന്‍സ്മിഷന്‍. മാത്രമല്ല ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോള്‍ വില അല്‍പ്പം കുറവായതിനാലും ഇത് ജനപ്രിയമാകുമെന്ന് കരുതി. എന്നാല്‍ ഡീസല്‍ പവര്‍ട്രെയിനിനോടൊപ്പം ഈ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് കൊണ്ടായിരിക്കുമോ കിയ ഇത് നിര്‍ത്തലാക്കിയത്?. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായം കമന്റ് ബോക്‌സിലൂടെ പറയുമല്ലോ.


Click it and Unblock the Notifications








