അടിച്ചു മോനേ... ഇവികൾ വമ്പൻ ഡിസ്കൗണ്ടിൽ വിറ്റഴിക്കാൻ ടാറ്റ, വേഗം ഷോറൂമിലേക്ക് വിട്ടാലോ
ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ ആഗോള നിർമ്മാതാക്കളായി തിളങ്ങി നിൽക്കുന്ന ഒരു ബ്രാൻഡാണ് ടാറ്റ മോട്ടോർസ് (Tata Motors). ഇപ്പോഴിതാ അതിവേഗം വളരുന്ന വാഹന വിപണിയിലേക്ക് ടാറ്റ ഒരുഗ്രൻ കുതിച്ചുച്ചാട്ടത്തിന് ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ ഇവി പ്രേമികൾക്ക് ഈ നവംബർ മാസത്തിൽ കമ്പനി ഒരുക്കുന്നത് വമ്പൻ ഡിസ്കൌണ്ടുകളാണ്, ടാറ്റ തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ ഇലക്ട്രിക് കാറുകൾക്കാണ് ആകർഷകമായ ഓഫറുകൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. വാർത്തയുടെ കൂടുതൽ വിശദാംശമറിയാൻ തുടർന്ന് വായിച്ചോളൂ.
ടാറ്റ കർവ്വ്, ടിയാഗോ, പഞ്ച്, നെക്‌സോൺ എന്നീ ഇവി മോഡലുകളിലാണ് ഇപ്പോൾ ഡിസ്കൗണ്ടുകൾ ലഭ്യമാകുന്നത്. 1 ലക്ഷം രൂപയിലധികം ഡിസ്കൗണ്ടുകളാണ് ഈ പറഞ്ഞ മോഡലുകളിലെല്ലാം വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ നിന്ന് മാറി ചെലവ് കുറഞ്ഞ ഒരു ഇവി വാങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച അവസരം ഇതുതന്നെ ആയിരിക്കും. അതുകൊണ്ട് ഇടംവലം ചിന്തിക്കാതെ ഈ അവസരം മുതലാക്കാൻ ഷോറൂംമിലേക്ക് ഓടിക്കോളൂ.

ടാറ്റ കർവ്വ് ഇവി: ആകർഷകമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നതിൽ ആദ്യം വരുന്നത് കർവ്വ് ഇവിയാണ്. വാങ്ങാനെത്തുന്നവർക്ക് 1.30 ലക്ഷം രൂപ വരെയുള്ള ഓഫറുകൾ ആസ്വദിക്കാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. ഗ്രീൻ ബോണസുകൾ, പഴയ വാഹനങ്ങളുടെ എക്‌സ്‌ചേഞ്ച് അല്ലെങ്കിൽ സ്‌ക്രാപ്പേജ് ഓഫറുകൾ, കോർപ്പറേറ്റ്, തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം തന്നെ ഇതിൽ ഉൾപ്പെടുന്നുണ്ട്. കർവ്വ് ഇവിക്ക് ഏകദേശം 1 ലക്ഷം രൂപയോളം ഗ്രീൻ ബോണസും, ഏകദേശം 30,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.
കർവ്വ് ഇവിയുടെ വ്യത്യസ്ത വകഭേദങ്ങളിലും ഈ പ്രത്യേക ഓഫറുകൾ ബാധകമാണ്. 17.49 ലക്ഷം മുതൽ 22.24 ലക്ഷം വരെ വിലയുള്ള കർവ്വ് ഇവി, 45kWh, 55kWh എന്നീ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഇത് യഥാക്രമം 430 കിലോമീറ്ററും 502 കിലോമീറ്ററും MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ കർവ്വ് ഇവിയുടെ ഈ ഡിസ്കൗണ്ട് ഓഫറുകൾ മികച്ച പെർഫോമൻസുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് എസ്‌യുവി തിരയുന്നവർക്ക് ഏറ്റവും അനുയോജ്യമാണ്.

ടാറ്റ ടിയാഗോ: എൻട്രി ലെവൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ ഒരു ഓപ്ഷനാണ് ടിയാഗോ ഇവി. ഏകദേശം 1 ലക്ഷം രൂപ വരെ ലാഭം കൈവരിക്കാനുള്ള അവസരമാണ് നവംബറിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ഗ്രീൻ ബോണസായി ഏകദേശം 70,000 രൂപയും എക്സ്ചേഞ്ച് അല്ലെങ്കിൽ സ്ക്രാപ്പേജ് ബോണസായി 30,000 രൂപയും ഇതിൽ ഉൾപ്പെടും. ടിയാഗോ ഇവിയുടെ എക്സ്ഷോറൂം വില 7.99 ലക്ഷം രൂപ മുതൽ 11.14 ലക്ഷം രൂപ വരെയാണ്.
മികച്ച പെർഫോമൻസും സുരക്ഷാസവിശേഷതകളും സമ്മാനിച്ച് മറ്റ് ഇവികളുമായി മല്ലുപിടിക്കുന്ന ടാറ്റയുടെ തുറുപ്പുച്ചീട്ടാണ് ടിയാഗോ ഇവി. 19.2 kWh അല്ലെങ്കിൽ 24 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലായി വരുന്ന ഇലക്ട്രിക് ഹാച്ച്ബാക്കിന് സിംഗിൾ ചാർജിൽ യഥാക്രമം 221 കിലോമീറ്ററും 275 കിലോമീറ്ററും റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. ഈ അസുലഭ നിമിഷം പാഴാക്കാതെ ടാറ്റ ടിയാഗോ സ്വന്തമാക്കിയാൻ നേരെ ഷോറൂമിലേക്ക് വണ്ടിതിരിച്ചോളൂ.

ടാറ്റ പഞ്ച് ഇവി: ഗ്രീൻ ബോണസ് ആയി ഏകദേശം 60,000 രൂപയും എക്സ്ചേഞ്ച് ഓഫറായി 40,000 വരെയുമാണ് പഞ്ച് ഇവിക്ക് ഈ മാസം ലഭിക്കുന്നത്. മാത്രവുമല്ല 9.99 ലക്ഷം മുതൽ 14.44 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള പഞ്ച് 25kWh, 35kWh എന്നീ ബാറ്ററി പായ്ക്കിലാണ് വരുന്നത്. ഇതിൽ 3.3kW, 7.2kW എന്നിങ്ങനെ രണ്ട് ചാർജർ ഓപ്ഷനുകളുമുണ്ട്. സിംഗിൾ ചാർജിൽ യഥാക്രമം 210 കിലോമീറ്ററും 290 കിലോമീറ്ററും സഞ്ചരിക്കാൻ മോഡലിന് കഴിയും.
ടാറ്റ നെക്‌സോൺ ഇവി: ഈ വിഭാഗത്തിൽ എറ്റവും കുറഞ്ഞ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്ന ഇവിയാണ് നെക്‌സോൺ. നവംബർ 30-ാം തീയിതിക്കുള്ളിൽ പുതിയ നെക്‌സോൺ ഇവി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഓഫറായി 30,000 രൂപ ലാഭിക്കാം. 12.49 ലക്ഷം മുതൽ 17.49 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള എസ്‌യുവിക്ക് 30kWh അല്ലെങ്കിൽ 45kWh ബാറ്ററി പായ്ക്കാണ് വരുന്നത്. ഫുൾ ചാർജിൽ മോഡലിന് പരമാവധി 489 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








