ദീപാവലി കഴിഞ്ഞിട്ടും ടാറ്റയുടെ സ്‌നേഹത്തിന് ഒട്ടും കുറവില്ല! 1.75 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ടുകള്‍
2025 നവംബര്‍ മാസം പിറന്നതോടെ ഇന്ത്യന്‍ വണ്ടിക്കമ്പനികളെല്ലാം ഓഫര്‍ പൊങ്കാലയിടുന്ന തിരക്കിലാണ്. എന്തിന് ജപ്പാന്‍ക്കാരായ ടൊയോട്ടയും ഹോണ്ടയും വരെ ഇങ്ങ് ഇന്ത്യയില്‍ വന്ന് മിഠായിക്കണക്കെയാണ് അവരുടെ വാഹനങ്ങള്‍ വിറ്റഴിക്കുന്നത്. എന്നുവെച്ച് ഇന്ത്യക്കാരുടെ കണ്ണിലുണ്ണിയായ ടാറ്റ മോട്ടോര്‍സ് ഉപഭോക്താക്കളോടുള്ള സ്‌നേഹത്തിന് കുറവൊന്നും കാണിക്കില്ല കേട്ടോ. ഇവികളിലെ പോലെ തന്നെ മറ്റ് സെഗ്മെന്റുകളിലും ഇപ്പോള്‍ വമ്പന്‍ ഓഫറുകള്‍ ടാറ്റ നല്‍കുന്നുണ്ട്. മിഡ്-സൈസ് എസ്‌യുവികൾ, പ്രീമിയം ഹാച്ച്ബാക്കുകള്‍, കോംപാക്റ്റ് സെഡാനുകള്‍ എന്നീ വിഭാഗങ്ങളിലാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നത്. ആ മോഡലുകള്‍ ഏതെല്ലാമാണെന്നറിയാന്‍ ലേഖനം തുടര്‍ന്ന് വായിക്കാം.
ടാറ്റ ഹാരിയര്‍: വില്‍പ്പന വര്‍ധിപ്പിക്കുന്നതിനും പഴയ സ്റ്റോക്ക് ഒഴിവാക്കുന്നതിന്റെയും ഭാഗമായി ഹാരിയറിന് 1.75 ലക്ഷം വരെയുള്ള ഡിസ്‌കൗണ്ടുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ഉയര്‍ന്ന ആനുകൂല്യങ്ങള്‍ MY 2024 യൂണിറ്റുകളിലാണ്. ഇതില്‍ 50,000 രൂപ നേരിട്ടുള്ള ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. പുതിയ യൂണിറ്റുകള്‍ ആയതിനാലും ഉയര്‍ന്ന ഡിമാന്‍ഡും ഉള്ളതിനാല്‍ MY 2025 സ്റ്റോക്കില്‍ ആനുകൂല്യങ്ങള്‍ കുറവായിരിക്കും. ഇത് 25,000 രൂപ മുതല്‍ 50,000 രൂപ വരെയാണ്.

1,956 സിസി ടര്‍ബോ-ഡീസല്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ടാറ്റ ഹാരിയറിന് കരുത്ത് പകരുന്നത്. ഇത് ഏകദേശം 170 PS പീക്ക് പവറും മിഡ്-റേഞ്ചില്‍ 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മാത്രവുമല്ല 16.8 കിലോമീറ്റര്‍ ARAI ക്ലെയിംഡ് മൈലേജും ടാറ്റ ഹാരിയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഹാരിയറിന്റെ എക്‌സ്‌ഷോറൂം വില 14 ലക്ഷം രൂപ മുതല്‍ 26.7 ലക്ഷം രൂപ വരെയാണ്.
ടാറ്റ സഫാരി: ഹാരിയറിന് സമമായി സഫാരിയുടെ MY 2024, MY 2025 എന്നീ സ്റ്റാക്കുകളില്‍ ഗണ്യമായ കിഴിവുകള്‍ ടാറ്റ നല്‍കുന്നുണ്ട്. വേരിയന്റുകള്‍ക്ക് 50,000 രൂപ വരെ കസ്റ്റമര്‍ ഡിസ്‌കൗണ്ടും ഏകദേശം 25,000 രൂപ വരെ എക്‌സ്‌ചേഞ്ച്/സ്‌ക്രാപ്പേജ് ബോണസും ഉള്‍പ്പെടുന്നു. സഫാരിയുടെ എക്‌സ്‌ഷോറൂം വില വരുന്നത് 14.66 ലക്ഷം മുതല്‍ 27.44 ലക്ഷം രൂപ വരെയാണ്. ഹാരിയറിന്റെ അതേ ഡീസല്‍ എഞ്ചിന്‍ സജ്ജീകരണം തന്നെയാണ് സഫാരിയും പങ്കിടുന്നത്.

ടാറ്റ ആള്‍ട്രോസ്: 1.35 ലക്ഷം രൂപ വരെയാണ് ആള്‍ട്രോസ് വാങ്ങുന്നവര്‍ക്ക് ലാഭിക്കാനാകുക. MY 2024 ആള്‍ട്രോസ് ഡീസല്‍ വേരിയന്റുകള്‍ക്ക് 1 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. സ്‌പോര്‍ട്ടിയര്‍ ആള്‍ട്രോസ് റേസര്‍ പെട്രോള്‍ വേരിയന്റ് ഇതിലും ഉയര്‍ന്ന ലാഭത്തില്‍ വാങ്ങാം. ഇതിന് 1.35 ലക്ഷം വരെയാണ് ഓഫറിട്ടത്. പുതിയ MY 2025 യൂണിറ്റുകള്‍/ഔട്ട്ഗോയിംഗ് വേരിയന്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ ഏകദേശം 65,000 രൂപ വരെയുമാണ്.
ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ടാറ്റ ആള്‍ട്രോസില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഏകദേശം 88 PS പവറും 115 Nm ടോര്‍ക്കും നല്‍കുന്നു. ഇത് ഏകദേശം 19 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുന്നുണ്ട്. അതേ സമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 PS പവറും 200 Nm ടോര്‍ക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് 23 കിലോമീറ്റര്‍ വരെയാണ് മൈലേജ് നല്‍കുന്നത്.

ടാറ്റ ടിഗോര്‍: കോംപാക്റ്റ് സെഡാന്‍ വിഭാഗത്തിലെ ടാറ്റയുടെ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്നാണ് ടിഗോര്‍. നിലവിലെ ടിഗോറിന്റെ എക്‌സ്‌ഷോറും വില വരുന്നത് 5.49 ലക്ഷം മുതല്‍ 8.74 ലക്ഷം വരെയാണ്. പുതിയ MY 2025 മോഡലുകളില്‍ ഉപഭോക്താക്കള്‍ക്ക് 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ബോണസും ലഭിക്കും. MY 2024 മോഡലുകള്‍ക്ക് 40,000 മുതല്‍ 45,000 രൂപ വരെ അല്‍പ്പം ഉയര്‍ന്ന ഡിസ്‌കൗണ്ടുകളും ഉണ്ട്.
ടാറ്റ ടിഗോറില്‍ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ലഭ്യമാണ്. ഇത് 84-86 PS പവറും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍ അതേ 1.2 ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിക്കുന്ന സിഎന്‍ജി പതിപ്പ് 72-73 PS പവറും 95-96 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക. പെട്രോള്‍ പതിപ്പിന്റെ ARAI ക്ലെയിംഡ് മൈലേജ് ലിറ്ററിന് 19 കിലോമീറ്ററാണ്. അതേസമയം സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് ഏകദേശം 26-28 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








