ഡിസ്‌കൗണ്ടുകളുടെ പൊടിപൂരവുമായി ഫോക്‌സ്‌വാഗണ്‍! ₹3 ലക്ഷം വരെ ഓഫറിൽ 3 മോഡലുകള്‍ വാങ്ങാം
ഈ നവംബര്‍ മാസം ഒരൊന്നൊന്നര ഡിസ്‌കൗണ്ട് കാലമാണ് ഇന്ത്യന്‍ വാഹനപ്രേമികളെ കാത്തിരിക്കുന്നത്. പുതിയ കാര്‍ വാങ്ങുന്നവര്‍ക്കും പഴയ കാര്‍ മാറ്റി പുതിയത് വാങ്ങാന്‍ പോകുന്നവര്‍ക്കുമെല്ലാം ഈ മാസം ഒരുപോലെ ലാഭം കൊയ്യാന്‍ സാധിക്കും. ടാറ്റ, മാരുതി, ഹോണ്ട പോലുള്ള വന്‍കിട വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി വമ്പന്‍ ഓഫറുകള്‍ മുന്നോട്ട് വെച്ചതോടെ എല്ലാവര്‍ക്കും ലോട്ടറി അടിച്ച ഫീലാണ്. ഉപഭോക്താക്കളോടുള്ള സ്‌നേഹത്തിന് കുറവൊന്നും വരുത്താതെ ഫോക്‌സ്‌വാഗണും കിടിലന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ടിഗുവാന്‍, വെര്‍ട്ടിസ്, ടൈഗൂണ്‍ എന്നീ ജനപ്രിയ മോഡലുകള്‍ക്കാണ് ബ്രാന്‍ഡ് ഇപ്പോള്‍ ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്.
മൂന്നു മോഡലുകളിലായി 3 ലക്ഷം രൂപയോളം മൂല്യമുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഇതില്‍ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ബെനിഫിറ്റ്, ലോയല്‍റ്റി ഓഫറുകള്‍ എന്നിവ ഉള്‍പ്പെടും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭം നല്‍കുന്നതോടൊപ്പം കമ്പനിയുടെ വില്‍പ്പന വര്‍ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഫോക്‌സ്‌വാഗണ്‍ ഇതിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്. ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്ക് നവംബര്‍ മാസം ലഭ്യമാകുന്ന ഓഫറുകളെ കുറിച്ച് ചുവടെ വിശദമായി വായിക്കാം.

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ആര്‍-ലൈന്‍: ഈ മോഡലില്‍ ഫോക്‌സ്‌വാഗണ്‍ 3 ലക്ഷം വരെ ഓഫര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. 2 ലക്ഷം രൂപ വരെ ഡയറക്ട് ക്യാഷ് ഡിസ്‌കൗണ്ടും, 50,000 രൂപയോളം ലോയല്‍റ്റി ബോണസും, 50,000 രൂപ എക്സ്ചേഞ്ച് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ ടിഗുവാന്‍ ആര്‍-ലൈനിന്റെ എക്സ്-ഷോറൂം വില വരുന്നത് ഏകദേശം 49 ലക്ഷം രൂപ മുതലാണ്.
2.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിനിലാണ് ആര്‍-ലൈനിന്‍ ലഭ്യമാകുന്നത്. ഇത് ഏകദേശം 204 PS പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒപ്പം 12.58 കിലോമീറ്റര്‍/ലിറ്റര്‍ എന്ന ARAI-റേറ്റഡ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. കൂടാതെ 7-സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും 4MOTION ഓള്‍-വീല്‍ ഡ്രൈവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ മികച്ച സുരക്ഷ സവിശേഷതകളും കിടിലന്‍ ഡിസൈനുകളും കോര്‍ത്തിണക്കി വരുന്ന ആര്‍-ലൈനിനെ സ്വന്തമാക്കാനുള്ള ഈ അവസരം പാഴാക്കരുതേ.

ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ്: മിഡ്‌സൈസ് സെഡാനിന്റെ ടോപ്പ് ലൈന്‍ 1.0 TSI വേരിയന്റിന് 1.50 ലക്ഷം രൂപ വരെയും, MY2025 വേരിയന്റിന് ഏകദേശം 80,000 രൂപ വരെയുമാണ് ഓഫര്‍ ലഭിക്കുന്നത്. അതുപോലെ തന്നെ കൂടുതല്‍ സ്‌പോര്‍ട്ടിയായ 1.5 TSI GT പ്ലസ് വേരിയന്റിന് ഏകദേശം 80,000 രൂപ വരെയും ഓഫര്‍ ലഭിക്കുന്നുണ്ട്. 20,000 രൂപയോളം ലോയല്‍റ്റി ബോണസും, 20,000 രൂപയോളം സ്‌ക്രാപ്പേജ് ബോണസും, 30,000 രൂപയോളം എക്‌സ്‌ചേഞ്ച് ബോണസും ഇതില്‍ ഉള്‍പ്പെടുന്നു.
1.0 ലിറ്റര്‍ TSI ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിട്ടുണ്ട്. ഇത് ഏകദേശം 115 PS പവറും 178 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നുത്. 1.5 ലിറ്റര്‍ TSI EVO ടര്‍ബോ-പെട്രോള്‍ 150 PS പവറും 250 Nm ടോര്‍ക്കും നല്‍കുന്നു. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ക്വിക്ക്-ഷിഫ്റ്റിംഗ് 7-സ്പീഡ് DSG ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍: 1 ലിറ്റര്‍ TSI വേരിയന്റുകള്‍ക്ക് 1.50 ലക്ഷം വരെയും 1.5 ലിറ്റര്‍ TSI ഓപ്ഷനുകള്‍ക്ക് 50,000 വരെയുമാണ് ഓഫറുകള്‍ ലഭ്യമാകുന്നത്. കൂടാതെ എല്ലാ MY2024 ടൈഗൂണ്‍ 1.0 TSI വേരിയന്റുകള്‍ക്കും 2 ലക്ഷം വരെ ഓഫറുകള്‍ ലഭിക്കുന്നതാണ്. 1.5 ലക്ഷം വരെ ക്യാഷ് ഡിസ്‌കൗണ്ട്, 20,000 വരെ ലോയല്‍റ്റി ആനുകൂല്യങ്ങള്‍, 30,000 എക്‌സ്‌ചേഞ്ച് ബോണസ്, 20,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
1.0 ലിറ്റര്‍ TSI എഞ്ചിന്‍ 15 PS പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഒപ്പം 1.5 ലിറ്റര്‍ TSI EVO എഞ്ചിന്‍ 150 PS പവറും 250 Nm ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇന്ധനക്ഷമതയുടെ കാര്യത്തില്‍, എഞ്ചിനെയും ട്രാന്‍സ്മിഷനെയും ആശ്രയിച്ച് ടൈഗൂണിന്റെ ARAI- ക്ലെയിംഡ് മൈലേജ് 18.46 km/l മുതല്‍ 19.89 km/l വരെയാണ്. അതിനാല്‍ തന്നെ നിങ്ങളൊരു മിഡ്-സൈസ് എസ്‌യുവി വാങ്ങാന്‍ പ്ലാനിടുന്നവരാണെങ്കില്‍ ഈ ഓഫര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാം.


Click it and Unblock the Notifications








