എർട്ടിഗയുടെ ബേസ് മോഡലിന്റെ വിലയ്ക്ക് ട്രൈബർ ഫുൾ ഓപ്ഷൻ വാങ്ങാം, ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിട്ടേ ബുക്ക് ചെയ്യാവൂ
ഒരു ഫാമിലി കാർ എന്ന് മനസിൽ വിചാരിക്കുമ്പോൾ പലർക്കും ഇന്നോവയായിരിക്കും മനസിലേക്ക് വരുന്നത്. എന്നാൽ താങ്ങാനാവുന്ന വിലയിൽ ഒരു എംപിവി സ്വന്തമാക്കാൻ സാധിക്കുമോ. സാധിക്കും, ലിസ്റ്റിൽ എർട്ടിഗ പിന്നെ റെനോ ട്രൈബറുണ്ട്. ഒരു പത്ത് ലക്ഷത്തിൽ താഴെ നിങ്ങൾക്ക് ഒരു ഫാമിലി കാർ സ്വന്തമാക്കണം എന്നാണ് ആഗ്രഹമെങ്കിൽ അതിനൊരു ഓപ്ഷനാണ് റെനോ ട്രൈബർ. ഇപ്പോൾ മുഖം മിനുക്കി കിടിലൻ ലുക്കിലെത്തിയ ട്രൈബറിൻ്റെ ഫുൾ ഓപ്ഷൻ്റെ വില 11 ലക്ഷത്തിൽ ഒതുങ്ങും. സെഗ്മെൻ്റിൽ മത്സരിക്കുന്ന ഈ രണ്ട് മോഡലുകളും ഒന്ന് താരതമ്യം ചെയ്താലോ.
തലക്കെട്ടിൽ പറഞ്ഞിരിക്കുന്നത് വളരെ കൃത്യമായ കാര്യം തന്നെയാണ്. എർട്ടിഗയുടെ ബേസ് വേരിയൻ്റിന് മുടക്കുന്ന കാശുണ്ടെങ്കിൽ നിങ്ങൾക്ക് റെനോ ട്രൈബർ വാങ്ങി മുറ്റത്തിടാം. അത് കൊണ്ട് തന്നെ ആദ്യം വിലയിൽ നിന്ന് തന്നെ ആരംഭിക്കാം. 6.29 ലക്ഷം മുതൽ 8.64 ലക്ഷം രൂപ വരെയാണ് ട്രൈബറിന് വരുന്ന എക്സ്ഷോറൂം വില. മാരുതി ഇടയ്ക്ക് അപ്ഡേറ്റുകൾ നടത്തുന്നത് കൊണ്ട് തന്നെ വിലയിലും മാറ്റം വരുന്നുണ്ട്. 9.11 ലക്ഷം രൂപയിൽ മുതൽ 13.40 ലക്ഷം വരെയാണ് പുതിയ എർട്ടിഗയുടെ വില.

ഒതെന്റിക്, എവലൂഷൻ, ടെക്നോ, ഇമോഷൻ എന്നിങ്ങനെ വ്യത്യസ്‌ത പേരുകളിലാവും റെനോ ട്രൈബർ എംപിവിയുടെ വേരിയന്റ് നിര അറിയപ്പെടുക. ഫുൾ ഓപ്ഷൻ വേരിയൻ്റായ ഇമോഷന് ഓൺറോഡ് വില വരുന്നത് 10.24 ലക്ഷം രൂപ മാത്രമാണ്. എർട്ടിഗയുടെ ബേസ് വേരിയൻ്റ് ആരംഭിക്കുന്നത് തന്നെ 10.57 ലക്ഷം രൂപയിലാണ്. എർട്ടിഗയുടെ ഫുൾ ഓപ്ഷൻ നിരത്തിലിറങ്ങുമ്പോൾ മുടക്കേണ്ടത് 16 ലക്ഷം രൂപയാണ്.
അടുത്തിടെ 6 എയർബാഗുകൾ മാരുതി എർട്ടിഗയിൽ നൽകിയിരുന്നു. കുറഞ്ഞ മെയിന്റനെൻസ്, കിടു മൈലേജ്, ആവശ്യത്തിലധികം സ്പേസ്, പ്രായോഗികത എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കമ്പനി ഉയർത്തിപിടിക്കുന്നത്. ഇതിലൊന്നും ഒട്ടും പിന്നിലല്ല റെനോ ട്രൈബർ. മാരുതിയുടെ ഫീച്ചറുകളിലേക്ക് നോക്കിയാൽ 17.78 സെന്റീമീറ്റര്‍ സ്മാര്‍ട്ട്പ്ലേ പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, സുസുക്കി കണക്ട് കണക്റ്റഡ് കാര്‍ ടെക്നോളജി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ നിരവധി ഫീച്ചറുകള്‍ എര്‍ട്ടിഗയില്‍ സജ്ജീകരിച്ചിട്ടുണ്ട് മാരുതി.

ഇബിഡിയോട് കൂടിയ എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഹില്‍ ഹോള്‍ഡ് ടെക്നോളജി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ കാറില്‍ സുരക്ഷയൊരുക്കുന്നുണ്ട്. ട്രൈബറിൻ്റെ ഫീച്ചറുകളിൽ പുഷ്-ബട്ടൺ സ്റ്റാർട്ടുള്ള കീലെസ് എൻട്രി, റിയർ സീറ്റിലെ യാത്രക്കാർക്കായി റൂഫ് ഫിറ്റഡ് എസി വെന്റുകൾ, സ്റ്റിയറിംഗ് വീലിലെ ഓഡിയോ കൺട്രോളുകൾ, ക്രൂയിസ് കൺട്രോളുകൾ, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, സൈഡ്, കർട്ടൻ എയർബാഗുകൾ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയന്റ് ലൈറ്റിംഗ് ലഭിക്കുന്നുണ്ട്.
ഇനി എഞ്ചിനിലേക്ക് നോക്കിയാൽ ട്രൈബറിൽ 1.0 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ എഞ്ചിനാണ് എംപിവിക്ക് കരുത്ത് പകരുന്നത്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ട്രാൻസ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 71 bhp പവറിൽ പരമാവധി 96 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. പെട്രോൾ കൂടാതെ സർക്കാർ അംഗീകൃത റിട്രോഫിറ്റ് സിഎൻജി കിറ്റുകളും പുതിയ മോഡലിനൊപ്പം ലഭ്യമാകും.

പെട്രോള്‍, സിഎന്‍ജി ഫ്യുവല്‍ ഓപ്ഷനുകളിലാണ് എര്‍ട്ടിഗ നിരത്തിലിറങ്ങുന്നത്. 102 bhp പവറും 137 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. എര്‍ട്ടിഗയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 20.51 കിലോമീറ്റര്‍ മൈലേജ് തരുമ്പോള്‍ പെട്രോള്‍ ഓട്ടോമാറ്റിക് 20.30 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








