പുത്തന്‍ അവതാരത്തില്‍ ആള്‍ട്ടോയെത്തി! 28KM മൈലേജും ADAS ഫീച്ചറുകള്‍ വരെയുണ്ട്
രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍പ്പനക്കെത്തുന്ന കാറുകളില്‍ ഒന്നാണ് മാരുതി ആള്‍ട്ടോ. വിലക്കുറവിനൊപ്പം മികച്ച മൈലേജും ആള്‍ട്ടോയുടെ പ്രത്യേകതയാണ്. മെച്ചപ്പെടുത്തിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും ലിറ്ററിന് 28.2 കിലോമീറ്റര്‍ മൈലേജുമായി പുതിയ ആള്‍ട്ടോ അവതരിപ്പിച്ച് സുസുക്കി ആള്‍ട്ടോ. പടച്ചോനെ ആള്‍ട്ടോയില്‍ ADAS ഫീച്ചറും ബൈക്കിന്റെ മൈലേജുമോ എന്ന് അന്താളിക്കാന്‍ വരട്ടെ. പറഞ്ഞുവരുന്നത് ഇന്ത്യക്കാരുടെ ആള്‍ട്ടോയെ കുറിച്ചല്ല, മറിച്ച് ഇതേ പേരില്‍ ജപ്പാനില്‍ വില്‍ക്കുന്ന കെയ് കാറിനെ കുറിച്ചാണ്. ജാപ്പനീസ് ആള്‍ട്ടോയാണ് നവീകരണങ്ങളോടെ അരങ്ങേറിയിരിക്കുന്നത്.
കെയ് കാര്‍ എന്താണെന്ന് അറിയാത്തവര്‍ക്കായി അതിനെ കുറിച്ച് ചുരുക്കി പറഞ്ഞ് തരാം. കെയ് കാറുകളെ ചെറുകാറുകള്‍ എന്ന് നമുക്ക് വിശേഷിപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. കാരണം ചെറു കാറുകളേക്കാള്‍ ചെറിയ കാറുകളാണ് ഇവ. രണ്ടാം ലോകയുദ്ധത്തിനു ശേഷം പാടെ തകര്‍ന്ന ജപ്പാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി നടത്തിയ കഠിന ശ്രമങ്ങളുടെ ഭാഗമായാണ് കെയ് കാറുകള്‍ പിറവിയെടുത്തത്.

വലിയ ശേഷിയുള്ള വാഹനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികശേഷിയില്ലായിരുന്നു ജപ്പാന്‍കാര്‍ ചെറിയ കച്ചവടങ്ങളിലൂടെ പിടിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഈ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന വലിപ്പവും ശേഷിയും കുറഞ്ഞ വാഹനങ്ങളാണ് കെയ് കാറുകളായി വിപണിയിലെത്തിയത്. അത്തരം കാറുകള്‍ക്ക് രാജ്യത്ത് ഇന്നും ആവശ്യക്കാരുണ്ട്. സുസുക്കിയുടെ ആള്‍ട്ടോ നെയിംപ്ലേറ്റ് ജപ്പാനില്‍ വളരെ പോപ്പുലറാണ്. 2021-ല്‍ ഒമ്പതാം തലമുറ മോഡല്‍ വിപണിയിലെത്തിയ ശേഷം സുസുക്കി ആള്‍ട്ടോ ഇപ്പോള്‍ മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന് പാത്രമായിരിക്കുകയാണ്.
പുതിയ ഡിസൈന്‍, മെച്ചപ്പെടുത്തിയ AEB (ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്) സംവിധാനത്തോടും, മികച്ച ഇന്ധനക്ഷമതയോടും കൂടിയാണ് കാര്‍ വിപണിയില്‍ എത്തുന്നത്. കൂടാതെ ടെറാക്കോട്ട പിങ്ക് നിറവും, ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമുകളും ഇതില്‍ ലഭ്യമാണ്. ഫീനിക്‌സ് റെഡ് പേള്‍ അല്ലെങ്കില്‍ നോക്‌റ്റേണ്‍ ബ്ലൂ പേള്‍ (ബ്ലാക്ക് റൂഫ്), ഷിഫോണ്‍ ഐവറി അല്ലെങ്കില്‍ ഫോഗി ബ്ലൂ പേള്‍ (സോഫ്റ്റ് ബീജ് റൂഫ്) എന്നിങ്ങനെ നിറങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്.
A, L, ഹൈബ്രിഡ് S, ഹൈബ്രിഡ് X എന്നിങ്ങനെ നാല് വേരിയന്റുകളില്‍ 2025 സുസുക്കി ആള്‍ട്ടോ ലഭ്യമാകും. ഇതിന് 1,142,900 യെന്‍ (ഏകദേശം 6.77 ലക്ഷം രൂപ) മുതല്‍ 1.639 മില്യണ്‍ യെന്‍ (ഏകദേശം 9.71 ലക്ഷം രൂപ) വരെയാണ് വില.
2025 സുസുക്കി ആള്‍ട്ടോയുടെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ ഇതിന്റെ എക്‌സ്റ്റീരിയറില്‍ പുതിയ ക്രോം ഗാര്‍ണിഷോടുകൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത ഗ്രില്ലും, ഒരു പുതിയ റഡാര്‍ മൊഡ്യൂളും ഉള്‍ക്കൊള്ളുന്നു. ലോവര്‍ ഗ്രില്‍ മുമ്പുള്ളതിനേക്കാള്‍ വലുതാക്കിയിട്ടുണ്ട് ഇപ്പോള്‍. മുന്നിലെയും പിന്നിലെയും ബമ്പറുകളിലും മാറ്റങ്ങള്‍ ദൃശ്യമാണ്. പുതിയ റഡാര്‍ മൊഡ്യൂള്‍ AEB-യ്ക്കായുള്ള ഡ്യുവല്‍ സെന്‍സര്‍ ബ്രേക്ക് സപ്പോര്‍ട്ട് II ആയി പ്രവര്‍ത്തിക്കുന്നു.
ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവന്‍ഷന്‍, ലോ സ്പീഡ് ബ്രേക്ക് സപ്പോര്‍ട്ട് (ഫോര്‍വേഡ്, റിവേഴ്‌സ്), ഡിപ്പാര്‍ച്ചര്‍ നോട്ടിഫിക്കേഷന്‍ അലേര്‍ട്ട്, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്. 2025 സുസുക്കി ആള്‍ട്ടോയില്‍ സുസുക്കി കണക്ട് ടെലിമാറ്റിക്‌സ് പിന്തുണയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും നല്‍കിയിട്ടുണ്ട്. ഡാഷ്ബോര്‍ഡ്, സെന്റര്‍ കണ്‍സോള്‍, ക്യാബിന്‍ ലേഔട്ട്, സീറ്റിംഗ് ക്രമീകരണം എന്നിവയില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 2025 ആള്‍ട്ടോയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്.
658cc, 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനും, WA04C ഇലക്ട്രിക് മോട്ടോറും ചെറിയ ലിഥിയം-അയണ്‍ ബാറ്ററിയുമുള്ള 658cc പെട്രോള്‍ എഞ്ചിനുമാണ് അവ. ആദ്യത്തെ എഞ്ചിന്‍ 6,500 ആര്‍പിഎമ്മില്‍ 46 bhp പവറും 4,000 ആര്‍പിഎമ്മില്‍ 55Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ 6,500 ആര്‍പിഎമ്മില്‍ 48bhp പവറും 5,000 ആര്‍പിഎമ്മില്‍ 58Nm ടോര്‍ക്കും നല്‍കുന്നു. രണ്ട് എഞ്ചിനുകളും സിവിടി ഗിയര്‍ബോക്സിലും FWD/AWD ഓപ്ഷനുകളിലും ലഭ്യമാണ്.
മികച്ച ഇന്ധനക്ഷമതയാണ് 2025 സുസുക്കി ആള്‍ട്ടോയുടെ പ്രത്യേകതകളില്‍ ഒന്ന്. പുതിയ ആള്‍ട്ടോ WLTC സൈക്കിളില്‍ ലിറ്ററിന് 28.2 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നുവെന്ന് സുസുക്കി പറയുന്നു. ഹൈബ്രിഡ് FWD വേരിയന്റിന്റെ മൈലേജ് ആണ് ഇത്. പുതുക്കിയ രൂപകല്‍പ്പനയും, സുരക്ഷാ ഫീച്ചറുകളും, മികച്ച ഇന്ധനക്ഷമതയുമുള്ള 2025 സുസുക്കി ആള്‍ട്ടോ ജപ്പാനിലെ കീ കാര്‍ വിപണിയില്‍ ഒരു തരംഗം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യയില്‍ വില്‍പ്പനക്കെത്താന്‍ സാധ്യതയില്ല.


Click it and Unblock the Notifications








