27 Km മൈലേജുള്ള കാര്‍ ടാറ്റ ഷോറൂമില്‍ പോയാല്‍ കാണാം! മാരുതിയുടെ ചോറില്‍ മിക്കവാറും കല്ല് വീഴും
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള കാര്‍ സെഗ്‌മെന്റുകളില്‍ ഒന്നാണ് പ്രീമിയം ഹാച്ച്ബാക്കുകളുടേത്. ഇടത്തരക്കാരായ കുടുംബങ്ങള്‍ എന്‍ട്രി ലെവല്‍ മോഡലുകളേക്കാള്‍ അല്‍പ്പം കൂടി ഉയര്‍ന്ന് കാറുകള്‍ തേടുമ്പോള്‍ ആദ്യം പരിഗണിക്കുക ഇവയില്‍ ഒന്നാണ്. എന്നാല്‍ ഇവയുടെ അതേ വില നിലവാരത്തില്‍ മൈക്രോ എസ്‌യുവികളും സബ് 4 മീറ്റര്‍ എസ്‌യുവികളുമെല്ലാം ചറപറ വിപണിയില്‍ എത്തിയതോടെ സമീപകാലത്ത് വില്‍പ്പന അല്‍പ്പം ഇടിഞ്ഞിരുന്നു. ഇപ്പോള്‍ സെഗ്‌മെന്റിനെ പുനര്‍നിര്‍വചിക്കാന്‍ പോന്ന അപ്‌ഡേറ്റുകളുമായി ടാറ്റ ആള്‍ട്രോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ടാറ്റ ആള്‍ട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില പ്രഖ്യാപിച്ചത്. നിരവധി ആളുകള്‍ ഈ കാറില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ 2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡല്‍ ഇന്ത്യയിലുടനീളമുള്ള ടാറ്റ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. 2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ ഔദ്യോഗിക ബുക്കിംഗ് ജൂണ്‍ രണ്ടിനാണ് ഔദ്യോഗികമായി ആരംഭിക്കുക. ഈ കാര്‍ ബുക്ക് ചെയ്യുന്നതിന് മുമ്പായി താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഷോറൂമിലത്തി കാണാവുന്നതാണ്. ബുക്കിംഗ് ആരംഭിക്കുന്ന മുറയ്ക്ക് തന്നെ ഡെലിവറികള്‍ ആരംഭിക്കാനാണ് ടാറ്റയുടെ പദ്ധതിയെന്നാണ് തോന്നുന്നത്. അതുകൊണ്ട് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഈ കാര്‍ നിരത്തുകളില്‍ സജീവമാകും.

പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിലാണ് പുതിയ ആള്‍ട്രോസ് തെരഞ്ഞെടുക്കാനാവുക. ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റില്‍ 5 പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ഡ്യൂണ്‍ ഗ്ലോ, ആംബര്‍ ഗ്ലോ, റോയല്‍ ബ്ലൂ, പ്യുവര്‍ ഗ്രേ, പ്രിസ്റ്റൈന്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഇത് വാങ്ങാനാകും.
2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ ആകെ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ പെട്രോള്‍ + സിഎന്‍ജി, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് അവ. 5-സ്പീഡ് മാനുവല്‍, 5-സ്പീഡ് AMT, 6-സ്പീഡ് DCT എന്നിങ്ങനെ മൂന്ന് ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ വാഗ്ദാനം ചെയ്യുന്ന NA പെട്രോള്‍ എഞ്ചിന്‍ 88 PS പവറും 115 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

മറുവശത്ത്, പെട്രോള്‍ + സിഎന്‍ജി എഞ്ചിനില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. ഇത് 73.5 bhp പവറും 103 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. ഡീസല്‍ എഞ്ചിനും 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.
ഇത് 90 bhp പവറും 200 Nm ടോര്‍ക്കും നല്‍കുന്നു.
ഈ എഞ്ചിന്‍ ഓപ്ഷനുകളില്‍, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി വരുന്ന പ്രീമിയം ഹാച്ചിന്റെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 26.90 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഡീസല്‍ പതിപ്പിന് 23.60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് പറയപ്പെടുന്നു. പെട്രോള്‍ വേരിയന്റുകള്‍ക്ക് ലിറ്ററിന് 19.33 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് അവകാശവാദം.

10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സണ്‍റൂഫ്, 2-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8-സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ കാറില്‍ നല്‍കിയിരിക്കുന്നു. ഇവയ്ക്കെല്ലാം പുറമേ, യുഎസ്ബി ചാര്‍ജര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും 2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലില്‍ സുരക്ഷാ സവിശേഷതകള്‍ക്ക് ഒരു കുറവുമില്ല. എല്ലാ വേരിയന്റുകളിലും 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററുള്ള 360-ഡിഗ്രി ക്യാമറ, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്.

2025 ടാറ്റ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡലിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 6.89 ലക്ഷം രൂപയാണ് വില. അതേസമയം, അതിന്റെ ഉയര്‍ന്ന വേരിയന്റിന്റെ വില 11.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. ഇവ എക്‌സ്-ഷോറൂം വിലകളാണ്. വിലയും മൈലേജും ഫീച്ചറുകളുമെല്ലാം പരിഗണിക്കുമ്പോള്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന കാറുകളില്‍ ഒന്നാണ് 2025 ആള്‍ട്രോസ്. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായി i20 എന്നിവയാണ് ഈ കാറിന്റെ എതിരാളികള്‍.


Click it and Unblock the Notifications








