ആവശ്യത്തിന് മൈലേജും, ബിൽഡ് ക്വാളിറ്റിയും! മാരുതിക്ക് പറ്റാത്തത് ടാറ്റ ചെയ്തു കാണിച്ചു
വാഹനത്തിൻ്റെ വിലയിൽ ഞെട്ടിക്കുന്ന കാര്യത്തിൽ ടാറ്റ ഒരു സംഭവം തന്നെയാണ്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷമാണ് 2025 ടാറ്റ ആൾട്രോസ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഞാൻ ആദ്യം പറഞ്ഞ പോലെ 6 ലക്ഷത്തിൽ തുടങ്ങി 13.5 ലക്ഷത്തിൽ വില പ്രഖ്യാപനം കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയെന്ന് വേണം പറയാൻ. അതും ഡീസൽ ഓട്ടോമാറ്റിക്ക് മോഡലിൻ്റെ ഓൺറോഡ് വില 13 ലക്ഷം എന്ന് കേട്ടാൽ ആരാണ് ഞെട്ടാത്തത്. ഈ വിലയ്ക്ക് വിപണിയിൽ ഡീസൽ വാഹനങ്ങൾ കിട്ടാനില്ല എന്നതാണ് ടാറ്റ മനസിലാക്കി കളിച്ച തന്ത്രം. എതിരാളികളുടെ ചങ്ക് തകർത്തു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
എതിരാളികളായ മഹീന്ദ്രയും ഹ്യുണ്ടായിയും തങ്ങളുടെ മോഡലുകളുടെ വിൽപ്പന കുറയുമെന്ന ആശങ്കയിലാണ്. കാരണം ഹ്യുണ്ടായിയുടെ ഡീസൽ മോഡലായ വെന്യുവിന് ഓട്ടോമാറ്റിക്ക് വേരിയൻ്റ് നൽകുന്നില്ല. എന്നാൽ ക്രെറ്റയ്ക്ക് ഓട്ടോമാറ്റിക്ക് വേരിയൻ്റ് ലഭിക്കുന്നുണ്ട്. പക്ഷേ അപ്പോൾ വില കൈയിൽ ഒതുങ്ങില്ല എന്നതാണ് സത്യം. ഏറ്റവും വലിയ അടി കിട്ടുന്നത് ഹ്യുണ്ടായി i20-ക്ക തന്നെയാണ് എന്ന് വേണം പറയാൻ. മാരുതി ബലേനോയുമായി മുട്ടാനിറങ്ങുമ്പോൾ യാതൊരു കുറവും വരുത്താതെ പണിതിറക്കിയിരിക്കുന്ന ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് 6.89 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

അതേസമയം എല്ലാ ഫീച്ചറുകളുമുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റിന് 11.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി ചെലവഴിക്കേണ്ടത്. അങ്ങനെ നോക്കുമ്പോൾ ടാറ്റയുടെ പുത്തൻ ഡീസൽ കാർ വിപണി ഭരിക്കുമെന്ന് ഉറപ്പിക്കാം. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് തെരഞ്ഞെടുക്കാനാവുക.
ഒപ്പം ഡ്യൂൺ ഗ്ലോ, പ്രിസ്റ്റൈൻ വൈറ്റ്, റോയൽ ബ്ലൂ, എംബർ ഗ്ലോ, പ്യുവർ ഗ്രേ എന്നിങ്ങനെ വർണാഭമായ കളർ ഓപ്ഷനുകളും വാഹനത്തിലുണ്ടാവും. ഇനി വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാൽ ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ബേസ് സ്മാർട്ട് 1.2 പെട്രോളിന് 6.89 ലക്ഷമാണ് എക്സ്ഷോറൂം വില.

അതേസമയം പ്യുവർ 1.2 പെട്രോളിന് 7.69 ലക്ഷം, ക്രീയേറ്റീവ് 1.2 പെട്രോളിന് 8.69 ലക്ഷം, അക്കംപ്ലിഷ്ഡ് S 1.2 പെട്രോളിന് 9.99 ലക്ഷം എന്നിങ്ങനെയാണ് വരുന്നത്. ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റ് സിഎൻജി വേരിന്റിന് 7.89 ലക്ഷം മുതൽ 11.09 ലക്ഷം വരെയും പ്രീമിയം ഹാച്ച്ബാക്കിന്റെ ഡീസൽ മോഡലുകൾക്ക് 8.99 ലക്ഷം മുതൽ 11.29 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വിലയായി പോക്കറ്റിൽ നിന്നും ഇറക്കേണ്ടി വരിക.
പുതിയ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ഔദ്യോഗിക ബുക്കിംഗ് 2025 ജൂൺ 2 മുതലായിരിക്കും ആരംഭിക്കുക. ഡിസൈനിലേക്ക് നോക്കിയാൽ ആർക്കും ഇഷ്‌ടപ്പെടുന്ന രീതിയിലാണ് കാറിനെ മുഖംമിനുക്കിയിരിക്കുന്നത്. സ്ലീക്കർ എൽഇഡി ഹെഡ്‌ലൈറ്റുകളും എൽഇഡി ഫോഗ് ലൈറ്റുകളും ഇടംപിടിച്ചിരിക്കുന്ന മുൻവശമാണ് ഏറ്റവും കിടിലം. എൽഇഡി ഡിആർഎൽ ഇപ്പോൾ ഹെഡ്‌ലൈറ്റിന്റെ ഭാഗമാണ്.

ബമ്പറിന് മുകളിൽ കട്ടിയുള്ള കറുത്ത ഇൻസേർട്ട് ഉപയോഗിച്ച് ഹൗസിംഗുകൾ ബന്ധിപ്പിച്ചിരിക്കുന്നതും കാണാൻ ചേലുണ്ട്. പുതുതായി ഡിസൈൻ ചെയ്ത 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളും ഇലുമിനേറ്റഡ് ഫങ്ഷനോട് കൂടിയ ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുമാണ് വശക്കാഴ്ച്ചയിൽ ആൾട്രോസിനെ ആഡംബമാക്കുന്നത്. ആധുനിക രൂപത്തിലുള്ള കണക്റ്റഡ് എൽഇഡി ടെയിൽലൈറ്റുകളാണ് പിൻവശത്തെ ശ്രദ്ധാകേന്ദ്രം.
1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോൾ എഞ്ചിനോടൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി, 6-സ്പീഡ് ഡിസിഎ എന്നിവയാണ് ഉൾപ്പെടുന്നത്. ബലോനോയ്ക്ക് പുറമെ സെഗ്മെന്റിലേക്കുള്ള ആൾട്രോസിന്റെ വരവ് ഹ്യുണ്ടായി i20 മോഡലിനും ക്ഷീണമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








