വന്നവനാണോ നിന്നവനാണോ മികച്ചത്! ആൾട്രോസുകൾ തമ്മിലൊരു താരതമ്യം നടത്തിയാലോ
എതിരാളികളെ ഭയപ്പെടുത്തുക എന്നത് ടാറ്റയുടെ ഒരു വിനോദമാണ്. അത്തരത്തിൽ പുതിയ മോഡൽ അവതരിപ്പിച്ചതാണ് ടാറ്റ ആൾട്രോസിൻ്റെ മുഖം മിനുക്കിയ മോഡൽ. അന്യായ ലുക്കും പുത്തൻ ഫീച്ചറുകളുമായി വരുന്ന ടാറ്റ ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയും ചെയ്‌തിരുന്നു. പ്യുവർ, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നീ നാല് ട്രിം ലെവലുകളിൽ പുതിയ ആൾട്രോസ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡിസൈനിന്റെ കാര്യത്തിൽ ആശാൻ കൂടുതൽ പ്രീമിയമായെന്ന് വേണം പറയാൻ. പഴയ മോഡലും പുതിയതും തമ്മിലൊരു താരതമ്യം നടത്തി നോക്കിയാലോ.
മുൻവശത്ത് ട്വിൻ-ബാരൽ എൽഇഡി ലൈറ്റുകളുള്ള ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമാണ് ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. വിശാലമായ എയർ ഇൻടേക്കോടുകൂടിയ പുതുക്കിയ ഫ്രണ്ട് ബമ്പറും ആൾട്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്നുണ്ട്. അങ്ങനെ മൊത്തത്തിൽ ഹാരിയർ, സഫാരി എസ്‌യുവികളിൽ കാണുന്ന സ്റ്റൈലാണ് പ്രീമിയം ഹാച്ച്ബാക്ക് ഇത്തവണ കടംകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാവുന്നു.

എങ്കിലും ഹാച്ച്ബാക്ക് വിഭാഗത്തിൽ ഈയൊരു സ്റ്റൈൽ പിടിച്ചിരിക്കുന്നത് വെറൈറ്റിയായിട്ടുണ്ട്. പിൻവശത്തേക്ക് വന്നാൽ എൽഇഡി ടെയിൽലൈറ്റുകൾ ഒരു സ്ലീക്ക് എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് കണക്റ്റ് ചെയ്‌തിരിക്കുകയാണിപ്പോൾ. റിയർ ബമ്പറും പുതുക്കിയ ഡിസൈൻ സ്വീകരിച്ചിട്ടുണ്ട്. ഇതൊന്നുമല്ല ആളുകളിൽ കൌതുകമുണർത്താൻ പോവുന്ന സംഗതി. പ്രീമിയം എസ്‌യുവികളിൽ മാത്രം കണ്ടുപരിചയിച്ച ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകളാണ് മുഖംമിനുക്കിയെത്തുന്ന ആൾട്രോസിനെ കളറാക്കുന്നത്.
പഴയ മോഡലിൽ നിന്ന് വ്യത്യസ്തനാക്കുന്നത് മുൻവശത്തെ ഡിസൈനാണ്. പഴയ മോഡലിൽ നിന്നുളള ഏറ്റവും പ്രധാന മാറ്റമെന്താണെന്ന് ചോദിച്ചാൽ ഫ്ലഷ് ഡോർ ഹാൻഡിൽ ആണ്. ടാറ്റയുടെ കർവ്വ് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ ഫ്ലഷ് ഡോർ. അത് കൊണ്ട് തന്നെ സെഗ്മെൻ്റിലെ തന്നെ ഏറ്റവും മികച്ച ഫീച്ചറായി ഇത് മാറുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മുൻവശത്ത് പുനർരൂപകൽപ്പന ചെയ്ത എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് ക്ലസ്റ്ററിലേക്ക് സംയോജിപ്പിച്ചിരിക്കുന്ന സ്ലീക്കർ എൽഇഡി ഡിആർഎല്ലുകളാണ് ഇത്തവണത്തെ മെയിൻ ഹൈലൈറ്റ്.

അകത്താണ് ഏറ്റവും മികച്ച മാറ്റം. പഴയതിനെ അപേക്ഷിച്ച് കൂടുതൽ മോഡേൺ പ്രീമിയം ഫീലാണ് കാറിന്റെ അകത്തളത്ത് സമ്മാനിച്ചിരിക്കുന്നത്. ഡിസൈനിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങൾക്ക് തന്നെ മുഖംമിനുക്കിയ മോഡൽ സാക്ഷ്യംവഹിക്കും. ഡാഷ്‌ബോർഡിന് മിനിമലിസ്റ്റിക് സ്റ്റൈലിംഗും സ്ലീക്കർ എയർ വെന്റുകളും ഉള്ള ഒരു പുതിയ ലേഔട്ട് ലഭിക്കുന്നുണ്ട്.
ഹാർമനിൽ നിന്നുള്ള പുതിയ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫുൾ-സ്ക്രീൻ നാവിഗേഷനോടുകൂടിയ 10.2 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 360-ഡിഗ്രി എച്ച്ഡി ക്യാമറ, ടച്ച് അധിഷ്ഠിത ക്ലൈമറ്റ് കൺട്രോളുകൾ, ഇലുമിനേറ്റഡ് ടാറ്റ ലോഗോയുള്ള 2-സ്പോക്ക് സ്റ്റിയറിംഗ് വീൽ, വോയ്‌സ്-ആക്ടിവേറ്റഡ് ഇലക്ട്രിക് സൺറൂഫ്, മെച്ചപ്പെടുത്തിയ ബോൾസ്റ്ററിംഗും കോൺട്രാസ്റ്റ് ഡീറ്റെയിലിംഗുമുള്ള പുതുക്കിയ സീറ്റുകൾ എന്നിവയെല്ലാമാണ് പുതുതായി ആൾട്രോസിലേക്ക് എത്തുക.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോ പെട്രോൾ, ട്വിൻ സിലിണ്ടർ സാങ്കേതികവിദ്യയുള്ള 1.2 ലിറ്റർ പെട്രോൾ-സിഎൻജി ബൈ-ഫ്യൂവൽ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് ആൾട്രോസിന്റെ എഞ്ചിൻ ഓപ്ഷനുകൾ. 5-സ്പൂഡ് മാനുവൽ, 6-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് എന്നിവയായിരിക്കും കാറിലെ ട്രാൻസ്‌മിഷൻ ചോയ്‌സുകൾ. നിലവിൽ 6.65 ലക്ഷം മുതലാണ് വിലയെങ്കിലും പുതുമകളോടെ എത്തുന്ന കാറിന്റെ വിലയും 7 ലക്ഷത്തിൽ താഴെയായിരിക്കും ആരംഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








