എല്ലാരും കൂട്ടിക്കോട്ടെ, നെക്‌സോണിന്റെ വില കുറക്കുകയാണെന്ന് ടാറ്റ! ഷോറൂമില്‍ ഇനി വരി കൂടും
ഇക്കഴിഞ്ഞ ദിവസമാണ് ടാറ്റ മോട്ടോര്‍സ് ജനപ്രിയ സബ് കോംപാക്ട് എസ്‌യുവിയായ നെക്സോണിന് 2025 മോഡല്‍ ഇയര്‍ അപ്ഡേറ്റ് സമ്മാനിച്ചത്. റോയല്‍ ബ്ലൂ, ക്രോസ്ലാന്‍ഡ് ബീജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകള്‍ അവതരിപ്പിച്ചപ്പോള്‍ ഫിയര്‍ലെസ് പര്‍പ്പിള്‍ ഷേഡ് നിര്‍ത്തലാക്കി. നെക്സോണ്‍ ലൈനപ്പിലേക്ക് പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ് PS (പനോരമിക് സണ്‍റൂഫ്) എന്നിങ്ങനെ പുതിയ മൂന്ന് വേരിയന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ പുതിയ നെക്‌സോണിന്റെ മുഴുവന്‍ വില വിവരപ്പട്ടിക പുറത്തുവന്നിട്ടുണ്ട്. ചില വേരിയന്റുകള്‍ക്ക് കൂടിയപ്പോള്‍ ചിലതിന് വില കുറഞ്ഞിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 2025 ടാറ്റ നെക്‌സോണിന്റെ വിലകള്‍ ചുവടെ വിശദമായി നോക്കാം.
8 ലക്ഷം രൂപ മുതലാണ് 2025 നെക്‌സോണിന്റെ വില തുടങ്ങുന്നത്. 2025 ടാറ്റ നെക്‌സോണ്‍ സ്മാര്‍ട്+ വേരിയന്റിന് 20,000 രൂപ കൂടി. ഇതില്‍ നിന്ന് പാര്‍സല്‍ ട്രേ ഒഴിവാക്കിയിട്ടുണ്ട്. പാര്‍സല്‍ ട്രേ ഇപ്പോള്‍ ക്രിയേറ്റീവ്+ PS വേരിയന്റില്‍നിന്ന് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ക്രിയേറ്റീവ്, ഫിയര്‍ലെസ് വേരിയന്റുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കിക്കൊണ്ട് ഇവയുടെ വില 20,000 രൂപ മുതല്‍ 30,000 രൂപ വരെ കുറച്ചിട്ടുണ്ട്.

നെക്സോണ്‍ സ്മാര്‍ട്ട് 1.2 വേരിയന്റിന്റെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 7,99,990 രൂപയാണ് ഇതിന്റെ വില. നെക്‌സോണ്‍ സ്മാര്‍ട്+ 1.2 വേരിയന്റിന്റെ വില 20,000 രൂപ കൂടി 8,89,990 രൂപയായി. അതേസമയം സ്മാര്‍ട്+ AMT 1.2 വേരിയന്റിന്റെ വില 10,000 രൂപ വര്‍ധിച്ചിട്ടുണ്ട്. ഇത് ഇപ്പാള്‍ 9,59,990 രൂപ മുടക്കിയാലാണ് വാങ്ങാന്‍ സാധിക്കുക.
നെക്‌സോണ്‍ പ്യുവര്‍+ 1.2, പ്യുവര്‍+ AMT 1.2 എന്നിവയുടെ വിലയില്‍ മാറ്റങ്ങളില്ല. യഥാക്രമം 9,19,990 രൂപയും 9,69,990 രൂപയുമാണ് ഇവയുടെ വില.നെക്‌സോണ്‍ ക്രിയേറ്റീവ് DCA 1.2 പുതിയ വേരിയന്റിന്റെ വില ടാറ്റ 30,000 രൂപ കുറച്ചിട്ടുണ്ട്. ഈ വേരിയന്റ് ഇപ്പോള്‍ 11,09,990 രൂപയ്ക്ക് ലഭ്യമാണ്.

ക്രിയേറ്റീവ്+ PS DCA DT 1.2 വേരിയന്റിനും ഇനി 30,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. ഈ വേരിയന്റിന് ഇപ്പോള്‍ 13,49,990 രൂപയാണ് വില. നെക്‌സോണ്‍ ക്രിയേറ്റീവ് + S AMT 1.2 വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. ഇത് തുടര്‍ന്നും 11,99,990 രൂപക്ക് വാങ്ങാം.
പ്രീമിയം ഫിയര്‍ലെസ്+ PS DCA DK 1.2 ട്രിമ്മിന് ഇനി 10,000 രൂപ കുറച്ച് മുടക്കിയാല്‍ മതി. 12,89,990 രൂപയാണ് പുതിയ വില. അതേസമയം ക്രിയേറ്റീവ്+ PS S DCA 1.2 അതിന്റെ മുന്‍ വിലയായ 11,99,990 രൂപ നിലനിര്‍ത്തുന്നു. ചില വേരിയന്റുകളിലെ വിലവര്‍ധനവ് ഉപഭോക്താക്കളെ അത്ഭുതപ്പെടുത്തിയേക്കാം. എങ്കിലും താങ്ങാനാവുന്ന വിലയും പ്രീമിയം സവിശേഷതകളും സന്തുലിതമാക്കുന്നതില്‍ ടാറ്റ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

വോയ്സ് അസിസ്റ്റഡ് പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകള്‍, പുതിയ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, സബ്വൂഫറുള്ള 9 ജെബിഎല്‍ സ്പീക്കറുകള്‍, ഇ-ഷിഫ്റ്ററും പാഡില്‍ ഷിഫ്റ്ററുകളുള്ള 7-സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്നിവയാണ് എസ്യുവിയുടെ പുതിയ സവിശേഷതകളായി ടാറ്റ മോട്ടോര്‍സ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ 2025 മോഡല്‍ നെക്‌സോണിലേക്ക് മറ്റ് മാറ്റങ്ങളൊന്നും ടാറ്റ നടപ്പിലാക്കിയിട്ടില്ല.
വലിപ്പത്തിന്റെ കാര്യത്തിലും മറ്റ് സവിശേഷതകളിലും 2025 നെക്സോണ്‍ പഴയതിന് സമാനമാണ്. സബ് കോംപാക്റ്റ് എസ്‌യുവിക്ക് മൊത്തത്തില്‍ 3995 mm നീളവും 1804 mm വീതിയും 1620 mm ഉയരവും 2498 mm വീല്‍ബേസുമാണുള്ളത്. എസ്‌യുവിക്ക് 208 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണുള്ളത്.നെക്സോണിന് 16 ഇഞ്ച് വീലുകള്‍ ലഭിക്കുന്നു. താഴ്ന്ന വേരിയന്റുകളില്‍ പ്ലെയിന്‍ സ്റ്റീല്‍ വീലുകളുമായി വരുമ്പോള്‍ ടോപ്പ് എന്‍ഡ് വേരിയന്റുകളില്‍ ഡയമണ്ട് കട്ട് അലോയ് വീലുകളാണ് വാഗ്ദാനം ചെയ്യുന്നത്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോട്രോണ്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് റെവോടോര്‍ക്ക് ഡീസല്‍ എന്നിവയാണ് നെക്‌സോണ്‍ എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്ന എഞ്ചിനുകള്‍. വേരിയന്റിനെ ആശ്രയിച്ച് 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് എഎംടി, 7-സ്പീഡ് DCT ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനാവുക. നെക്‌സോണ്‍ സിഎന്‍ജി ബൈ-ഫ്യുവല്‍ ഓപ്ഷനിലും വാങ്ങാം. കഴിഞ്ഞ വര്‍ഷമാണ് ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി നെക്‌സോണ്‍ സിഎന്‍ജി പുറത്തിറങ്ങിയത്.


Click it and Unblock the Notifications








