5 പേര്‍ക്ക് സുഖയാത്ര, 28 കി.മീ വരേ മൈലേജ്! 4.99 ലക്ഷത്തിന് പുത്തന്‍ കാര്‍ പുറത്തിറക്കി ടാറ്റ
മാരുതിക്ക് മാത്രമല്ല നിലവില്‍ ചെറുകാര്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിനും വലിയ സ്വാധീനമാണുള്ളത്. അതിന് തെളിവാണ് കഴിഞ്ഞ വര്‍ഷത്തെ ബെസ്റ്റ് സെല്ലര്‍ കാര്‍ എന്ന നേട്ടം മൈക്രേ എസ്‌യുവിയായ പഞ്ച് സ്വന്തമാക്കിയത്. പഞ്ച് മാത്രമല്ല ടിയാഗോ എന്ന ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കും സ്ഥിരമായി കമ്പനിക്ക് മികച്ച വില്‍പ്പന നേടിക്കൊടുക്കുന്നുണ്ട്. 2024 ഡിസംബറില്‍ 4852 യൂണിറ്റ് വില്‍പ്പനയുമായി ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടാറ്റ കാറുകളുടെ പട്ടികയില്‍ പഞ്ചിനും നെക്‌സോണിനും പിന്നില്‍ ടിയാഗോ മൂന്നാമതെത്തിയിരുന്നു. വിപണിയില്‍ പ്രസക്തമായി നിലനില്‍ക്കാനും കൂടുതല്‍ ഉപഭോക്താക്കളെ അടുപ്പിക്കാനും കാറുകള്‍ക്ക് അപ്‌ഡേറ്റുകള്‍ അനിവാര്യമാണ്. ടാറ്റ അത് വൃത്തിക്ക് ചെയ്യാറുമുണ്ട്.
ഇപ്പോള്‍ പുത്തന്‍ അപ്‌ഡേറ്റുകളുമായി 2025 ടിയാഗോ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ടാറ്റ ജനപ്രിയ മോഡലിന്റെ അപ്‌ഡേറ്റഡ് പതിപ്പിന്റെ വരവറിയിച്ച് കൊണ്ടുള്ള ഒരു ടീസര്‍ ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചരുന്നു. കാറിന്റെ എക്‌സ്റ്റീരിയറിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു ചിത്രങ്ങള്‍. ടിയാഗോ ഹാച്ച്ബാക്ക് പെട്രോള്‍, ഇലക്ട്രിക് പവര്‍രെടയിന്‍ ഓപ്ഷനുകളില്‍ വാങ്ങാന സാധിക്കും.

ജനുവരി 17 മുതല്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കാന്‍ പോകുന്ന 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് കാര്‍ ടാറ്റ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഏതായാലും സോഷ്യല്‍ മീഡിയ ടീസറില്‍ ടാറ്റ ടിയാഗോയുടെ വില പങ്കുവെച്ചിട്ടുണ്ട്. 2025 ടാറ്റ ടിയാഗോയുടെ ഐസിഇ പതിപ്പിന്റെ വില തുടങ്ങുന്നത് 4.99 ലക്ഷം രൂപ മുതലാണ്. അതേസമയം ടിയാഗോ ഇവിയുടെ വില 7.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.
ടീസര്‍ ചിത്രത്തിലേക്ക് വിശദമായി കടന്നാല്‍ 2025 ടിയാഗോയുടെ സിലൗറ്റ് ഔട്ട്‌ഗോയിംഗ് മോഡലിന് സമാനമാണ്. അലോയ് വീലുകളും ഷാര്‍ക്ക് ഫിന്‍ ആന്റിനയും നിലനിര്‍ത്തിയതായും കാണാം. ഫ്രണ്ട് ഫാസിയ പുതുക്കി പണിതാകും 2025 ടിയാഗോ എത്തുകയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. മാറ്റം വരുത്തിയ ഫ്രണ്ട് ഗ്രില്ലിനൊപ്പം അപ്‌ഡേറ്റ് ചെയ്ത ഫ്രണ്ട് ഫാസിയ കാറിന് ലഭിച്ചേക്കും. എല്‍ഇഡി ഹെഡ്ലാമ്പുകളും ഫ്രണ്ട് ബമ്പറുകളുമടക്കം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 2025 ടിയാഗോ പുത്തന്‍ നിറങ്ങളില്‍ ടാറ്റ വാഗ്ദാനം ചെയ്യും.

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് പുത്തന്‍ ഫീച്ചറുകള്‍ ചേര്‍ത്ത് റിച്ചാക്കും. പുതിയ മെലാഞ്ച് ഫാബ്രിക് അപ്ഹോള്‍സ്റ്ററിക്കൊപ്പം പുത്തന്‍ ഇന്റീരിയര്‍ കളര്‍ ഓപ്ഷന്‍സും നല്‍കും. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്മാര്‍ട്ട് സ്റ്റിയറിംഗ് വീല്‍ എന്നിവയായിരിക്കും പ്രധാന ഫീച്ചര്‍ കൂട്ടിച്ചേര്‍ക്കലുകള്‍. ഉയര്‍ന്ന വേരിയന്റിന് 10.25 ഇഞ്ച് ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചേക്കും. വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുമുണ്ടാകും.
മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നും ഇല്ലാതെയായിരിക്കും പുതിയ ടിയാഗോ എത്തുക. അതേ 1.2-ലിറ്റര്‍ റെവോട്രോണ്‍ എഞ്ചിന്‍ തന്നെയായിരിക്കും കാറിന് തുടര്‍ന്നും തുടിപ്പേകുക. 84 bhp പവറും 113 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്‌സുമായി ജോടിയാക്കാം.

ടിയാഗോയുടെ സിഎന്‍ജി പതിപ്പുകളും വിപണിയിലുണ്ട്. സിഎന്‍ജി മോഡില്‍ എഞ്ചിന്‍ 72 bhp പവറും 95 Nm ടോര്‍ക്കുമാണ് നല്‍കുക. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാന്‍ സാധിക്കുന്ന രണ്ട് സിഎന്‍ജി കാറുകളില്‍ ഒന്നാണ് ടിയാഗോ. കാറിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20.09 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. അതേസമയം സിഎന്‍ജി ഓട്ടോമാറ്റിക്കിന് കിലോഗ്രാമിന് 28.06 കിലോമീറ്ററാണ് ക്ലെയിംഡ് മൈലേജ്.
ടാറ്റ കാറുകള്‍ സുരക്ഷയുടെ കാര്യത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നവയാണ്. ടാറ്റ ടിയാഗോ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ റേറ്റിംഗുള്ള കാര്‍ കൂടിയാണ്. 2025 ടാറ്റ ടിയാഗോയില്‍ ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം എന്നിവ ലഭിക്കും.
ഓട്ടോ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടിപിഎംഎസ്, റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും ഈ കാറില്‍ സജ്ജീകരിക്കും. ടാറ്റയില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ വിലയുള്ള കാര്‍ മാരുതി സുസുക്കി ആള്‍ട്ടോ, റെനോ ക്വിഡ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് എന്നിവയുമായി മത്സരിക്കുന്നു.


Click it and Unblock the Notifications








