സേഫ്റ്റിയാണ് സാറേ ഇവരുടെ മെയിൻ; കിടിലൻ ഫീച്ചറുകളുമായി വോൾവോ XC60 ലോഞ്ച് ചെയ്തു, വില അറിയണ്ടേ
സേഫ്റ്റിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയും വരുത്താത്ത ബ്രാൻഡാണ് വോൾവാ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. ബ്രാൻഡിൻ്റെ എസ്‌യുവി സെഗ്മെൻ്റാണ് ഏറെ പ്രിയപ്പെട്ടത്.അതിൽ തന്നെ ലോകത്താകമാനം 2.7 മില്യൺ യൂണിറ്റുകൾ വിറ്റു പോയ മോഡലാണ് XC60. ആഗോളതലത്തിൽ പുതുക്കിയ മോഡൽ എത്തിയതിന് മാസങ്ങൾക്ക് ശേഷമാണ് ഇപ്പേൾ ഇന്ത്യയിൽ XC60 -യുടെ പുതിയ മോഡൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ മുഖം മിനുക്കലുകളും ഇൻ്റീിയർ കുറച്ച് മാറ്റങ്ങളുമായിട്ടാണ് ഈ മോഡൽ എത്തിയിരിക്കുന്നത്. 71.90 ലക്ഷം രൂപയാണ് വാഹനത്തിൻ്റെ എക്സ്ഷോറൂം വില.
മുൻവശത്തെ മാറ്റങ്ങളിലേക്ക് നോക്കിയാൽ പുതുക്കിയ ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ഡിആർഎല്ലുകൾ എന്നിവയൊക്കെയാണ് വന്നിരിക്കുന്ന മാറ്റങ്ങൾ. പുതിയ അലോയ് വീലുകൾ നൽകിയിരിക്കുന്നതും വാഹനത്തിൻ്റെ ലുക്ക് വർധിപ്പിക്കുന്നു, പ്രധാന മാറ്റങ്ങൾ വാഹനത്തിൻ്റെ ഇൻ്റീരിയറിലാണ്. 11.2 ഇഞ്ച് പോർട്രെയിറ്റ്-ഓറിയന്റഡ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പനോരമിക് സൺറൂഫ്, കൂടുതൽ സുരക്ഷയ്ക്കും സൗകര്യത്തിനുമായി 360 ഡിഗ്രി ക്യാമറയുള്ള വോൾവോയുടെ ഏറ്റവും പുതിയ ADAS സാങ്കേതികവിദ്യ എന്നിവയും ക്യാബിനിൽ ഉണ്ടാകും.

മെക്കാനിക്കലായി മറ്റൊരു മാറ്റവും വഹനത്തിൽ വരുത്തിയിട്ടില്ല. 251 bhp കരുത്തിൽ പരമാവധി 360 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് വാഹനത്തിന്റെ ഹൃദയം. ഈ വർഷം ആദ്യമാണ് XC90 മോഡലിൻ്റെ ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിച്ചത്. 2014-ൽ പുറത്തിറങ്ങിയതിനുശേഷം രണ്ടാം തലമുറ വോൾവോ XC90 എസ്യുവി ലഭിക്കുന്ന രണ്ടാമത്തെ പരിഷ്ക്കാരമണിത്.
വോൾവോയുടെ ഇവി മോഡലുകളിലേക്ക് നോക്കിയാൽ വോൾവോ ഇതുവരെ പുറത്തിറക്കിയ XC40 റീചാർജ്, C40 റീചാർജ് തുടങ്ങിയ രണ്ട് ഇവികളും രാജ്യത്ത് വലിയ വിജയം കണ്ടിരുന്നു. അടുത്തിടെ EX30 ഇവി പൊതുനിരത്തിൽ പരീക്ഷണയോട്ടവും നടത്തിയിരുന്നു. വോൾവോയുടെ ആഗോള ഇലക്ട്രിക് ശ്രേണിയിലെ EC40, EX40 എന്നിവയ്ക്ക് താഴെ സ്ഥാനംപിടിച്ചിരിക്കുന്ന മോഡൽ ബ്രാൻഡിന്റെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്‌യുവിയായി മാറും.

വിലനിർണയം മത്സരാധിഷ്ഠിതമാക്കുന്നതിന് ഇവി പ്രാദേശികമായി അസംബിൾ ചെയ്യാനാണ് സ്വീഡിഷ് വാഹന നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്. ആയതിനാൽ ഏകദേശം 45 ലക്ഷം രൂപയിൽ താഴെ മാത്രമായിരിക്കും പുതിയ വോൾവോ ഇലക്ട്രിക് എസ്‌യുവിക്കായി മുടക്കേണ്ടി വരികയെന്നാണ് നിഗമനം. EX30 ബ്രാൻഡിന്റെ സസ്റ്റെനബിൾ എക്സ്പീരിയൻസ് ആർക്കിടെക്ചർ (SEA) അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര വിപണികളിൽ ഇതിനകം തന്നെ മികച്ച സ്വീകാര്യതയോടെ മോഡൽ വിപണനം ചെയ്യുന്നുമുണ്ട്.
അന്താരാഷ്ട്രതലത്തിൽ എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വരുന്നത്. ഇതിൽ ബേസ് വേരിയന്റുകളിൽ 51 kWh ബാറ്ററിയാവും ലഭ്യമാവുക. സിംഗിൾ ചാർജിൽ 344 കിലോമീറ്റർ ക്ലെയിം ചെയ്യപ്പെടുന്ന റേഞ്ച് ലഭിക്കുകയും LFP കെമിസ്ട്രി സെല്ലുകൾ ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവിയുടെ ഹൈലൈറ്റ്. അതേസമയം കൂടുതൽ റേഞ്ച് ആഗ്രഹിക്കുന്നവർക്ക് NMC സെല്ലുകളുള്ള 69 kWh പായ്ക്കും എസ്‌യുവിയിൽ സ്വന്തമാക്കാം.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വോൾവോ ഓപ്ഷനുകൾ 69 kWh NMC (നിക്കൽ മാംഗനീസ് കൊബാൾട്ട്) ബാറ്ററി പായ്ക്കിലേക്ക് പരിമിതപ്പെടുത്തിയേക്കാമെന്നാണ് വിവരം. റിയർ-വീൽ ഡ്രൈവ്, ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് പതിപ്പുകളും വാഹനത്തിലുണ്ടാവും. ഇലക്ട്രിക് എസ്‌യുവിക്ക് പരമാവധി 427 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതായിരിക്കുമെന്നാണ് കമ്പനി പറയുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








